Branding

കൃഷ്ണാസ്; സംശുദ്ധ ഹോം മേഡ് ബ്രാന്‍ഡ്

കെമിക്കലുകള്‍ ചേര്‍ക്കാത്ത ഹെയര്‍ ഓയില്‍ മുതല്‍ ബോഡിവാഷ് വരെ നീളുന്ന അന്‍പതോളം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ് സ് വിഗ്രഹങ്ങളുടെ റസിനുകളും വിപണിയില്‍ എത്തിക്കുന്നു

ഓര്‍ഗാനിക് കോസ്‌മെറ്റിക്‌സ് നിര്‍മാണ മേഖലയില്‍ തന്റേതായ മികവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദു ബാലചന്ദ്രന്‍. വ്യക്തി ജീവിതത്തില്‍ അനുഭവിച്ച മാനസികമായ തിരിച്ചടികളും വിഷാദവും ബിന്ദു ഹരേകൃഷ്ണ എന്നറിയപ്പെടുന്ന ബിന്ദു ബാലചന്ദ്രനെ കരുത്തുറ്റ ഒരു സംരംഭകയാക്കി മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം ആവശ്യത്തിനായി പച്ചമരുന്നുകള്‍ ചേര്‍ത്ത് എണ്ണ നിര്‍മിച്ചതില്‍ നിന്നും തുടങ്ങിയതാണ് ബിന്ദു ബാലചന്ദ്രന്റെ വളര്‍ച്ച. ഇന്ന് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്ട്സ് എന്ന ബ്രാന്‍ഡിലേക്ക് ആ സംരംഭം പടര്‍ന്നുപന്തലിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ അവസ്ഥയെ തരണം ചെയ്യാന്‍ ബിന്ദുവിനെ സഹായിച്ചത് ബിസിനസിലേക്കുള്ള കടന്നുവരവായിരുന്നു.

Advertisement

ബിന്ദു ബാലചന്ദ്രന്‍

അതിനാല്‍ തന്നെ മറ്റൊരു വ്യക്തിക്കും സംരംഭകത്വത്തോട് തോന്നാത്ത തരത്തിലുള്ള വ്യക്തിപരമായ ഒരു അടുപ്പമാണ് ബിന്ദുവിന് തന്റെ ബിസിനസിനോടുള്ളത്. കാരണം ജീവിതത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടത്തെ തരണം ചെയ്യുന്നതിനും വ്യക്തിജീവിതത്തില്‍ ഏറ്റ തിരിച്ചടികളില്‍ തളരാതിരിക്കുന്നതിനും കാരണമായത് ഓര്‍ഗാനിക് ഹെര്‍ബല്‍ കോസ്‌മെറ്റിക് രംഗത്തേക്കുള്ള വരവാണ്.

ബിസിനസ് ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു ഓര്‍ഗാനിക് കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം.”ആദ്യം ഞാന്‍ ചെയ്തിരുന്നത് എഗ്ഗ്‌ലെസ്സ് കേക്കുകളുടെ നിര്‍മാണമായിരുന്നു. അവിടെ നിന്നുമാണ് കോസ്‌മെറ്റിക് ഉല്‍പ്പന്ന നിര്‍മാണ രംഗത്തേക്ക് വരുന്നത്. ഞാന്‍ ജീവിതത്തില്‍ നിര്‍മിച്ച ആദ്യ ഓര്‍ഗാനിക് ഹെര്‍ബല്‍ ഉല്‍പ്പന്നം ഹെയര്‍ ഓയില്‍ ആണ്. എന്റെ ഭര്‍ത്താവില്‍ നിന്നുമാണ് ഞാന്‍ പ്രകൃതിദത്തമായ ചേരുവകളും പച്ചമരുന്നുകളും ചേര്‍ത്ത് എണ്ണ കാച്ചാന്‍ പഠിച്ചത്. അദ്ദേഹത്തിന്‍ന്റെ വീട് കൊട്ടാരക്കരയിലെ കലൈപുരത്തായിരുന്നു. ഔഷധ സസ്യങ്ങളുടെ വലിയ ഒരു തോട്ടം തന്നെ അവിടെയുണ്ട്. തോട്ടത്തില്‍ നിന്നും പച്ചമരുന്നുകള്‍ പറിച്ചെടുത്ത് എണ്ണകാച്ചാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. പിന്നീട്, വ്യക്തി ജീവിതത്തില്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുകയും വിഷാദം മൂലം തലമുടിയൊക്കെ കൊഴിഞ്ഞു മുഖത്ത് കലകള്‍ വീഴുകയും ചെയ്തു. അപ്പോള്‍ എന്റെ മുടി കൊഴിച്ചില്‍ നില്‍ക്കുന്നതിനായാണ് ഞാന്‍ അദ്ദേഹം പണ്ട് പഠിപ്പിച്ചു തന്ന രീതിയില്‍ എണ്ണ കാച്ചി തുടങ്ങിയത്,” ബിന്ദു പറയുന്നു.

