100 WOMEN ENTREPRENEURS

കെട്ട കാലത്ത് കെടാത്ത പ്രതീക്ഷകളുമായി അഞ്ജലി ചന്ദ്രന്‍!

100 Days, 100 Women Entrepreneurs, Day1: അഞ്ജലി ചന്ദ്രന്‍, ഇംപ്രസ

കൈത്തറി വസ്ത്ര വ്യാപാര രംഗത്ത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത മുഖമാണ് കോഴിക്കോട് സ്വദേശിയായ അഞ്ജലി ചന്ദ്രന്റേത്. സോഫ്ട്‌വെയര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ അഞ്ജലി ചന്ദ്രന്‍ കരിയര്‍ പടുത്തുയര്‍ത്താന്‍ കൈത്തറി മേഖല തെരെഞ്ഞെടുത്തതോടെയാണ് ഇംപ്രസയുടെ കഥ ആരംഭിക്കുന്നത്.

മകള്‍ ജനിച്ച ശേഷം കരിയറില്‍ അഞ്ജലി അറിഞ്ഞുകൊണ്ട് വരുത്തിയ മാറ്റമായിരുന്നു അത്. കുഞ്ഞിന് അമ്മയുടെ പരിചരണം ആവശ്യമായ സമയത്ത് അത് നല്‍കുകയും ഒപ്പം തന്റെ കരിയര്‍ വികസിപ്പിക്കുകയും ചെയ്യണം എന്ന സ്വപ്നമാണ് ഇംപ്രസയിലൂടെ അഞ്ജലി യാഥാര്‍ത്ഥ്യമാക്കിയത്. ഒറീസ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നെയ്ത്തുകാരില്‍ നിന്നും നേരിട്ട് കൈത്തറി ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന സ്ഥാപനമാണ് അഞ്ജലിയുടെ ഇംപ്രസ. തുടക്കം ഓണ്‍ലൈന്‍ ബുട്ടീക്കില്‍ നിന്നായിരുന്നു. പിന്നീട് കോഴിക്കോട് ആസ്ഥാനമായി ഷോപ്പുകള്‍ തുറന്നു.

ഏറ്റവും ശുദ്ധമായ കൈത്തറി വസ്ത്രങ്ങളുടെ വിതരണം, ഉപഭോക്താക്കളെയും നെയ്ത്തുകാരെയും ഒരേ പോലെ പരിഗണിച്ചുകൊണ്ടുള്ള വില്‍പ്പന ശൈലി, സാമൂഹിക പ്രതിബദ്ധതയോടെ സംരംഭത്തെ നോക്കിക്കാണുന്ന മനസ്ഥിതി എന്നിവയാണ് മറ്റ് സംരംഭകരില്‍ നിന്നും അഞ്ജലിയെ വ്യത്യസ്തയാക്കുന്നത്. വരുമാനം എന്നതിലുപരിയായി കൈത്തറി മേഖലയുടെ ഉന്നമനം മുന്‍നിര്‍ത്തിയാണ് അഞ്ജലി സ്ഥാപനം ആരംഭിച്ചത്. അതിനാല്‍ തന്നെ കൊറോണ വൈറസ് വ്യാപനമുണ്ടായപ്പോള്‍ ഒറീസയിലും ആന്ധ്രപ്രദേശിലുമുള്ള തന്റെ നെയ്ത്തുകാരെപറ്റിയായിരുന്നു അഞ്ജലിയുടെ ചിന്ത.

തൊഴില്‍ ഇല്ലാത്ത അവസ്ഥയില്‍ നിരാലംബരായ നെയ്ത്തുകാര്‍ അഞ്ജലി താങ്ങി നിര്‍ത്തിയത് ഹാന്‍ഡ്ലൂം ചലഞ്ചിലൂടെയായിരുന്നു.

ഹാന്‍ഡ്ലൂം ചലഞ്ച്

സാധാരണക്കാരായ നെയ്ത്തുകാര്‍ നെയ്തുകൂട്ടിയ പതിനായിരക്കണക്കിന് മീറ്റര്‍ കൈത്തറിത്തുണികളാണ് വീടുകളില്‍ കെട്ടിക്കിടന്നത്. പലര്‍ക്കും ഏക വരുമാനം മാര്‍ഗം എന്നത് തന്നെ നെയ്ത്താണ്. അതിനാല്‍ വില്പന നടന്നാലേ കാര്യമുള്ളൂ. ഇത് മനസിലാക്കിയാണ് അഞ്ജലി ചന്ദ്രന്‍ ഹാന്‍ഡ്ലൂം ചലഞ്ച് മുന്നോട്ട് വച്ചത്.

‘ഈ നെയ്ത്തുകാര്‍ക്കായി 550 രൂപ മാറ്റി വെക്കാന്‍ തയ്യാറാവുമോ’ എന്നാണ് അഞ്ജലി ചോദിക്കുന്നത്.നെയ്ത്തുകാരുടെ കഷ്ടപ്പാടുകള്‍ കണ്ട് അവര്‍ക്ക് ചാരിറ്റി ചെയ്യാന്‍ ആരും തയ്യാറാവേണ്ട, പകരം 550 രൂപ കൊടുത്താല്‍ രണ്ടര മീറ്റര്‍ തുണി ഇംപ്രസ വഴി വാങ്ങാം. ആ പണം നെയ്ത്തുകാരിലേക്കെത്തും.

ഇംപ്രസയുടെ വെബ്‌സൈറ്റിലെ ഹോം പേജിലുള്ള (impresa.in) ഹാന്‍ഡ്‌ലൂം ചലഞ്ച് എന്ന ലിങ്കില്‍ കയറി 550 രൂപ അടച്ചാല്‍ രണ്ടര മീറ്റര്‍ കൈത്തറിത്തുണി ഇന്ത്യ പോസ്റ്റ് വഴി നിങ്ങളുടെ കയ്യിലെത്തിക്കുന്നതാണ്. പുറം രാജ്യങ്ങളിലേക്കും ഇത്തരത്തില്‍ വസ്ത്രങ്ങള്‍ അയക്കാവുന്നതാണ്.

സംരംഭകത്വമെന്നാല്‍ വ്യാപാരം എന്നതിന് മുകളില്‍ വലിയൊരു പ്രത്യയ ശാസ്ത്രമാണ് എന്ന് തെളിയിക്കുകയാണ് അഞ്ജലി ചന്ദ്രന്‍. ചെറിയ സമയത്തിനുള്ളില്‍ വിജയിച്ച ഹാന്‍ഡ്ലൂം ചലഞ്ചിലൂടെ നെയ്ത്തുകാരുടെ മുഖത്ത് പ്രത്യാശയുടെ സന്തോഷം പരത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഞ്ജലി ചന്ദ്രന്‍. അഞ്ജലിയെ പോലെ സാമൂഹിക ഉത്തരവാദിത്വമുള്ള സംരംഭകരെയാണ് നമുക്കാവശ്യം.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top