News

നിലവിലുള്ളതും പുതിയതുമായ ബോട്ടുകളും വള്ളങ്ങളും പൂര്‍ണമായും ഡീസല്‍വിമുക്തമാക്കി വൈദ്യുതീകരിക്കാന്‍ ലോകത്താദ്യമായി വിപ്ലവകരമായ സാങ്കേതികവിദ്യ അവതരിപ്പിച്ച് യെസെന്‍ സസ്റ്റെയ്ന്‍

യെസെന്‍ സസ്റ്റെയ്ന്‍ അവതരിപ്പിക്കുന്ന ഇ-മറൈന്‍ സാങ്കേതികവിദ്യ നിലവിലുള്ളതും പുതിയതുമായ ബോട്ടുകളേയും വള്ളങ്ങളേയും കുറഞ്ഞ ചെലവിലും നിക്ഷേപം വേഗത്തില്‍ തിരിച്ചു പിടിക്കാവുന്ന വിധവും വൈദ്യുതീകരിക്കാന്‍ സഹായിക്കുന്നു. അങ്ങനെ ഡീസലിലുളള ആശ്രയത്വം കുറച്ച് മത്സ്യബന്ധന, വാട്ടര്‍ ടൂറിസം മേഖലകളില്‍ നിന്നുള്ള കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കാനും സഹായിക്കുന്നു

ലോകത്തെ ആദ്യ ക്ലീന്‍ടെക് കമ്പനികളിലൊന്നും 2500-ലേറെ ക്ലീന്‍ടെക് പദ്ധതികള്‍ നടപ്പാക്കിയ സ്ഥാപനവുമായ കൊച്ചിയിലെ യെസെന്‍ സസ്റ്റെയ്ന്‍, നിലവിലുള്ളതും പുതിയതുമായ ബോട്ടുകളും വള്ളങ്ങളും പൂര്‍ണമായും ഡീസല്‍വിമുക്തമാക്കി വൈദ്യുതീകരിക്കാന്‍ വിപ്ലവകരമായ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇ-മറൈന്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് മോഡ്യുലര്‍ കിറ്റുകള്‍ ഉപയോഗിച്ചാണ് കമ്പനി വിപ്ലവകരമായ ഈ പദ്ധതി നടപ്പാക്കുക.

നിലവിലുള്ള ബോട്ടുകളിലേയും വള്ളങ്ങളിലേയും ഡീസല്‍ എന്‍ജിനുകള്‍ മാറ്റി അതിനു പകരം ഘടിപ്പിക്കാവുന്ന (റിട്രോഫിറ്റിംഗ്) സോളാര്‍, ഇലക്ട്രിക് മോഡ്യുലാര്‍ കിറ്റുകള്‍ ലോകത്താദ്യമായാണ് ഒരു സ്ഥാപനം അവതരിപ്പിക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെ യെസെന്‍ സസ്റ്റെയ്ന്‍ സ്ഥാപകനും സിഇഒയുമായ ജോര്‍ജ് മാത്യു പറഞ്ഞു. ഡീസല്‍ തുടങ്ങിയ ജൈവഇന്ധനങ്ങളുടെ ഉപഭോഗം ഒഴിവാക്കുന്നതിലൂടെ ലോകമെങ്ങുമുള്ള ഫിഷറീസ്, ടൂറിസം മേഖലകള്‍ക്ക് ഇ-മറൈന്‍ വന്‍കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.

യെസെന്‍ സസ്റ്റെയ്ന്റെ കൊച്ചിയിലുള്ള കേന്ദ്രത്തിലാണ് ഈ രംഗത്തെ ആഗോള നിര്‍മാണകമ്പനികളായ ഹൈപ്പര്‍ ക്രാഫ്റ്റ്, എല്‍കോ, പോളാരിയം, സിഇടിഎല്‍, എന്‍ആര്‍കാ എന്നിവയുടെ സാങ്കേതികസഹായത്തോടെ ഈ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.