എന്നാല്‍ പിന്നീട് താന്‍ പഠിച്ചെടുത്ത എണ്ണക്കൂട്ട് വിപണിയില്‍ എത്തിക്കാന്‍ ബിന്ദു തീരുമാനിക്കുകയായിരുന്നു. കാച്ചിയെടുത്ത എണ്ണ ബിന്ദു ഉപയോഗിക്കുന്നതോടൊപ്പം തന്നെ അടുത്ത സുഹൃത്തുക്കള്‍ക്കും നല്‍കി. ഒരിക്കല്‍ ഉപയോഗിച്ച ശേഷം അവരില്‍ നിന്നും എണ്ണയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സുഹൃത്തുക്കള്‍ നല്‍കിയ ആ ആത്മവിശ്വാസമാണ് ഓര്‍ഗാനിക് ഹെര്‍ബല്‍ ഓയിലിന്റെ നിര്‍മാണത്തിലേക്ക് ബിന്ദുവിനെ വഴിതിരിച്ചു വിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണ ഭൃംഗ എണ്ണ എന്ന പേരിലാണ് ബിന്ദു ഹെര്‍ബല്‍ ഓയില്‍ വിപണിയിലെത്തിച്ചത്. തലമുടി കൊഴിച്ചില്‍, താരന്‍, അകാല നര തുടങ്ങി ഏതൊരു വ്യക്തിയെയും അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിരുന്നു കൃഷ്ണ ഭൃംഗയെന്ന് ബിന്ദു പറയുന്നു. കൃഷ്ണ തുളസി, കറ്റാര്‍ വാഴ, ചെമ്പരത്തി, കീഴാര്‍ നെല്ലി, നെല്ലിക്ക, ത്രിഫല, നീലയമരി, മൈലാഞ്ചി, മുത്തിള്‍, ആര്യ വേപ്പ്, കൈതോന്നി, ബ്രമ്മി, ജടമാനസി, അശ്വഗന്ധ, ഇരട്ടി മധുരം, ആട്ടിന്‍ പാല്‍ മുതലായ 30 ഓളം പച്ചമരുന്നുകള്‍ ചേരുന്നതാണ് ഇതിന്റെ കൂട്ട്.

ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്സ് നിര്‍മാണത്തിലേക്ക്

ഹെയര്‍ ഓയിലിന്റെ വിജയത്തോടെ ഹെര്‍ബല്‍ കോസ്മെറ്റിക്് ഉല്‍പ്പന്നങ്ങളെക്കുറിച്ച് ബിന്ദു കൂടുതല്‍ പഠിച്ചു. വിവിധയിടങ്ങളില്‍ നിന്നും കോസ്മെറ്റിക് നിര്‍മാണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ചെയ്തു. കെമിക്കലുകള്‍ ചേര്‍ത്ത കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ കാലാന്തരത്തില്‍ ചര്‍മം നശിപ്പിക്കും എന്നതിനാലാണ് ഓര്‍ഗാനിക് കോസ്മെറ്റിക് നിര്മാണത്തിലേക്ക് ബിന്ദു കടന്നത്. മുംബൈ നഗരത്തിലെ വിവിധ കോസ്‌മെറ്റിക് ട്രെയ്നിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ക്രീമുകള്‍, ലോഷനുകള്‍, ഷാംപൂകള്‍, കണ്മഷി, ജെല്ലുകള്‍ തുടങ്ങി വിവിധങ്ങളായ വസ്തുക്കളുടെ നിര്‍മാണം പഠിച്ചെടുക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ്സ് എണ്ണ ബ്രാന്‍ഡില്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ ബിന്ദു വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയത്. നിലവില്‍ വിദേശ സര്‍വകലാശാലയില്‍ നിന്നും കോസ്മെറ്റിക് നിര്‍മാണത്തില്‍ ഡിപ്ലോമ ചെയ്യുകയാണ് ബിന്ദു.

