നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുതകുന്ന നിയമങ്ങള്‍ പാസാക്കിയതിലൂടെ കൊവിഡ് കാലത്തിനു ശേഷമുള്ള നിക്ഷേപ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനു സാധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ശ്രീ ഈ പി ജയരാജന്‍ പറഞ്ഞു. ഈ സാധ്യതകള്‍ സമയബന്ധിതമായി ഉപയോഗപ്പെടുത്തുന്നതിനു ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ചെയര്‍മാനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ വൈസ് ചെയര്‍മാനുമായ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്മന്റ് പ്രൊമോഷന്‍ ടാക്‌സ് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്.
ജനുവരിയില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമമായ അസെന്‍ഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയവരുടെ പ്രതികരണം കേരളത്തില്‍ നിക്ഷേപകര്‍ എത്രമാത്രം വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തു നിന്നുമെത്തിയ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പദ്ധതികളില്‍ 25,000 കോടി രൂപയുടെ 54 പദ്ധതികള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെ ന്ന് മന്ത്രി പറഞ്ഞു. ഭൂമി രജിസ്‌ട്രേഷന്‍, കെട്ടിട അനുമതി, മലിനീകരണ നിയന്ത്രണ തോത്, വൈദ്യുതി-ജല കണക്ഷനുകള്‍ എന്നിവയ്ക്കായുള്ള നിയമങ്ങള്‍ ലഘൂകരിക്കുകയും അതുവഴി നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അസെന്‍ഡ് ഉച്ചകോടിയില്‍ അവതരിപ്പിച്ച 54 പദ്ധതികളില്‍ 703 കോടി രൂപ ചെലവ് വരുന്ന 16 എണ്ണം മൂന്നു മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും. 700 കോടി രൂപ ചെലവ് വരുന്ന 15 പദ്ധതികള്‍ ആറു മാസത്തിനുള്ളിലും 5456.48 കോടി രൂപ ചെലവ് വരുന്ന 23 പദ്ധതികള്‍ ഒരു വര്‍ഷത്തിനുള്ളിലും പ്രാവര്‍ത്തികമാകും. മറ്റ് 61 പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
കേരള ഇന്‍വെസ്റ്റ്മന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018, കേരള മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് ഫെസിലിറ്റേഷന്‍ ആക്ട് 2019, കേരള സിംഗിള്‍ വിന്‍ഡോ ബോര്‍ഡ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡവലപ്മന്റ് (ഭേദഗതി) ആക്ട് 2019 എന്നിവയാണ് ഇതിലേറ്റവും പ്രാധാന്യമുള്ളവ. സുതാര്യവും, സമയവും പണവും ലാഭിക്കുന്നതും, വ്യവസായ സൗഹൃദവുമാണ് ഈ നിയമങ്ങള്‍. അനാവശ്യമായ കര്‍ശന വ്യവസ്ഥകള്‍ പലതും ഒഴിവാക്കിയാണ് ഇതില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ക്ലിയറന്‍സ് വേഗത്തിലും സമയബന്ധിതവുമായി നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ / ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലളിതമാക്കിയിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ ഇളങ്കോവന്‍ അറിയിച്ചു.. ആവര്‍ത്തിച്ചുള്ളതും അനാവശ്യവുമായ ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്താണ് കേരള ഇന്‍വസ്റ്റ്മന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018 എന്ന നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനായി ഈ ഒരു ഏകീകൃത ഇ-പ്ലാറ്റ് ഫോം വഴി സംരംഭകര്‍ക്കുള്ള അപേക്ഷ പ്രക്രിയ ഒരു ഏകീകൃത അപേക്ഷ ഫോമിലൂടെ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
എല്ലാ പ്രധാന കേന്ദ്രങ്ങളിലും അതിവേഗ അനുമതിയ്ക്കായുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ എല്ലാ അനുമതിയും ലഭിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വകുപ്പുകളില്‍ നിന്നുള്ള അനുമതികളും നല്‍കുന്നതിന് ഏകജാലക അനുമതി ബോര്‍ഡിനെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും ഡോ ഇളങ്കോവന്‍ പറഞ്ഞു.
ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ കാര്യത്തില്‍ കൊണ്ടു വന്ന പരിഷ്‌കരണങ്ങള്‍ സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്തു. സാമൂഹ്യ സൂചികയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ തൊഴില്‍വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി വേണ്ടുവോളമുണ്ട്. മികച്ച പ്രവര്‍ത്തന മികവുള്ള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് ഇത് മുതല്‍ക്കൂട്ടാണ്. മികച്ച സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ വാങ്ങിക്കുന്ന നയം സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്. ഇതു കൂടാതെ ഉത്പന്നത്തിന്റെ വികസനത്തിനും വിപണി കണ്ടെത്തുന്നതിനും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കി വരുന്നു. 10 കോടിവരെ നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് എംഎസ്എംഇ ഫെസിലിറ്റേഷന്‍ നിയമം 2019 വഴി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകള്‍ ലഘൂകരിച്ചിട്ടുമുണ്ട്.
ഗതാഗത കേന്ദ്രീകൃതമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍, ഇലക്ട്രോണിക്‌സ്, ഹൈ-ടെക് മേഖല, ടൂറിസം ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണ വ്യവസായങ്ങള്‍, ജലഗതാഗത വികസനം, ഭക്ഷ്യ-സുഗന്ധവ്യഞ്ജന സംസ്‌ക്കരണ യൂണിറ്റുകള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.