BUSINESS OPPORTUNITIES

ന്യൂജെന്‍ സംരംഭങ്ങളുടെ വിജയഫോര്‍മുല!

ആശയത്തിനൊപ്പം മാനേജ് മെന്റ് മികവും കൂടി ഒത്തിണങ്ങിയാല്‍ മാത്രമാണ് ഏതൊരു സംരംഭവും വിജയം കാണൂ എന്ന് ഈ സംരംഭകര്‍ തെളിയിക്കുന്നു

മികച്ച ആശയങ്ങള്‍ മാത്രമാണോ ഒരു സംരംഭത്തിന്റെ വിജയത്തിനുള്ള കാരണം? അല്ലെന്നു തെളിയിക്കുകയാണ് ന്യൂജെന്‍ സംരംഭങ്ങളുടെ വിജയം. ആശയത്തിനൊപ്പം മാനേജ് മെന്റ് മികവും കൂടി ഒത്തിണങ്ങിയാല്‍ മാത്രമാണ് ഏതൊരു സംരംഭവും വിജയം കാണൂ എന്ന് ഈ സംരംഭകര്‍ തെളിയിക്കുന്നു.

Advertisement

സംരംഭകത്വത്തിലേക്ക് ഇറങ്ങിയാല്‍ വിജയപരാജയങ്ങള്‍ ഒരേ പോലെ പ്രതീക്ഷിച്ചുകൊണ്ടാവണം നിക്ഷേപം നടത്തുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും അതിനുള്ള കാരണം ബിസിനസ് ആശയങ്ങള്‍ മാത്രമല്ല. മികച്ച ബിസിനസ് ആശയത്തോടൊപ്പം കരുത്തുറ്റ മാനേജ്മെന്റ് രീതികള്‍, അനുഭവസമ്പത്ത്, മികച്ച ലക്ഷ്യബോധം തുടങ്ങി നിരവധികാര്യങ്ങള്‍ ചേര്‍ന്നുവന്നാല്‍ മാത്രമേ വിജയിക്കുകയുള്ളൂ.അതിനാല്‍ തന്നെ പുതു തലമുറയിലെ സംരംഭകര്‍ പ്രാധാന്യം നല്‍കുന്നത് മറ്റുചില കാര്യങ്ങള്‍ക്കാണ്.

ടെക്നോളജിയുടെ കൂട്ടുപിടിച്ച് ബിസിനസ് വിപുലീകരണം നടത്താനാണ് പുതുതലമുറക്കിഷ്ടം.മാത്രമല്ല, ബിസിനസിന് പ്രൊഫഷണല്‍ സ്വഭാവം നല്‍കുക, റിയലിസ്റ്റിക് ആകുക തുടങ്ങിയ പുത്തന്‍ ചേരുവകള്‍ക്കൊപ്പം തന്റേതായ ഒരു ഐഡന്റിറ്റി ബിസിനസില്‍ കൊണ്ട് വരുന്നതിനായും ഇക്കൂട്ടര്‍ ശ്രമിക്കുന്നു. ഫാമിലി ബിസിനസിന്റെ ടാഗ്ലൈനില്‍ ഒതുങ്ങി നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരല്ല പുതുതലമുറ. ചെറുപ്പം മുതല്‍ ബിസിനസ് കണ്ടും അറിഞ്ഞും വളര്‍ന്നവരായതിനാല്‍ തന്നെ ചുമതലയേറ്റെടുക്കുന്ന അന്ന് മുതല്‍ ബിസിനസിന്റെ അടുത്തഘട്ട വികസനം മാത്രമാണ് ലക്ഷ്യം. വിദേശരാജ്യങ്ങളില്‍ നിന്നും നേടുന്ന ബിസിനസ് വിദ്യാഭ്യാസ ബിരുദങ്ങള്‍ ഇക്കാര്യത്തില്‍ യുവ സംരംഭകര്‍ക്ക് മുതല്‍ക്കൂട്ടാകുന്നു.

വ്യത്യസ്തമായ രീതിയില്‍ എങ്ങനെ ബിസിനസ് ചെയ്യാമെന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്നവരാണ് ഇന്നത്തെ യുവ സംരംഭകര്‍. എന്ത് കാര്യം ചെയ്യുമ്പോഴും അതിന് അതിന്റെതായ ഒരു ഭംഗി വേണം. അതാണ് ഒരു പുതിയ നിക്ഷേപത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം യുവസംരംഭകരുടെ മനസിലേക്ക് എത്തുന്നത്. കുടുംബ ബിസിനസിന്റെ ചുവടുപിടിച്ച് മെയ്യനങ്ങാതെ ബിസിനസ് ടൈക്കൂണ്‍ പട്ടം കയ്യെത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഇന്നത്തെ പുതു തലമുറയില്‍ വളരെ കുറവാണ്.

