ഒരു സംരംഭകനാകുക എന്ന ആഗ്രഹത്തോടെ ഒരു ആശയത്തെ മനസ്സിലിട്ട് വളര്‍ത്തുന്ന പലര്‍ക്കും സംരംഭകത്വം ഇന്നും കിട്ടാക്കനിയായി തുടരുകയാണ്. എന്നാല്‍ പെട്ടന്ന് മനസിലുദിച്ചൊരു ആശയത്തെ ഇടം വലം നോക്കാതെ സംരംഭകത്വത്തിന്റെ തലത്തിലേക്ക് വളര്‍ത്താന്‍ മനസുകാണിച്ചവരാകട്ടെ വിജയം കയ്യെത്തിപ്പിടിക്കുന്നു. ഇത്തരത്തിലൊരു കഥയാണ് മലപ്പുറം മാമ്പാട് സ്വദേശിയായ റഹിമിന്റേത്.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ റഹിമിന്റെ വണ്‍ഫൈവ് എന്ന സംരംഭം സൗന്ദര്യത്തിന്റെ പ്രതിഫലനത്തിലൂടെയാണ് വിപണി പിടിക്കുന്നത്. നിസ്സാരമെന്ന് കരുതുന്ന കണ്ണാടികളുടെ നിര്‍മാണത്തിലൂടെയാണ് റഹിം തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയില്‍ നിന്നും സംരംഭകത്വത്തിലേക്ക് എത്തുന്നത്.
പിതാവ് റഷീദ്, മാതാവ് സാബിറ പിന്നെ അഞ്ചു പെങ്ങള്‍മാര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് റഹിം. അതുകൊണ്ട് തന്നെയാണ് പഠനം പൂര്‍ത്തിയായി ഒരു ജോലി ലഭിക്കാന്‍ കാത്തു നില്‍ക്കാതെ തന്നെ വരുമാനത്തിനുള്ള വക കണ്ടെത്താനായി റഹിം ഇറങ്ങിപ്പുറപ്പെട്ടത്. പല സംരംഭകാശയങ്ങളും മനസ്സിലുണ്ടായിരുന്നു എങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോകാനായില്ല. എന്നാല്‍ പിന്മാറാന്‍ റഹിം തയ്യാറല്ലായിരുന്നു. മനസ്സില്‍ ഓരോ പുതിയ ആശയം മൊട്ടിടുമ്പോഴും അതിന്റെ വിപണന സാധ്യതകളെപ്പറ്റി റഹിം പഠിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് കണ്ണാടി ബിസിനസിലേക്ക് എത്തുന്നത്. ചെറുപ്പത്തില്‍ തന്നെ എന്തെകിലും ഒരു പ്രോഡക്റ്റ് നിര്‍മിച്ചു അതൊരു ബ്രാന്‍ഡില്‍ ബിസിനസ് ചെയ്യുക എന്ന തീവ്രമായ ആഗ്രഹത്തെ തുടര്‍ന്ന് ഡിഗ്രി രണ്ടാം വര്‍ഷം തുടക്കം ഇട്ടതാണ് ‘Onefive’ എന്ന ഈ കണ്ണാടി സംരഭം. ഇന്ന് ഏകദേശം 75 യില്‍ പരം കടകളില്‍ലേക്ക് റഹിം തന്റെ കണ്ണാടികള്‍ വില്പനക്കെത്തിക്കുന്നു.
സഹോദരി ഭര്‍ത്താവിന്റെ ഗ്ലാസ് ആന്‍ഡ് അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലെ ഗ്ലാസ് വേസ്റ്റില്‍ നിന്നുമാണ് കണ്ണാടി നിര്‍മാണം എന്ന ആശയം റഹിമിന് ലഭിക്കുന്നത്. വെറുതെ എറിഞ്ഞു കളയുന്ന ഗ്ലാസ് വേസ്റ്റില്‍ നിന്നും കണ്ണാടി നിര്‍മിക്കാമെന്ന് മനസിലായതോടെ സംരംഭത്തിന് തുടക്കമായി. ഗ്ലാസ് കച്ചവടക്കാരില്‍ നിന്നു ശേഖരിക്കുന്ന വേസ്റ്റ് മിറര്‍ ഗ്ലാസുകള്‍ കൃത്യമായ അളവില്‍ മുറിച്ച് ഫ്രെയിമിലാക്കി, വൃത്തിയായി പായ്ക്ക് ചെയ്ത് കടകളിലെത്തിക്കുന്നു. പഠനത്തിനിടയ്ക്കു സമയം ലഭിക്കുന്നതനുസരിച്ചാണ് ഈ ജോലികള്‍ പൂര്‍ത്തിയാക്കുന്നത് എന്നതിലാണ് ഈ സംരംഭകന്റെ വിജയം. സൂപ്പര്‍ മാര്‍ക്കറ്റ്, ഫാന്‍സി ഷോപ്പ്, ജനറല്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പന. ഏകദേശം എഴുപത്തിയഞ്ചോളം കടകളില്‍ വില്‍പനയുണ്ട്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഉല്‍പന്നത്തിന്റെ പരസ്യവും പ്രചരണവും നടത്തുന്നു.
