BUSINESS OPPORTUNITIES

സാമ്പത്തിക അടിത്തറ; സ്റ്റാര്‍ട്ടപ്പുകളുടെ വിജയം സാമ്പത്തികാസൂത്രണത്തിലൂടെ

ഇന്ന് സ്വന്തത്തെ സ്ഥാപനത്തിലൂടെ വരുമാനം നേടാനാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സംരംഭകത്വ വികസന പദ്ധതികളും മൂലധന വായ്പ പദ്ധതികളുമെല്ലാം സംരംഭക മോഹികള്‍ക്ക് സ്വപ്ന സാക്ഷാത്കാരത്തിനുള്ള വഴിയൊരുക്കുന്നു. എന്നാല്‍ മികച്ച ഒരു ആശയം കയ്യിലുണ്ടെന്ന് കരുതി ഒരിക്കലും ഒരു മികച്ച സംരംഭം നടത്തിക്കൊണ്ടു പോകാന്‍ കഴിയണമെന്നില്ല

ഇത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ കാലമാണ്. വിദ്യാഭ്യാസം കഴിഞ്ഞു വൈറ്റ് കോളര്‍ ജോലിതേടിയലയുന്ന യുവാക്കളുടെ കാലമൊക്കെ പഴങ്കഥയായിത്തുടങ്ങി. ഇന്ന് സ്വന്തത്തെ സ്ഥാപനത്തിലൂടെ വരുമാനം നേടാനാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സംരംഭകത്വ വികസന പദ്ധതികളും മൂലധന വായ്പ പദ്ധതികളുമെല്ലാം സംരംഭക മോഹികള്‍ക്ക് സ്വപ്ന സാക്ഷാത്കാരത്തിനുള്ള വഴിയൊരുക്കുന്നു. എന്നാല്‍ മികച്ച ഒരു ആശയം കയ്യിലുണ്ടെന്ന് കരുതി ഒരിക്കലും ഒരു മികച്ച സംരംഭം നടത്തിക്കൊണ്ടു പോകാന്‍ കഴിയണമെന്നില്ല

Advertisement

സാമ്പത്തിക ഭദ്രതയുള്ള സംരംഭം എന്ന നിലയിലേക്ക് സ്വന്തം സ്ഥാപനത്തെ വളര്‍ത്തുക എന്നതാണ് പ്രധാനം. എന്നാല്‍ തുടക്കത്തില്‍ കാണിക്കുന്ന പല എടുത്തുചാട്ടങ്ങളും ഈ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിക്കുന്നു. സാമ്പത്തിക ഭദ്രതയുള്ള സംരംഭം ഒരു സ്വപ്‌നമല്ല, ഒന്നു മനസ്സുവെച്ചാല്‍ ആര്‍ക്കും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന ഒന്നാണ്. വരവറിഞ്ഞു ചെലവഴിക്കുക എന്നതാണ് ഈ രംഗത്ത് പ്രധാനം. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ബ്രേക്ക് ഈവന്‍ ആകാന്‍ കാലമെടുക്കും എന്നതിനാല്‍ പണം സസൂക്ഷ്മം വിനിയോഗിക്കണം. സാമ്പത്തിക ഭദ്രതയുള്ള സംരംഭത്തിനായി ചില മുന്നൊരുക്കങ്ങളാകാം…

ബിരുദാനന്തര ബിരുദ പഠനം കഴിഞ്ഞ ഉടനെയാണ് കണ്ണൂര്‍ സ്വദേശികളായ ഷിബിന്‍, സത്യന്‍ എന്നിവര്‍ ചേര്‍ന്ന് സ്വന്തം സംരംഭം എന്ന മോഹത്തിന് തുടക്കം കു
റിക്കുന്നത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഷിബിന് സോഫ്റ്റ്‌വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളായിരുന്നു താല്‍പര്യം. എന്നാല്‍ എംബിഎ ബിരുദധാരിയായ സത്യനാകട്ടെ, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ വിനിയോഗിക്കാന്‍ കഴിയുന്ന ഒരു വിപണന ശൃംഖല സ്ഥാപിക്കുന്നതിനോടായിരുന്നു താല്‍പര്യം.