തന്റേതായ ആശയങ്ങള്‍ ബിസിനസ് വിപുലീകരണത്തിനായി സംഭാവന ചെയ്യുന്നതിനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. അതിപ്പോള്‍ സ്റ്റാര്‍ട്ടപ്പ് ബിസിനസ് ആയാലും ഫാമിലി ബിസിനസ് ആയാലും ഒരുപോലെ തന്നെ. ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സംരംഭകത്വ രംഗത്തും അത്തരത്തിലൊരു മാറ്റം പ്രകടമാകുന്നുണ്ട്. കുടുംബ ബിസിനസിന്റെ പേരിലും പെരുമയിലും സമ്പത്തിലും മയങ്ങാതെ സാഹസികമായ വഴികളിലൂടെ കുടുംബ ബിസിനസിനെ കൂടുതല്‍ ശക്തമാക്കുന്നതിനായി ഒരുങ്ങുന്ന പുതുതലമുറ സംരംഭകര്‍ വ്യത്യസ്തരാകുന്നത് ഇങ്ങനെയെല്ലാമാണ്.

കരുത്തായി ഉന്നത വിദ്യാഭ്യാസം

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു സംരംഭകത്വത്തിന്റെ പിന്നാലെ പോയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിനെയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെയും എല്ലാം മാതൃകകള്‍ മനസില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും ഇടക്കാലത്ത് കണ്ടിരുന്ന പ്രവണത പോലെ, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങുവാന്‍ ഇന്നത്തെ യുവത്വം തയ്യാറല്ല. മികച്ച വിദ്യാഭ്യാസം, മാനേജ്മെന്റ് ബിരുദം, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തതിന്റെ അനുഭവ സമ്പത്ത് തുടങ്ങിയ കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയ ശേഷം മാത്രമാണ് പുതുതലമുറ ബിസിനസിലേക്ക് ഇറങ്ങുന്നതിന് പറ്റി ചിന്തിക്കുന്നത്. അതിപ്പോള്‍ സ്റ്റാര്‍ട്ടപ്പ് ആയാലും കുടുംബ ബിസിനസ് ആയാലും അങ്ങനെ തന്നെ.

പുതിയ തലമുറ ബിസിനസിലേക്ക് കയറുമ്പോള്‍ എപ്പോഴും പ്രശ്നങ്ങള്‍ പതിവാണ്. പലപ്പോഴും പ്രൊഫഷണല്‍ ആയിട്ടായിരിക്കില്ല കുടുംബ ബിസിനസിന്റെ നടത്തിപ്പ്. ചെറിയ രീതിയില്‍ തുടങ്ങി വളര്‍ന്നു വലുതായവയാണ് കുടുംബ ബിസിനസില്‍ ഏറെയും അതിനാല്‍ ബിസിനസില്‍ ഒരു അടക്കും ചിട്ടയും കൊണ്ടുവരിക എന്നതിനായിരിക്കും ആദ്യപ്രാധാന്യം നല്‍കുക. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല.

എന്നിരുന്നാലും കാര്യങ്ങളെ സിസ്റ്റമാറ്റിക് ആയികൊണ്ടുപോകാനുള്ള ശ്രമമാണ് ആദ്യം നടത്തുക. സ്വന്തം ബിസിനസിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുന്‍പായി മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത നേടുന്ന അനുഭവസമ്പത്ത് ഇക്കാര്യത്തില്‍ ഗുണം ചെയ്യും. മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി മറ്റ് ബിസിനസ് ബ്രാന്‍ഡുകളുടെ വിജയം അടുത്തറിയാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ കൂടുതല്‍ ആശയങ്ങള്‍ കൈവശമുണ്ടാകും. എന്നാല്‍ പഠിച്ച കാര്യങ്ങള്‍ എല്ലാം അതെ പടി ഉപയോഗിക്കുക എന്നതും ശരിയായ നടപടിയല്ല. സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥ, നടത്തിപ്പ്, നയങ്ങള്‍ എന്നിവ പഠിച്ച ശേഷം മാത്രമാണ് ആശയങ്ങള്‍ പുതിയ തലത്തിലേക്ക് കൊണ്ട് പോകുക.

