റെയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് തെര്‍മല്‍ ക്യാമറകളും ആധുനിക ടിക്കറ്റ് പരിശോധനാ സംവിധാനവും നല്‍കി.
ജിയോജിത്തിന്റെ ജീവകാരുണ്യ സംഘടനയായ ജിയോജിത് ഫൗണ്ടേഷനാണ് സംവിധാനങ്ങള്‍ നല്‍കിയത്. റെയില്‍വേ സ്റ്റേഷന്‍ കവാടത്തിലാണ് യാത്രികരുടെ ശരീരോഷ്മാവ് നിരീക്ഷിക്കുന്ന തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതിലൂടെ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ട്രെയിനുകളില്‍ കയറുന്നില്ലെന്ന് ഉറപ്പുവരുത്താമെന്ന് അധികൃതര്‍ അറിയിച്ചു.
അതുപോലെ തന്നെ ശരീര സ്പര്‍ശമില്ലാതെ ടിക്കറ്റ് പരിശോധിക്കുന്ന സംവിധാനവും നല്‍കി. യാത്രക്കാരനോ ടിക്കറ്റ് പരിശോധകനോ ടിക്കറ്റ് കൈകൊണ്ട് തൊടേണ്ട ആവശ്യം വരുന്നില്ല. ടിക്കറ്റ് കണ്‍ഫേം ചെയ്തതായുള്ള മെസേജിനോടൊപ്പം ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷമാവും യാത്രക്കാരെ ട്രെയിനില്‍ കയറ്റുക.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന്‍, ജിയോജിത് ഫൗണ്ടേഷന്‍ സിഇഒ ജയ ജേക്കബ് അലക്സാണ്ടര്‍, ജിയോജിത് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി രമേഷ് കെപി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.