ലോകമെങ്ങും വന്‍തോതില്‍ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറുന്നുണ്ടെങ്കിലും ഒരു പുതിയ ഇലക്ട്രിക് വാഹനം നിര്‍മിക്കുമ്പോള്‍ അത് നിലവിലുള്ള ഐസി-എന്‍ജിന്‍ വാഹനങ്ങളേക്കാള്‍ വലിയ കാര്‍ബണ്‍ ഫുട്പ്രിന്റ് അവശേഷിപ്പിക്കുമെന്ന് ജോര്‍ജ് മാത്യു ചൂണ്ടിക്കാണിച്ചു. പെട്ടെന്ന് പുതിയ വാഹനങ്ങളിലേയ്ക്കു മാറുന്നതിലെ കനത്ത ചെലവാണ് മറ്റൊരു പ്രശ്നം. നിലവിലുള്ള വാഹനങ്ങളുടെ എന്‍ജിന്‍ മാത്രം മാറ്റി പ്രശ്നം പരിഹരിക്കുകയാണ് പ്രധാനം. ഇതു കണക്കിലെടുത്താണ് യെസെന്‍ സസ്റ്റെയ്ന്റെ ഗവേഷണ, വികസന വിഭാഗം പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. നിലവിലുള്ള ബോട്ടുകള്‍ക്ക് ഒരു നിശ്ചിത ആയുസ്സുണ്ട്. അതിനു മുമ്പ് അവ ഉപേക്ഷിക്കുന്നത് അഭിലഷണീയമല്ല. അങ്ങനെ ചെയ്താല്‍ അത് കൂടുതല്‍ കാര്‍ബണ്‍ വികിരണത്തിന് കാരണമാകും, അദ്ദേഹം പറഞ്ഞു.

നിലവില്‍ ആളുകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഗ്യാസ്, സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതുപോലെ നിലവിലുള്ള ബോട്ടുകളിലും വള്ളങ്ങളിലും ഫിറ്റു ചെയ്യാവുന്ന പ്രി-എന്‍ജിനിയേഡ് ഇലക്ട്രിഫിക്കേഷന്‍, സോളാരൈസേഷന്‍ കിറ്റുകളാണ് ഇ-മറൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഐസി എന്‍ജിനുകളെ അപേക്ഷിച്ച് ഈ പുതിയ സാങ്കേതികവിദ്യ എളുപ്പത്തില്‍ നിക്ഷേപം തിരിച്ചു പിടിയ്ക്കുന്നതും ചെലവു കുറഞ്ഞുതും വേഗത്തില്‍ സ്ഥാപിക്കാവുന്നതുമാണെന്നും ജോര്‍ജ് മാത്യു വിശദീകരിച്ചു. മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് നിക്ഷേപം തിരിച്ചു പിടിയ്ക്കാം.

ഔട്ട്ബോഡ് എന്‍ജിനുകളുടെ റിട്രോഫിറ്റിംഗ് രണ്ടു മണിക്കൂര്‍ താഴെ സമയം കൊണ്ടും ഇന്‍ബോഡ് എന്‍ജിനുകളുടേത് ഏഴുദിവസത്തിനകവും പൂര്‍ത്തിയാക്കാം. ഐആര്‍എസ് നിബന്ധനകള്‍ക്കനുസൃതമായ ഉയര്‍ന്ന ഗുണനിലവാരവും ഇ-മറൈന്‍ സാങ്കേതികവിദ്യ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി ലിക്വിഡ്-കൂള്‍ഡ് മറൈന്‍ ബാറ്ററി പാക്കുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. കഠിനമായ സാഹചര്യങ്ങളിലും മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും. ജലയാനങ്ങളുടേയും അതിലെ യാത്രക്കാരുടേയും പൂര്‍ണസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ബഹുമുഖ സുരക്ഷാ സംവിധാനങ്ങളും ഈ സാങ്കേതികവിദ്യയുടെ ഭാഗമാണ്.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലിന്റെ സമീപത്തുള്ള കായലില്‍ ഇ-മറൈന്‍ കിറ്റുകള്‍ ഘടിപ്പിച്ച പുതിയതും നിലവിലുള്ളതുമായ ബോട്ടുകള്‍ ഓടിച്ചു കാണിക്കുകയുമുണ്ടായി. 1 എച്ച്പി മുതല്‍ 2000 എച്ച്പി വരെ ശക്തിയുള്ള ഫിഷിംഗ് ബോട്ടുകള്‍, വള്ളങ്ങള്‍, ഹൗസ്ബോട്ടുകള്‍ തുടങ്ങിയവയ്ക്ക് ഇ-മറൈന്‍ കിറ്റുകള്‍ അനുയോജ്യമാണെന്നും ജോര്‍ജ് മാത്യു പറഞ്ഞു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സമുദ്ര ഷിപ്പ് യാഡ്, മാതാ മറൈന്‍സ് എന്നീ ഷിപ്പ് യാഡ് പങ്കാളികളുമായാണ് കമ്പനിയുടെ സഹകരണം. ഇതോടൊപ്പം ദുബായ് കേന്ദ്രീകരിച്ച് മിഡ്ല്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിപണികളിലും വിയറ്റ്നാം കേന്ദ്രീകരിച്ച് ഫാര്‍ ഈസ്റ്റ് വിപണികളിലും സേവനമാരംഭിച്ചു കഴിഞ്ഞു.