‘onefive’ എന്നത് ബിസിനസ് ന്റെ ബ്രാന്‍ഡ് നെയിം ആണ്. ഞങ്ങള്‍ ആറു പേരാണ്. അഞ്ചു സഹോദരിമാരും പിന്നെ ഞാനും.അതുകൊണ്ട് ആണ് ‘onefive’എന്ന പേര് നല്‍കിയത്.. കോളേജില്‍ നിന്നും ലഭിക്കുന്ന ലീവിന്റെ അടിസ്ഥാനത്തില്‍ ആണ് ബിസിനസ് നടക്കുന്നത്. ഗ്ലാസ് റീടൈലേഴ്‌സില്‍ നിന്നും വേസ്റ്റ് ഗ്ലാസ് ശേഖരിച്ച്, കട്ട് ചെയ്തു. അത് മറ്റിരിയല്‍സ് ഉപയോഗിച്ച് ഫ്രെയിം ചെയ്തു, ബ്രാന്‍ഡ് നല്‍കി, പാക്ക് ചെയ്തു ഫാന്‍സികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളും വഴി വില്‍ക്കുന്നു” റഹിം പറയുന്നു
ബിസിനസുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിലായിരുന്നു ജനിച്ചതെങ്കിലും സംരംഭകനാകുക എന്നതായിരുന്നു റഹിമിന്റെ ചെറുപ്പം മുതല്‍ക്കുള്ള ആഗ്രഹം. M.E.S. മമ്പാട് കോളേജില്‍ പഠിക്കുമ്പോള്‍ എന്‍ട്രപ്രണര്ഷിപ് ക്ലബ്ബില്‍ അംഗമായിരുന്നു.തുടര്‍ന്ന് യുവജനക്ഷേമ ബോര്‍ഡ് കോഴിക്കോട് നടത്തിയ ‘Young etnrepreneurs submit’ പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ നിന്നും ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്നത് സംബന്ധിച്ച ഒരു ദിശാബോധം ഉണ്ടാകുകയും ചെയ്തു.
മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി
ബിസിനസിലെ തുടക്കക്കാരനായത് കൊണ്ട് തന്നെ കണ്ണാടികള്‍ കടമായും വില്‍പന നടത്തുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ 3000 രൂപയുടെയും മറ്റു കടകളില്‍ 1000 രൂപയുടെ വില്പനയാണ് മാക്‌സിമം കൊടുക്കുക. കൂടുതല്‍ ഓര്‍ഡര്‍ ഉണ്ടെങ്കില്‍ നല്‍കാറില്ല. അതിന്റെ ക്യാഷ് മുഴുവന്‍ ആയി അടച്ചാല്‍ മാത്രമേ അടുത്ത ഓര്‍ഡര്‍ സ്വീകരിക്കു. അതുകൊണ്ട് തന്നെ കിട്ടാ കടം വളരെക്കുറവാണ്. നിലവില്‍ മലപ്പുറം ജില്ലയിലെ 75 കടകളിലാണ് വില്‍പന നടക്കുന്നത്. മാമ്പാട്, എടവണ്ണ, നിലമ്പൂര്‍, ചന്തക്കുന്നു, എടക്കര, വഴിക്കടവ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വണ്‍ഫൈവ് വിപണി പിടിച്ചിട്ടുണ്ട്.
”ബിസിനസ് തുടങ്ങട്ടെ എന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ ‘നീ ആദ്യം പഠിക്കാന്‍ നോക്ക്’ എന്നായിരുന്നു ഉപ്പയുടെയും, ഉമ്മയുടെയുംമറുപടി. കൂട്ടുകാരോട് പറഞ്ഞപ്പോള്‍ ‘അതൊന്നും നമുക്ക് പറ്റുന്ന പണി അല്ല, അതിനൊക്കെ നല്ല കാശും കഴിവും വേണം ‘എന്നായിരുന്നു മറുപടി.പക്ഷെ എന്റെ ഒരു ആഗ്രഹം മായിരുന്നു ബിസിനസ് തുടങ്ങുക എന്നത്. അങ്ങനെ ബിസിനസ് തുടങ്ങി എന്ന് മാത്രമല്ല വിജയിച്ചുകാണിക്കുകയും ചെയ്തു. ഇന്ന് അവരൊക്കെ എന്നെ കുറിച്ച് അഭിമാനത്തോടെ പറയാറുണ്ട്. അത് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം” റഹിം പറയുന്നു.
പല വലുപ്പത്തില്‍ ഇപ്പോള്‍ കണ്ണാടി വിപണിയിലെത്തുന്നുണ്ട്. നിലവില്‍ സാധാരണ പായ്ക്കറ്റില്‍ ആണ് വില്‍പന ചെയ്യുന്നത്. പാക്കിംഗില്‍ മാറ്റങ്ങള്‍ വരുത്തണം എന്നതാണ് അടുത്ത ആഗ്രഹം. പ്രൊഡക്ഷനുവേണ്ടി ഒരു ചെറിയ യൂണിറ്റ് തുടങ്ങണം എന്നും റഹിം ആഗ്രഹിക്കുന്നു.ലാഭം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കരുത്. ചെയ്യുന്ന പ്രവര്‍ത്തി സത്യസന്ധമെങ്കില്‍ വരുമാനം തീര്‍ച്ചയായും ലഭിക്കും എന്നാണ് റഹിമിന്റെ അഭിപ്രായം.