വീട്ടില്‍ തന്നെ നിര്‍മാണം

വീടിനോട് ചേര്‍ന്ന് ഒരു മുറി ഉല്‍പ്പന്ന നിര്‍മാണത്തിനായി ഒരുക്കിയായിരുന്നു തുടക്കം. പിന്നീട് എംഎസ്എംഇ ലൈസന്‍സ് നേടിയെടുത്തു. കൃഷ്ണ ഭൃംഗ ഹെയര്‍ ഓയില്‍, കൃഷ്ണ ഭൃംഗ ഷാംപൂ എന്നിവയ്ക്ക് പുറമെ, സോപ്പുകള്‍, ഫെയര്‍നെസ് പാക്ക്, ഓറഞ്ച് ഫെയര്‍നെസ് ഓയില്‍, ലിപ്സ്റ്റിക്ക്, അലോവേര ജെല്‍, വൈറ്റമിന്‍ സി ഗ്ലോ സെറം, കുങ്കുമാദി തൈലം, ഫേസ്വാഷുകള്‍ തുടങ്ങി അന്‍പതിലേറെ ഉല്‍പ്പന്നങ്ങളാണ് കൃഷ്ണാസ് ഹെര്‍ബല്‍ പ്രോഡക്റ്റ്സ് എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്ക് എത്തുന്നത്.ഓരോ ഉല്‍പ്പന്നം ഉണ്ടാക്കുന്നതിനു മുന്‍പും പ്രസ്തുത ഉല്‍പ്പന്നത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ നിര്‍മാണത്തിലേക്ക് കടക്കുകയുള്ളൂ.

”ഏറ്റവും മികച്ച ഉല്‍പ്പന്നം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം അത് കൊണ്ട് തന്നെ ഓരോ മാറ്റവും ഉള്‍ക്കൊണ്ട ഉല്‍പ്പന്നം നിര്‍മിക്കുന്നതിനായി ഈ മേഖലയില്‍ ഞാന്‍ പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയാണ് ഞാന്‍ ഓരോ ഉല്‍പന്നവും നിര്‍മിക്കുന്നത്.” ബിന്ദു പറയുന്നു. കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി പല അസംസ്‌കൃത വസ്തുക്കളും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ബിന്ദു ചെയ്യുന്നത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ വഴിയാണ് കൃഷ്ണാസ് ഹെര്‍ബല്‍ പ്രോഡക്റ്റിസ്ന്റെ വില്‍പന അധികവും നടക്കുന്നത്. ഒരിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവര്‍ പൂര്‍ണ തൃപ്തരാണ് എന്നതും അവര്‍ ഉല്‍പ്പന്നങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നു എന്നത് തന്നെയാണ് തന്റെ ബ്രാന്‍ഡിന്റെ വിജയമെന്നും ബിന്ദു പറയുന്നു.

റസിന്‍ വിഗ്രഹങ്ങളും

ഇപ്പോള്‍ ഓര്‍ഗാനിക് കോസ്മെറ്റിക് ഉല്‍പന്നങ്ങള്‍ക്കൊപ്പം റസിന്‍ വിഗ്രഹങ്ങളും വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇതിനായുള്ള മോള്‍ഡ് മേക്കിംഗ് മുംബൈ നഗരത്തില്‍ നിന്നുമാണ് പഠിച്ചത്. സിന്തറ്റിക് റബര്‍ ഉപയോഗിച്ചാണ് മോള്‍ഡ് നിര്‍മിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് കൂടി വിലയിരുത്തിയാണ് മോള്‍ഡ് നിര്‍മിക്കുന്നത്. ഈ മോള്‍ഡിലേക്ക് റസിന്‍ എന്ന മെറ്റിരിയല്‍ ഒഴിക്കുന്നു. അങ്ങനെയാണ് വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ രംഗനാഥ വിഗ്രഹമാണ് ഉണ്ടാക്കിയത്. നാല് വിഗ്രഹം നിര്‍മിക്കാന്‍ 4 ദിവസം എടുക്കും. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന വിഗ്രഹങ്ങള്‍ക്ക് വലിയ
പിന്തുണ ലഭിച്ചതോടെ കൂടുതല്‍ മോള്‍ഡുകള്‍ നിര്‍മിച്ച് ബിസിനസിലേക്ക് കടക്കുകയായിരുന്നു. പദ്മനാഭ വിഗ്രഹങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത്. ടുഡി വിഗ്രഹങ്ങളും ത്രീഡി വിഗ്രഹങ്ങളും ഇത്തരത്തില്‍ നിര്‍മിക്കുന്നുണ്ട്. ആയിരം രൂപയാണ് ഒരു വിഗ്രഹത്തിനു വില വരുന്നത്. ഗുരുവായൂരപ്പന്‍, മാതാവ്, ഗണപതി തുടങ്ങി നിരവധി വിഗ്രഹങ്ങള്‍ ബിന്ദു ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 95392 99931

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top