News

എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ലാബായി ആലിബൈ ഗ്ലോബല്‍

എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറന്‍സിക് ലാബെന്ന നേട്ടം ഇതോടെ ആലിബൈ ഗ്ലോബലിനു സ്വന്തമായി

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ഫോറന്‍സിക് ലാബായ ആലിബൈ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (എന്‍എബിഎല്‍) അംഗീകാരം. എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറന്‍സിക് ലാബെന്ന നേട്ടം ഇതോടെ ആലിബൈ ഗ്ലോബലിനു സ്വന്തമായി.

Advertisement

പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനകം എന്‍എബിഎല്‍ അംഗീകാരം ലഭിക്കുന്നു എന്ന അപൂര്‍വതയും ആലിബൈയ്ക്കുണ്ട്. രണ്ടു വര്‍ഷത്തേക്കാണ് എന്‍എബിഎല്‍ ഫോറന്‍സിക് ലാബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിബൈ ഗ്ലോബല്‍, സൈബര്‍ ഫോറന്‍സിക് മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മികച്ച ലാബുകളില്‍ ഒന്നാണ്.

എന്‍എബിഎല്‍ അംഗീകൃത ലബോറട്ടറിയായതോടെ ആലിബൈ ഗ്ലോബല്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നതിനൊപ്പം കോടതി നടപടികളില്‍ കൂടുതല്‍ വിശ്വാസയോഗ്യവുമായെന്ന് ആലിബൈയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗാന്ധിമതി ബാലന്‍ പറഞ്ഞു.

സിസിടിവി ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാനാവശ്യമായ ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള സോഫ്റ്റ് വെയറുകളും ഹാര്‍ഡ് വെയറുകളും ആലിബൈയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടന്ന് ആലിബൈയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ വി.കെ. ഭദ്രന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, യുഎസ്ബി സ്റ്റോറേജ്, മൊബൈല്‍ ഫോണ്‍ ഉപകരണങ്ങള്‍ എന്നിവയില്‍ നിന്ന് തെളിവുകള്‍ വേര്‍തിരിച്ചെടുക്കുക, ഹാഷിംഗ് ഉപയോഗിച്ച് ഡിജിറ്റല്‍ തെളിവുകള്‍ ആധികാരികമാക്കുക, കൃത്രിമമായ തെളിവുകള്‍ തിരിച്ചറിയുക, മൊബൈല്‍-കമ്പ്യൂട്ടര്‍ ഉപകരണങ്ങളില്‍ നിന്ന് ഇല്ലാതാക്കിയ ഫയലുകളും ചിത്രങ്ങളും വീണ്ടെടുക്കുക തുടങ്ങിയവ ആലിബൈ ഗ്ലോബലില്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ ഫോറന്‍സിക്കിലെ മികവിന്റെ കേന്ദ്രമായി ആലിബൈയെ മാറ്റുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ട സഹായങ്ങള്‍ കെഎസ് യുഎമ്മില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ആലിബൈ ഗ്ലോബല്‍ സ്ഥാപക ഡയറക്ടര്‍ സൗമ്യ ബാലന്‍ പറഞ്ഞു.

കേരള-തമിഴ്‌നാട് പോലീസ്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, സിഇആര്‍ടി-ഇന്‍, ആന്‍ഡമാന്‍-നിക്കോബാര്‍ പോലീസ്, സി-ഡാക് എന്നിവയ്ക്കു വേണ്ട പരിശീലനം ആലിബൈ നല്‍കുന്നുണ്ട്. നിയമനിര്‍വഹണ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും പിന്തുണ നല്‍കുന്ന ആലിബൈയുടെ സൈബര്‍ ഫോറന്‍സിക് എഞ്ചിനീയര്‍മാരില്‍ 95% സൈബര്‍ ഫോറന്‍സിക്കില്‍ ബിരുദാനന്തര ബിരുദം നേടിയ സ്ത്രീകളാണ്. ഫോറന്‍സിക് എഞ്ചിനീയര്‍മാരാണ് എന്‍എബിഎല്ലിന്റെ നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് വിവിധ ഡിജിറ്റല്‍ ഫോറന്‍സിക് കേസുകളുടെ അന്വേഷണവും വിശകലനവും നടത്തുന്നത്. കേരള സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലാബ് മുന്‍ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.സുനില്‍ എസ്.പി. ആണ് ആലിബൈയുടെ ഓപ്പറേഷന്‍സ് ടീം തലവന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top