എന്നാല്‍ രണ്ടു പേര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും വേണം. വര്‍ഷങ്ങളായുള്ള പരസ്പര പരിചയമാണ് അതിന് കാരണം. ഒടുവില്‍ ഷിബിന്‍ മുന്നോട്ട് വച്ച നിര്‍ദേശ പ്രകാരം എച്ച് ആര്‍ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു സ്ഥാപനത്തിന് ഇരുവരും ചേര്‍ന്ന് തുടക്കം കുറിച്ചു. തുടക്കത്തില്‍ വീട്ടില്‍ നിന്നും കടമായി വാങ്ങിയ കുറച്ചു തുകയുടെ പിന്‍ബലത്തിലാണ് സഥാപനം മുന്നോട്ട് പോയത്.

എന്നാല്‍ പരിചയമില്ലാത്ത മേഖലയായതിനാല്‍ തന്നെ സത്യന് സ്ഥാപനം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മൂലധനത്തിന്റെ നല്ലൊരു ഭാഗം വിനിയോഗിച്ച് പരസ്യങ്ങള്‍ നല്‍കുകയും കൂടുതല്‍ തൊഴിലാളികളെ വിന്യസിക്കുകയും ചെയ്തു. സ്ഥാപനം പച്ച പിടിച്ചേക്കും എന്ന തോന്നലിലായിരുന്നു വരവ് നോക്കാതെ പണം ചെലവഴിച്ചത്. എന്നാല്‍ വിപണി പിടിച്ചെടുക്കാന്‍ കഴിയാതെ സ്ഥാപനം അടച്ചു പൂട്ടേണ്ടതായി വന്നു. അപ്പോഴേക്കും നല്ലൊരു തുക സാമ്പത്തിക ബാധ്യതയും വന്നു കഴിഞ്ഞിരുന്നു.

മാര്‍ക്കറ്റിംഗ് രംഗത്ത് വന്ന പാളിച്ചയേക്കാള്‍ ഏറെ സ്ഥാപനത്തിന് തിരിച്ചടിയായത് ഫണ്ടിന്റെ ദുര്‍വിനിയോഗം ആയിരുന്നു. കൃത്യമായ ബജറ്റ് പ്ലാനിംഗ്, ശരിയായ അക്കൗണ്ടിംഗ് റെക്കോര്‍ഡുകള്‍ സൂക്ഷിക്കുക, ആവശ്യത്തിന് പ്രവര്‍ത്തന മൂലധനം കരുതുക, തുടങ്ങിയ കാര്യങ്ങളിലൊന്നും സ്ഥാപനം ശ്രദ്ധ ചെലുത്തിയില്ല. അതിന്റെ അനന്തര ഫലമായിരുന്നു സ്ഥാപനത്തിന്റെ പതനം. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് ഫണ്ട് മാനേജ്‌മെന്റ് രംഗത്താണ് എന്ന് പറഞ്ഞുറപ്പിക്കാന്‍ ഇതില്‍പരം ഒരു മാതൃക ആവശ്യമില്ല.

ബജറ്റ് പ്ലാനിംഗ് ആണ് പ്രധാനം

ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളും പ്രവര്‍ത്തനമാരംഭിക്കുക മിതമായ ഫണ്ടിംഗിന്റെ പിന്‍ബലത്തില്‍ ആയിരിക്കും. ഇത് ഒരു പക്ഷേ വായ്പയായി എടുക്കുന്നതു വ്യക്തിഗത സമ്പാദ്യത്തില്‍ നിന്നും മിച്ചം വയ്ക്കുന്നതും ആകാം. എന്ത് തന്നെയാണെങ്കിലും കൈവശമുള്ള തുക മുഴുവനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനാരംഭത്തില്‍ തന്നെ ചെലവഴിക്കുന്നത് ഉചിതമല്ല. കാരണം, ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ച ഉടന്‍ നാം ലാഭം പ്രതീക്ഷിക്കരുത്.

