ലാഭനഷ്ട കണക്കുകളുടേത് മാത്രമാണോ സംരംഭകത്വം. അല്ല, അതിനെ വേണമെങ്കില്‍ കച്ചവടമെന്ന് വിളിക്കാം. അല്ലെങ്കില്‍ സാമ്പത്തിക വ്യവഹാരത്തിന്റെ പല രൂപങ്ങളിലൊന്ന്. കച്ചവടത്തിന് എന്തെങ്കിലും കുറവുണ്ടെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ അതിനേക്കാളും വിശാലാര്‍ത്ഥമാണ് സംരംഭകത്വത്തിനുള്ളത്. അതിലധിഷ്ഠിതമായിരുന്നു ലോകത്തിന്റെ പുരോഗതി. സംരംഭകത്വമെന്നതിനെ ഒരു പ്രത്യയശാസ്ത്രമായി തന്നെ കണക്കാക്കണം. സമൂഹത്തിലെ പലതരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് സംരംഭകത്വം, അങ്ങനെതന്നെയാകണമത്.
ജീവനക്കാരോട് സഹാനുഭൂതി കാണിച്ചില്ലെങ്കില്‍ ഒരു സംരംഭമെന്ന നിലയില്‍ അതിജീവനം അസാധ്യമാണെന്നാണ് ടാറ്റ പറഞ്ഞത്
സംരംഭകര്‍ക്ക് സമൂഹത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഒരു സാധാരണക്കാരനില്ലാത്ത ഉത്തരവാദിത്തവും ബാധ്യതയും അയാള്‍ക്ക്, സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും, ചുറ്റുമുള്ള ലോകത്തോടുണ്ട്. ഈ കെട്ടകാലത്ത് അവരുടെ റോളിന് പകരക്കാരില്ലെന്നതും ഓര്‍ക്കണം.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബിസിനസുകളെല്ലാം ഉടച്ചുവാര്‍ക്കപ്പെടുകയാണ്. ഇതുവരെ നേരിടാത്ത ഒരു കാലത്തെയാണ് ബിസിനസുകള്‍ അഭിമുഖീകരിക്കുന്നത്, അചിന്തനീയമായിരുന്ന പല വെല്ലുവിളികളോടുമാണ് അവര്‍ ഇപ്പോള്‍ അങ്കം വെട്ടുന്നത്. തീര്‍ത്തും ശ്രമകരമായ ദൗത്യമാണത്, പലര്‍ക്കും നിലനില്‍പ്പിനുള്ള പോരാട്ടമായും അത് മാറിയിരിക്കുന്നു.
എന്നാല്‍ വളരെ സാമാന്യവല്‍ക്കരിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ ജീവനക്കാര്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന പല സ്ഥാപനങ്ങളുടെയും മനോഭാവമാണത്. ഒരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുക. അവരുടെ പ്രശ്‌നങ്ങള്‍ കോവിഡിന്റെ പേര് പറഞ്ഞ് അഭിമുഖീകരിക്കാതിരിക്കുക. സ്ഥാപനനടത്തിപ്പുകാരും ഉന്നത നേതൃത്വങ്ങളിലിരിക്കുന്നവരും മാത്രം ബുദ്ധിമാന്മാരും ജീവനക്കാര്‍ എന്തും വിശ്വസിക്കുന്ന ആശയറ്റവരുമാണെന്ന രീതിയില്‍ പെരുമാറുക…ഇങ്ങനെ പോകുന്നു പല സ്ഥാപനങ്ങളിലേയും ശീലങ്ങള്‍.
പ്രതിസന്ധി വരുമ്പോള്‍ തന്നെ ചെലവ് ചുരുക്കലിനുള്ള ആദ്യ പടിയെന്ന നിലയിലാണ് തൊഴില്‍ വെട്ടിച്ചുരുക്കലിനെ പല സ്ഥാപനങ്ങളും കാണുന്നത്. അതിനെ ഒരവസാന ആശ്രയമെന്ന നിലയില്‍ കാണാനുള്ള വിശാലത പല സ്ഥാപനങ്ങള്‍ക്കും ഇതുവരെ വന്നിട്ടില്ല.
ഈ സാഹചര്യത്തിലാണ് രത്തന്‍ ടാറ്റയും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പിലെ പല കമ്പനികളും പ്രസക്തമാകുന്നത്. ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിനെ കുറച്ച് ടാറ്റ എടുത്ത നിലപാട് തന്നെ ശ്രദ്ധേയമാണ്, സ്വാഗതാര്‍ഹവും. ജീവനക്കാരെ കൂടെ നിര്‍ത്തി വേണം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍. ബിസിനസ് വെല്ലുവിളികളെ ജീവനക്കാരുടെ എണ്ണം കുറച്ച് മറികടക്കുകയെന്നത് നല്ല ശീലമല്ല-ഇതായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.
