News

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന് ടിഎംഎ മാനേജ്മന്റ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം

രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലെ സ്തുത്യര്‍ഹമായ സേവനവും ഭാവി പദ്ധതികളിലേക്കുള്ള മികച്ച നേതൃത്വവും കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്

ട്രിവാന്‍ഡ്രം മാനേജ്മന്റ് അസോസിയേഷന്റെ 2022 ലെ ലീഡര്‍ഷിപ്പ് അവാര്‍ഡിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിനെ തെരഞ്ഞെടുത്തു.

Advertisement

ടിഎംഎയുടെ മാനേജ്മന്റ് കണ്‍വെന്‍ഷനായ ടിആര്‍ഐഎംഎ 2022 (ട്രൈമ 2022) യുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ് സോമനാഥിന് പുരസ്‌ക്കാരം സമ്മാനിക്കും. ജൂണ്‍ പത്തിന് നഗരത്തിലെ ഓ ബൈ താമര ഹോട്ടലിലാണ് ചടങ്ങ്.

കേന്ദ്ര ബഹിരാകാശവകുപ്പിലെ സെക്രട്ടറി കൂടിയായ എസ് സോമനാഥ് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റ്ംസ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായിരുന്നു. ഐഎസ്ആര്‍ ഒ ചെയര്‍മാനെന്ന നിലയില്‍ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാകുമോയെന്ന അന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നത് അദ്ദേഹമാണ്.

രാജ്യത്തിന്റെ ബഹിരാകാശരംഗത്തിന് ഉദാത്ത സംഭാവനകള്‍ നല്‍കുകയും ഭാവി പരിപാടികള്‍ക്ക് സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പുത്തന്‍ ദിശാബോധം നല്‍കുകയും ചെയ്ത എസ് സോമനാഥിന് പുരസ്‌ക്കാരം സമര്‍പ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടിഎംഎ പ്രസിഡന്റ് രാജേഷ് ഝാ പറഞ്ഞു. അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നതിലൂടെ അവാര്‍ഡിന്റെ തിളക്കം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ എല്‍വിക്ടോ ടെക്‌നോളജീസിനെ ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിന് ഉതകുന്ന സംഭാവനകളാണ് എല്‍വിക്ടോ ടെക്‌നോളജീസ് നല്‍കിയത്. പൊതു പാര്‍ക്കിംഗ് മാനേജ്മന്റിനായുള്ള സാങ്കേതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. വന്‍കിട കോര്‍പറേറ്റുകളുടെ പാര്‍ക്കിംഗ് മാനേജ്മന്റ് മികച്ച രീതിയില്‍ ഇവര്‍ നടത്തി വരുന്നു.

മികച്ച പ്രബന്ധാവതരണത്തിനുള്ള ടിഎംഎ-കിംസ് പുരസ്‌ക്കാരം സിഇടി സ്‌കൂള്‍ ഓഫ് മാനേജ്മന്റിലെ അധീരെജ് ജെ ആര്‍ നായര്‍ക്ക് ലഭിച്ചു. ട്രിവാന്‍ഡ്രം മിഷന്‍ 2030 എന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം. ഡിസി സ്‌കൂള്‍ ഓഫ് മാനേജ്മന്റിലെ ആകാശ് എസ്, അജേഷ് വിഎസ്, സിഇടി സ്‌കൂള്‍ ഓഫ് മാനേജ്മന്റിലെ ഉത്തര നായര്‍, രാഹുല്‍ എ എന്നിവര്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി.

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മാനേജ്മന്റ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത സംഘടനയായ ടിഎം എ 1986 മുതല്‍ മാനേജ്മന്റ് പുരസ്‌ക്കാരം നല്‍കി വരുന്നു. നേതൃപാടവും, മാനേജ്മന്റ് വൈദഗ്ധ്യം, സാമൂഹ്യപ്രതിബദ്ധത എന്നിവ കണക്കിലെടുത്താണ് ഓരോ വര്‍ഷവും പുരസ്‌ക്കാരത്തിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top