ഉറച്ച ലക്ഷ്യം

വിജയിച്ച ന്യൂജെന്‍ സംരംഭങ്ങള്‍ ഏറെയും വിരല്‍ചൂണ്ടുന്നത് ഉറച്ച ലക്ഷ്യബോധത്തിലേക്കാണ്. തുടക്കം മുതല്‍ക്ക്, ബിസിനസ് നടത്തിപ്പിന്റെ ഓരോ ദിവസവും കൈവരിക്കേണ്ട നേട്ടങ്ങളെപ്പറ്റി അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കും. ചെറിയ രീതിയില്‍ ബിസിനസ് നടത്തി നിശ്ചിത വരുമാനം നേടാന്‍ മാത്രം ആഗ്രഹിക്കുന്നവരല്ല ഇന്നത്തെ സംരംഭകര്‍. ആകാശത്തിന് കീഴെ എന്തും കയ്യെത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. രാജ്യാന്തര വിപണിയിലെ താരമാകുക എന്ന ലക്ഷ്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് പലരും ബിസിനസ് തുടങ്ങുന്നത് തന്നെ.

ആകെ നിക്ഷേപം എത്രയോ അത് വര്‍ധിപ്പിക്കുക, ഒപ്പം വരുമാനവും വര്‍ധിപ്പിക്കുക, ഉപഭോക്താക്കളുടെ എണ്ണം പതിനടങ്ങാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ തുടക്കം മുതല്‍ക്കേ മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഇന്നത്തെ സംരംഭകര്‍. ഓരോ അവരസവും കൃത്യമായി വിനിയോഗിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. അതിനായി മികച്ച ടീമിനെ വാര്‍ത്തെടുക്കുന്നു.

ടീം സ്പിരിറ്റ്

ടീം സ്പിരിറ്റ് ഇന്ന് ഏറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മുന്‍കാല സംരംഭകരില്‍ നിന്നും ഇന്നത്തെ കാലത്തെ സംരംഭകരെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം ടീം വര്‍ക്കിന്റെ ശക്തിയാണ്. മുതലാളിത്ത മനോഭാവത്തോടെ കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നവരാണ് മുന്‍കാല സംരംഭകര്‍. സംരംഭകന്റെ ആശയമാണ് എല്ലാത്തിലുമുപരിയായി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ആ ചിന്താഗതിക്ക് മാറ്റം വന്നുകഴിഞ്ഞു. ടീം വര്‍ക്കില്‍ വിശ്വസിക്കുന്നവരാണ് ഇന്നത്തെ സംരംഭകര്‍. അതിനാല്‍ തന്നെ സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ഇവര്‍ക്കാകുന്നു. കൂട്ടുത്തരവാദിത്വത്തില്‍ നടക്കുന്ന ബിസിനസിന്റെ വിജയം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുകൊടുക്കാനും ഇവര്‍ മടിക്കുന്നില്ല.

ബ്രാന്‍ഡ് ബില്‍ഡിംഗ് ഒപ്പത്തിനൊപ്പം

ബിസിനസിന്റെ ആത്യന്തികമായ ലക്ഷ്യം ലാഭം നേടുകയെന്നതാണ് എന്നായിരുന്നു കഴിഞ്ഞ കാലം വരെ ബിസിനസ് വിജയത്തിന്റെ ആപ്തവാക്യം. എന്നാല്‍ ഇന്ന് ആ ചിന്തക്ക് മാറ്റം വന്നിരിക്കുന്നു. ലാഭം നേടുക എന്നത് പ്രധാനം തന്നെയാണ്, എന്നാല്‍ തുല്യ പ്രാധാന്യത്തോടെ തന്നെ ബ്രാന്‍ഡിന്റെ വികസനവും പുതുതലമുറ മുന്നില്‍ കാണുന്നു. നവ മാധ്യമങ്ങള്‍ വഴിയും മറ്റ് സിഎസ്ആര്‍ പദ്ധതികള്‍ വഴിയും ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്നതില്‍ ഇവര്‍ സദാ ജാഗരൂഗരാണ്. ബ്രാന്‍ഡ് വികസനത്തിനായി പ്രത്യേക ഡിപ്പാര്‍മെന്റ് രൂപീകരിക്കുകയും പ്രസ്തുത ടീമിനെ അതിനായി സജ്ജമാക്കുകയും ചെയ്യുന്നു. ഇമേജ് മാര്‍ക്കറ്റിംഗ് എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ബ്രാന്‍ഡ് വികസനം ഇവര്‍ കാണുന്നത്. ബ്രാന്‍ഡ് പേരെടുക്കുന്നതോടെ സെയില്‍സ് വര്‍ധിക്കുകയും അത് വരുമാനത്തില്‍ പ്രകടമാക്കുകയും ചെയ്യുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

