100 WOMEN ENTREPRENEURS

ഇമ്മിണി ബല്യൊരു ചക്കയില്‍ നിന്നും സംരംഭകത്വത്തിലേക്ക് !

കേരളത്തില്‍ സുലഭമായ ചക്കയില്‍ നിന്നും 150 ല്‍ പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് കോട്ടയം പാലാ ഞാവള്ളില്‍ സ്വദേശിനിയായ ആന്‍സി മാത്യു എന്ന വീട്ടമ്മ സംരംഭകരംഗത്തേക്ക് കടക്കുന്നത്

ചക്ക ഇഷ്‌പ്പെടാത്ത മലയാളികള്‍ ഉണ്ടോ ? കേരളത്തില്‍ സുലഭമായ ചക്കയില്‍ നിന്നും 150 ല്‍ പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് കോട്ടയം പാലാ ഞാവള്ളില്‍ സ്വദേശിനിയായ ആന്‍സി മാത്യു എന്ന വീട്ടമ്മ സംരംഭകരംഗത്തേക്ക് കടക്കുന്നത്. ഏറെ ഇഷ്ടമുള്ള പാചകം എന്ന കലയെ തന്റെ വരുമാനത്തിനുള്ള മാര്‍ഗമാക്കി മാറ്റിയാണ് ആന്‍സി ഈ രംഗത്ത് ശ്രദ്ധ നേടുന്നത്.

Advertisement

പത്തുവര്‍ഷമായി പാചകരംഗത്തുള്ള ആന്‍സി മാത്യു ചക്ക കൊണ്ട് ഉണ്ടാക്കാത്ത വിഭവങ്ങളില്ല. ചക്ക പുട്ട്, ഉപ്പുമാവ്, വട, ബോളി, ലഡു, മിഠായി, ഹല്‍വ, ചപ്പാത്തി, മിക്‌സ്ചര്‍ തുടങ്ങി വ്യത്യസ്ത വിഭവങ്ങള്‍ വ്യത്യസ്ത രുചിഭേദങ്ങളോടെ നിര്‍മിക്കുന്നു. ആന്‍സിയുടെ ചക്കവിഭവങ്ങളുമായുള്ള ചങ്ങാത്തം ഒരു ഹോബി എന്ന നിലക്ക് തുടങ്ങിയതാണ്. പാചകത്തില്‍ ഏറെ താല്പര്യം ഉണ്ടായിരുന്ന ആന്‍സി വെറുതെ സമയം കളയാനാണ് ചക്ക വച്ചുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ രുചികരമായി ഉണ്ടാക്കിയെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടായതോടെ അതിലെ സംരംഭക അവസരമാക്കി വിനിയോഗിക്കുകയായിരുന്നു.

ഇത് ഇന്റര്‍നെറ്റിന്റെ കാലമായതിനാല്‍ ആന്‍സി തന്റെ കൈപ്പുണ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫ്‌ലേവേഴ്‌സ് ഓഫ് ആന്‍സി എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ചക്കകൊണ്ടുള്ള വിഭവങ്ങള്‍ക്കും അല്ലാത്ത വിഭവങ്ങള്‍ക്കും ഇതില്‍ ഒരേ പോലെ പ്രാധാന്യം നല്‍കുന്നു. ചക്ക വിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ അത് ചുള കൊണ്ടുള്ളവ മാത്രമല്ല. ചക്കച്ചുളയ്‌ക്കൊപ്പം ചക്കക്കുരു, ചകിണി, കൂഞ്ഞില്‍, പാട തുടങ്ങിയ എല്ലാ ഭാഗങ്ങളില്‍ നിന്നും ആന്‍സി രുചികരമായ ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട് ആന്‍സി.

ചക്കകൊണ്ട്, സ്‌ക്വാഷ്, ജാം, അച്ചാറുകള്‍, എന്നിവയും നിര്‍മിക്കുന്നുണ്ട്. കൃത്രിമ നിറങ്ങളോ രുചിയോ നല്‍കാതെ സ്വാഭാവിക രീതിയിലാണ് നിര്‍മാണമത്രയും നടത്തുന്നത്. ആധുനിക രീതിയിലുള്ള ഉപകാരങ്ങള്‍ ഒന്നും ഉപയോഗിക്കാതെയാണ് ഈ വീട്ടമ്മയുടെ ചക്ക വിഭവ നിര്‍മാണം.
ചക്കകൊണ്ട് നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക മേളകള്‍ വഴിയാണ് പ്രധാനമായും വിപണനം ചെയ്തു പോകുന്നത്. ചക്ക ഉല്‍പ്പന്ന നിര്‍മാണം മികച്ച വരുമാനം മാര്‍ഗം ആയതോടെ ധാരാളം പേര് നിര്‍മാണം പഠിക്കുന്നതിനായി ആന്‌സിയെ തേടി എത്തുന്നുണ്ട്.ഇത്തരത്തില്‍ തന്നെ തേടി എത്തുന്നവര്‍ക്കായി ക്ളാസുകളും ആന്‍സി നടത്തുന്നുണ്ട്.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും വിവിധ സംഘടനകളുടെയും പരിശീലക കൂടിയാണ് ആന്‍സിയിപ്പോള്‍. മകള്‍ മീരയും അമ്മയ്‌ക്കൊപ്പം പാചകത്തിനുണ്ട്.എല്ലാ വീട്ടമ്മമാര്‍ക്കും മനസ് വച്ചാല്‍ വരുമാനം കണ്ടെത്താനുള്ള മാര്‍ഗം സ്വന്തം പറമ്പില്‍ നിന്ന് തന്നെ ലഭിക്കും എന്നാണ് ആന്‍സിയുടെ പക്ഷം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top