ജീവനക്കാരോട് സഹാനുഭൂതി കാണിച്ചില്ലെങ്കില്‍ ഒരു സംരംഭമെന്ന നിലയില്‍ അതിജീവനം അസാധ്യമാണെന്നാണ് ടാറ്റ പറഞ്ഞത്. പല സ്ഥാപനങ്ങളും അതോര്‍ക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. കമ്പനികള്‍ പൂട്ടിപ്പോകുന്ന അവസ്ഥയുണ്ടാകാം, ശമ്പളം നല്‍കാന്‍ ഫണ്ടില്ലാത്ത അവസ്ഥയുണ്ടാകാം…എന്നാല്‍ ഇത്തരം സാഹചര്യം വരുമ്പോഴേക്കും അതുവരെ കൂടെ നിന്ന ജീവനക്കാരോട് യാതൊരുവിധ സുതാര്യതയും കാണിക്കാതെ പൊടുന്നനെ അവരെ പറഞ്ഞുവിടുന്നതോ, ശമ്പളം പോലും നല്‍കാതിരിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഒരുപാടുണ്ട്.
അതല്ല അവിടെ സ്വീകരിക്കേണ്ട നിലപാട്. മറിച്ച് നിങ്ങളുടെ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ജീവനക്കാരോട് തുറന്ന് പറയാനുള്ള ആര്‍ജവം കാണിക്കുക. എന്നിട്ട് അതിജീവനം അവരെ കൂടി ഉള്‍പ്പെടുത്തി സാധ്യമാണോയെന്ന് പരിശോധിക്കുക. ഇനി പിരിച്ചുവിടലിലേക്ക് കടക്കുകയാണെങ്കില്‍ തന്നെ അത് മാന്യമായി ചെയ്യുക. പലയിടങ്ങളിലും സംഭവിക്കുന്നതു പോലെ ശത്രുതയോ വെറുപ്പോ സമ്പാദിക്കുന്ന രീതിയില്‍ ഈ കെട്ടകാലത്ത് ഒന്നും ചെയ്യാതിരിക്കുക.
നിങ്ങള്‍ക്ക് വേണ്ടി കഠിനമായി ജോലി ചെയ്തവരാണവര്‍. നല്ല കാലത്തിന്റെ ഊര്‍ജം മുഴുവനും ചെലവഴിച്ച് ബിസിനസുകള്‍ കെട്ടിപ്പടുത്തവര്‍
കാരണം നേരത്തെ പറഞ്ഞപോലെ ഇതൊരു അസാധാരണ സാഹചര്യമാണ്. മാനസികമായും സാമ്പത്തികമായും കടുത്ത വെല്ലുവിളികളാണ് ഓരോ മനുഷ്യനും അനുഭവിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് സുരക്ഷിതത്വബോധമില്ലായ്മ ജനങ്ങളില്‍ കൂടിയിരിക്കുന്നത്. സഹകരണത്തിലൂടെയും ഒരുമയിലൂടെയും മാത്രമേ
ഈ സാഹചര്യത്തെ അതിജീവിക്കാന്‍ നമുക്കാകൂ. ആ സമയത്ത് ഏകബുദ്ധിയിലധിഷ്ഠിതമായ, ഏകാധിപത്യപരമായ ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കുക.
നിങ്ങള്‍ക്ക് വേണ്ടി കഠിനമായി ജോലി ചെയ്തവരാണവര്‍. നല്ല കാലത്തിന്റെ ഊര്‍ജം മുഴുവനും ചെലവഴിച്ച് ബിസിനസുകള്‍ കെട്ടിപ്പടുത്തവര്‍. പേമാരി വരുമ്പോള്‍ അവരെ ഒറ്റയ്ക്കിട്ട് പോകുന്നത് ടാറ്റ പറഞ്ഞ പോലെ ധാര്‍മികയിലധിഷ്ഠിതമായ സംരംഭകത്വസംസ്‌കാരമല്ല.
അവര്‍ക്ക് കൈത്താങ്ങാകാന്‍ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കുക. അതാണ് സംരംഭക സമൂഹത്തിന്റെ ഉത്തരവാദിത്തം. ഈ കാലവും കടന്നുപോകും. ഇനി വരാനിരിക്കുന്നത് ബിസിനസുകളുടെ ശുഭ ദിനങ്ങളാകട്ടെയെന്ന പ്രതീക്ഷയോടെയാണ് മീഡിയ ഇന്‍ക് കുടുംബത്തില്‍ നിന്നുള്ള ബിസിനസ് ഡേ ഇ-മാസിക വായനക്കാരിലേക്ക് എത്തുന്നത്. ചെറുകിട സംരംഭകരെ പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് സെപ്റ്റംബര്‍ ലക്കത്തിലേത്.
അഭിപ്രായങ്ങള്‍ അറിയിക്കുക.
മീഡിയ ഇന്‍കിന്റെ ബിസിനസ് ഡേ ഇ-മാസികയുടെ സെപ്റ്റംബര്‍ ലക്കം എഡിറ്റോറിയലായി പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ ലക്കം മാസിക വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