അതിനാല്‍ ഒരു ആറുമാസത്തേക്കുള്ള പ്രവര്‍ത്തനമൂലധനം മാറ്റിവച്ചശേഷം മാത്രമേ സ്ഥാപനം ആരംഭിക്കാവൂ. അതിനാല്‍ തന്നെയാണ് സ്ഥാപനത്തിന്റെ സാമ്പത്തികമായ വിജയത്തിന് ബജറ്റ് അനിവാര്യമാണ് എന്ന് പറയുന്നത്. യഥാര്‍ത്ഥമായതും വിശദമായതുമായ വരവു ചെലവു കണക്കുകള്‍ മനസിലാക്കുന്നതിലൂടെ നിങ്ങളുടെ സംരംഭത്തെ ശരിയായ മാര്‍ഗത്തിലൂടെ നയിക്കാന്‍ നിങ്ങള്‍ക്കാകും. തുടക്കം മുതല്‍ ഒരു മാസം സ്ഥാപനത്തില്‍ ഉണ്ടായേക്കാവുന്ന അടിസ്ഥാന ചെലവുകള്‍ വിലയിരുത്തുക. നിലവില്‍ ലഭ്യമായ ഫണ്ട് എത്രയെന്നും ചെലവുകള്‍ എന്തൊക്കെയെന്നും കൃത്യമായ ബജറ്റ് തയ്യാറാക്കണം. പാഴ്‌ചെലവുകളെ നിയന്ത്രിക്കാന്‍ ഇത്തരം ബജറ്റ് പ്ലാനിംഗ് സഹായിക്കും.

വായ്പകള്‍ക്ക് പരിധിവയ്ക്കുക

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ തീര്‍ച്ചയായും പാലിച്ചിരിക്കേണ്ട ഒരു കാര്യമാണിത്. ഇന്ന് സംരംഭകത്വ വായ്പകള്‍ ലഭിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ നിരവധി ബാങ്കുകള്‍ മിതമായ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വായ്പകള്‍ ലഭ്യമാണ് എന്ന് കരുതി ഒരു പരിധിയില്‍ കൂടുതല്‍ കടം വാങ്ങുന്നത് ശരിയായ നടപടിയല്ല. നിയന്ത്രിതമായ കടം വാങ്ങല്‍ ബിസിനസ് മെച്ചപ്പെടുത്തും, എന്നാല്‍ നിയന്ത്രണം വിട്ടാല്‍ അത് ബിസിനസിനെ തകര്‍ക്കുകയും ചെയ്യും. അതിനാല്‍ വായ്പ എടുക്കുന്നത് എപ്പോള്‍ അവസാനിപ്പിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

അതല്ലെങ്കില്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടിയാണ് ബിസിനസ് ചെയ്യുന്നത് എന്ന സ്ഥിതി വരും. ഓരോ രൂപ വരവ് വരുമ്പോഴും വായ്പ തിരിച്ചടവിനെപ്പറ്റി ചിന്തിക്കണം. എത്രയും വേഗം വായ്പ തീരുന്നുവോ അത്രയും വേഗം നിങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സ്ഥാപനത്തിന്റെ ഉടമയായി മാറുന്നു. വായ്പകള്‍ കൂടുതല്‍ കാലം തുടര്‍ന്ന് പോയാല്‍ വലിയൊരു തുക പലിശയിനത്തില്‍ നല്‍കേണ്ടി വരും.. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല വായ്പയെ ആശ്രയിക്കുന്ന രീതിയും നിര്‍ത്തണം

കാഷ് ഫ്‌ളോ വിലയിരുത്തുക

വരവറിയാതെ ചെലവഴിക്കുക എന്നത് ഒരു സ്ഥാപനത്തിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടുന്ന നടപടിയാണ്. അതിനാല്‍ സ്ഥാപനത്തിനകത്തെത്തുന്ന ഓരോ രൂപയും ഏതെല്ലാം വിധത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്ന് അറിഞ്ഞിരിക്കണം. ഇതിനായി കാഷ് ഫ്‌ളോ വിലയിരുത്താം. എത്ര പണം അകത്തുണ്ട്, എത്ര പുറത്തുണ്ട് എന്ന്് മനസിലാക്കി വേണം സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി കൂടുതല്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍.

