കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സമൂഹത്തെ സഹായിക്കുന്ന ലോകത്തെ മികച്ച ആപ്പുകളിലൊന്നായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസസ് വികസിപ്പിച്ച ജിഒകെ ഡയറക്ട്-കേരള തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളാടിസ്ഥാനത്തില്‍ 12 ആപ്പുകളെയാണ് അമേരിക്കയിലെ ആപ് സമുറായി ഇന്‍കോര്‍പേറേറ്റഡ് എന്ന സ്ഥാപനം തെരഞ്ഞെടുത്തത്. ഇവര്‍ക്കെല്ലാവര്‍ക്കും കൂടി രണ്ടു കോടിയോളം രൂപയുടെ ഗ്രാന്റാണ് ലഭിക്കുന്നത്. 3.75 ലക്ഷം രൂപയാണ് ക്യുകോപ്പിക്കു ലഭിക്കുക. ഇന്ത്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ആപ് ആണ് ജിഒകെ ഡയറക്ട്.
കൊവിഡിനൊപ്പം നിപ്പ, പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും കൃത്യമായ വിവരങ്ങളും വസ്തുതകളും ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ജിഒകെ ഡയറക്ട് നടത്തിയ ശ്രമങ്ങളും അവാര്‍ഡ് നേടാന്‍ സഹായകമായി. ഈ സേവനവും മെച്ചപ്പെട്ട സാങ്കേതികവിദ്യയും ഭാവിയില്‍ മികവു തെളിയിക്കാനുള്ള സാധ്യതകളുമാണ് ക്യുകോപ്പിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എളുപ്പം എത്തിക്കുന്ന ആപ് ആയാണ് ജിഒകെ ഡയറക്ട്-നെ ക്യുകോപ്പി വികസിപ്പിച്ചെടുത്തത്. സര്‍ക്കാരിന്റെ അറിയിപ്പുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ക്വാറന്റീന്‍ വിവരങ്ങള്‍, സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, സന്ദര്‍ശകര്‍ പാലിക്കേണ്ട നിബന്ധനകള്‍ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജിഒകെ ഡയറക്ട് ആപ് വഴി ലഭിക്കും.