ലഭ്യമായ കണക്കുകളനുസരിച്ച് കേരളത്തില്‍ മാത്രം 2.54 ലക്ഷം ഫിഷിംഗ് ബോട്ടുകളും 5000 ഹൗസ്ബോട്ടുകളും ഷിക്കാരകളുമുണ്ടെന്ന് ജോര്‍ജ് മാത്യു ചൂണ്ടിക്കാണിച്ചു. ആഗോള കാര്‍ബണ്‍ ഫുട്പ്രിന്റിന്റെ 2.5%ത്തിനും കാരണമാകുന്നത് ഇവയുള്‍പ്പെടുന്ന മറൈന്‍ മേഖലയാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ പുതിയ ടെക്നോളജി നല്‍കാന്‍ പോകുന്ന പരിസ്ഥിതി സേവനം ഏറെ നിര്‍ണായകമാകും.

സിഒപി26 എന്ന യുഎന്‍ കാലാവസ്ഥാമാറ്റ സമ്മേളന നിബന്ധനകളുടെ പശ്ചാത്തലത്തില്‍ 2022-23 വര്‍ഷം തന്നെ 150 കോടി രൂപ ടേണോവറാണ് യെസെന്‍ സസ്റ്റെയ്ന്‍ ലക്ഷ്യമിടുന്നത്, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 30-50% വാര്‍ഷിക വളര്‍ച്ചയും. ‘റെട്രോഫിറ്റ് വിഭാഗത്തില്‍ ഇപ്പോള്‍ മത്സരമില്ല. അതേ സമയം നല്ല ബിസിനസ് അവസരം എന്നതിനേക്കാള്‍ മാനവരാശിയേയും പരിസ്ഥിതിയേയും സഹായിക്കുന്ന ഒരു വലിയ ചുവടുവെയ്പായാണ് ഇതിനെ കാണുന്നത്,’ അദ്ദേഹം പറഞ്ഞു.

2007ല്‍ നിര്‍മിച്ച സൂര്യ, 2009ലെ സണ്‍റൈഡര്‍, 2015ല്‍ സിഫ്റ്റ്, 2016ല്‍ ഇന്‍ഫ്ളാറ്റബ്ള്‍ ബോട്ട് എന്നീ നാല് സ്വാശ്രയ സോളാര്‍ ഇലക്ട്രിക് ബോട്ടുകള്‍ നിര്‍മിച്ച ഏക ഇന്ത്യന്‍ ക്ലീന്‍ടെക് കമ്പനിയാണ് യെസെന്‍ സസ്റ്റെയ്ന്‍.

കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ഇ-മറൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകനും സിഇഒയുമായ ജോസ് ഡൊമിനിക്, സി-ഡാറ്റ് ജോയിന്റ് ഡയറക്ടര്‍ ജയന്‍ പി പി, എനര്‍ജി ഓഡിറ്റര്‍ ജയരാമന്‍ സി., സമുദ്ര ഷിപ്പ യാഡ് സിഎംഡി ഡോ. ജീവന്‍ സുധാകരന്‍, ലൈഫ് വേ സോളാര്‍ എംഡി ജോര്‍ജുകുട്ടി കരിയമ്പള്ളി, മാതാ മറൈന്‍ സ്ഥാപകനും എംഡിയുമായ ജോയ് ജേക്കബ് എന്നിവരും യെസെന്‍ സസ്റ്റെയ്ന്റെ വനിതകള്‍ മാത്രമുള്‍പ്പെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സാറാ പോള്‍, ജാസ്മിന്‍ തോമസ്, ആന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top