ലാഭക്ഷമത പ്രധാനമാണെങ്കിലും കാഷ് ഫ്‌ളോ ശരിയല്ലെങ്കില്‍ അത് സംരംഭത്തിന്റെ അവസാനം എളുപ്പത്തില്‍ സംഭവിക്കും. ലാഭകരമായിട്ടും പൂട്ടിപ്പോയ 60 ശതമാനം ബിസിനസ് സംരംഭങ്ങള്‍ക്കും തിരിച്ചടിയായത് കാഷ് ഫ്‌ളോ ആണ്. കാഷ് ഫ്‌ളോ എത്രയുണ്ടാകുമെന്ന് അത് മുന്‍കൂട്ടി കണക്കാക്കുന്നതും എല്ലാ മാസവും അത് വിലയിരുത്തുന്നതും വളരെ പ്രധാനമാണ്. കാഷ് ഫ്‌ളോയില്‍ ക്രമക്കേടുകള്‍ കണ്ടാല്‍ അത് പിന്നേക്ക് മാറ്റി വയ്ക്കാതെ അപ്പപ്പോള്‍ പരിഹാരം കാണണം.

അക്കൗണ്ടിംഗ് റെക്കോര്‍ഡുകള്‍ കൃത്യമാക്കുക

സ്ഥാപനം ചെറുതോ വലുതോ ആകട്ടെ, സ്ഥാപനത്തിനകത്ത് നടക്കുന്ന ക്രയവിക്രയങ്ങള്‍ എല്ലാം തന്നെ രേഖാമൂലമുള്ളതാകണം. സ്ഥാപനത്തിനകത്തെ പര്‍ച്ചേസ്, സാലറി, കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ എല്ലാക്കാര്യങ്ങള്‍ക്കും കൃത്യമായ കണക്കുണ്ടാകണം. ടാക്‌സുകള്‍ കൃത്യമായി അടക്കുക എന്നതും ഇതിന്റെ ഭാഗമാണ്. അല്‍കൗണ്ടിംഗ് റെക്കോര്‍ഡുകള്‍ ശരിയാണ് എങ്കില്‍ ഭാവിയില്‍ വായ്പകള്‍ നേടാന്‍ എളുപ്പമായിരിക്കും.

അതിനാല്‍ ഓരോ വര്‍ഷവും കൃത്യമായി നികുതി അടക്കുകയും രേഖകള്‍ സൂക്ഷിക്കുകയും ചെയ്യുക. സംരംഭത്തിന് ഭാവി വികസനത്തെ മുന്‍നിര്‍ത്തി ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അക്കൗണ്ടിംഗ് അത്യാവശ്യമാണ്. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചാല്‍ നിയമലംഘനം മൂലമുള്ള പിഴകള്‍ ഒഴിവാക്കാം. സ്ഥാപനത്തിനകത്ത് സ്വന്തമായി ഒരു അകൗണ്ടന്റ് ഇല്ലെങ്കില്‍ കണ്‍സള്‍ട്ടിംഗ് അകൗണ്ടന്റ്‌സിന്റെ സഹായം തേടാം.

ക്രയവിക്രയങ്ങള്‍ കൃത്യ സമയത്ത്

സ്ഥാപനത്തിനകത്ത് പണമുണ്ടായിട്ട് പേയ്‌മെന്റുകള്‍ വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ല. പണം നല്‍കാനുള്ളവര്‍ക്കും ജീവനക്കാര്‍ക്കും സമയത്തിന് പണം നല്‍കിയില്ലെങ്കില്‍ അത് സ്ഥാപനത്തിന്റെ ഗുഡ്‌വില്ലിനെ ബാധിക്കും. സ്ഥാപനം നഷ്ടത്തിലാണ് എന്ന ചിന്ത ജീവനക്കാരില്‍ ഉടലെടുക്കുന്നതിന് ഇത് കാരണമാകും. ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കുന്നത് ഉല്‍പ്പാദന ക്ഷമതയും അവരുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കും.