സാങ്കേതികവിദ്യയുടെ മികവ്

ബിസിനസ് വികസനത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്നത്തെ തലമുറയിലെ ആളുകള്‍ക്ക് ആദ്യം മനസിലേക്ക് വരിക സാങ്കേതിക വിദ്യയെക്കുറിച്ചാണ്. ടെക്
നോളജിയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. മാത്രമല്ല, സംരംഭത്തിന്റെ വികസനത്തിനായും സാങ്കേതിക വിദ്യയെ തന്നെ ആശ്രയിക്കുന്നു. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്നതിനായി വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ ആരംഭിക്കുക, സോഷ്യല്‍ മീഡിയയില്‍ സജീവമാകുക തുടങ്ങിയ നടപടികളെല്ലാം ഇന്ന് യുവസംരംഭകര്‍ക്കിടയില്‍ സര്‍വസാധാരണമാണ്. സ്ഥാപനത്തില്‍ സാങ്കേതികമായ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ക്ലേശകരമായ സ്ഥാപനങ്ങളില്‍ പോലും അത്തരം മാറ്റാനാണ് നടപ്പിലാക്കിയ വ്യക്തികള്‍ ധാരാളമാണ്. ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും മാറ്റങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വിപണിയില്‍ സജീവമായി എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു മാറ്റം. ഉപഭോക്തൃ നിര വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ മികച്ച ബിസിനസ് കൊണ്ട് വരുന്നതിനും ഇത് സഹായകമാകുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് ഇത്തരത്തില്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ആരംഭിച്ച നിരവധി സംരംഭങ്ങള്‍ കേരളത്തിലുണ്ട്.

തൊഴിലാളികള്‍ക്ക് പൂര്‍ണ സ്വാതന്ത്യം

മുതലാളിത്ത വ്യവസ്ഥിതി പിന്തുടര്‍ന്നുകൊണ്ട് ബിസിനസ് വിജയം നേടുന്നവരല്ല ഇന്നത്തെ സംരംഭകര്‍. ടീം വര്‍ക്കില്‍ വിശ്വസിക്കുന്നതിനാല്‍ തന്നെ, സ്ഥാപനത്തിലെ തൊഴിലാളികളെ കൂടെ നിര്‍ത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ആശയപരമായും പ്രവര്‍ത്തനപരമായും പൂര്‍ണസ്വാതന്ത്ര്യം തൊഴിലാളികള്‍ക്ക് നല്‍കുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് സ്ഥാപനത്തിലെ തൊഴിലാളികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി അവര്‍ മുഖവിലക്കെടുക്കുന്നു.

തൊഴിലാളികള്‍ക്ക് ഒപ്പം അര്‍ഹതപ്പെട്ട സ്വാതന്ത്ര്യം ആഘോഷിക്കുക കൂടി ചെയ്യുന്നവരാണ് ന്യൂജെന്‍ സംരംഭകര്‍. അതിനാല്‍ യാത്രകള്‍ ആസ്വദിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും ഒക്കെയായി ഇവര്‍ സമയം കണ്ടെത്തുന്നു. ഇത്തരത്തിലുള്ള സമീപനം പുതിയ ബിസിനസ് ആശയങ്ങള്‍ ലഭിക്കുന്നതിനും മറ്റും സഹായിക്കുന്നു. തൊഴിലാളികളോട് കൂടുതല്‍ അടുപ്പത്തോടും സ്നേഹത്തോടും കൂടി ഇടപെടുകയും അവരുടെ കൂട്ടത്തിലൊരാളായി നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംരംഭകനോട് അവര്‍ എളുപ്പത്തില്‍ അടുക്കുന്നു. പുതുതലമുറ സംരംഭകരുടെ വിജയഫോര്‍മുലയുടെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണിത്.

വീടും ഓഫീസും രണ്ടും രണ്ടാണ്

ദിവസത്തിന്റെ സിംഹഭാഗവും ബിസിനസ് ചിന്തകള്‍ക്കായി മാറ്റി വച്ച് ജീവിക്കുന്ന സംരംഭകരുടെ കാലം കഴിഞ്ഞു. ബിസിനസ് ചിന്തകള്‍ ഒരിക്കലും വീട്ടിലേക്ക് എത്തിക്കാത്ത ആളുകളാണ് യുവ സംരംഭകര്‍. ഇവര്‍ വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും ഒന്നാക്കുന്നില്ല. അതിനാല്‍ തന്നെ വ്യക്തി ജീവിതത്തിലെ നേട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. പഴയകാല സംരംഭകരില്‍ പലര്‍ക്കും പരാജയം നേരിട്ട മേഖലയാണിത്. ബിസിനസിന്റെ തുടക്കത്തില്‍ രാപ്പകലില്ലാതെ ഓഫീസില്‍ സമയം ചെലവഴിക്കുമ്പോള്‍ പലപ്പോഴും വ്യക്തി ജീവിതത്തില്‍ പലവിധ കോട്ടങ്ങളും ഉണ്ടാകുന്നു. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഇന്നത്തെ സംരംഭകര്‍ തയ്യാറല്ല. ഹാര്‍ഡ് വര്‍ക്കിനെക്കാള്‍ സ്മാര്‍ട്ട് വര്‍ക്കിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top