ശമ്പളം കൃത്യമായി നല്‍കുന്നുണ്ടെങ്കില്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. സ്ഥാപനത്തിലേക്ക് ഉല്‍പ്പന്നങ്ങള്‍ സപ്ലൈ ചെയ്യുന്ന വ്യക്തികളുടെ പേയ്‌മെന്റും കൃത്യമായി വിതരണം ചെയ്യണം. ചെറുകിട, ഇടത്തരം സംരംഭകരില്‍ ഭൂരിഭാഗം പേരും അങ്ങേയറ്റം ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യമാണിത്. സാമ്പത്തികമായ ബാധ്യതകള്‍ കൃത്യസമയത്ത് തീര്‍ത്തില്ല എങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. അതിനാല്‍ ഈ രംഗത്ത് ഒരു കരുതല്‍ നയം അനിവാര്യമാണ്.

ആവശ്യത്തിന് പ്രവര്‍ത്തന മൂലധനം കരുതുക

ഫണ്ട് മാനേജ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. വായ്പയെടുത്ത പണം മുഴുവനായി തുടക്കത്തില്‍ തന്നെ നിക്ഷേപിക്കരുത്. ബിസിനസ് ഓരോ ദിവസവും നടത്തിക്കൊണ്ടു പോകാനുള്ള പണമാണ് പ്രവര്‍ത്തന മൂലധനം എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അതിനാല്‍ ബിസിനസ് ആരംഭിക്കുമ്പോള്‍ തന്നെ അടുത്ത ആറു മാസത്തേക്കുള്ള പ്രവര്‍ത്തന മൂലധനം കണ്ടുവയ്ക്കണം. സാലറി, വൈദ്യുതി ചെലവ്, വാടക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള തുക നീക്കിയിരുപ്പായി കാണണം.

ബിസിനസ് നടത്തിപ്പിന്റെ കാര്യക്ഷമതയും ഹ്രസ്വകാലത്തേക്കുള്ള സ്ഥിരതയുമൊക്കെ ഇത്തരത്തില്‍ നീക്കി വയ്ക്കുന്ന തുകയെ ആശ്രയിച്ചിരിക്കുന്നു. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം നിങ്ങളുടെ കൈയിലില്ലെങ്കില്‍ നിങ്ങളുടെ ബിസിനസിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാകും. ഫിക്‌സഡ് അസറ്റ് പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഒരിക്കലും പ്രവര്‍ത്തന മൂലധനത്തെ പ്രയോജനപ്പെടുത്തരുത്. പ്രവര്‍ത്തനമൂലധനം തുടക്കത്തില്‍ത്തന്നെ പൂര്‍ണമായി ചെലവഴിക്കാനുള്ള ത്വര ഒഴിവാക്കുക.

കൂട്ടായ പരിശ്രമം

ഫണ്ട് മാനേജ്‌മെന്റ് എന്നത് സംരംഭകന്റെ മാത്രം ഉത്തരവാദിത്വമാണ്. അത് ഒരു കൂട്ടുത്തരവാദിത്വമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അറിവുള്ള ജീവനക്കാര്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാണ്. ബിസിനസില്‍ ശരിയായ തീരുമാനമെടുക്കാനും അതിലൂടെ അവര്‍ക്ക് കഴിഞ്ഞേക്കാം. സംരംഭത്തിന് പൊതുവായ ലക്ഷ്യം നേടാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ടീമിനെ സജ്ജമാക്കണം. സ്ഥാപനത്തിനകത്തെ ചെലവ് ചുരുക്കല്‍ ദൗത്യം ഇത്തരത്തില്‍ കൂട്ടായ പരിശ്രമത്തിലൂടെ നടപ്പിലാക്കേണ്ടതാണ്. പ്രവര്‍ത്തന മൂലധനത്തിനായുള്ള പണം മറ്റു കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന രീതി ഒഴിവാക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top