വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെയാണ് ലോക്ക്ഡൗണില്‍ വികസിപ്പിച്ചെടുത്ത ഹോബി വരുമാനമാക്കി മാറ്റിയ മിടുക്കികളായ ഈ സ്ത്രീകളുടെ കഥ
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉണ്ടായിരുന്ന തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം ഇല്ലാതായ കഥയാണ് ഭൂരിഭാഗം ആളുകള്‍ക്കും പറയാനുള്ളത്. കൂട്ടത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് ഹോബി വരുമാനമാര്‍ഗമാക്കി മാറ്റിയ കഥ പറയുകയാണ് കേരളത്തിലെ വ്യത്യസ്തജില്ലകളില്‍ നിന്നുള്ള മിടുക്കികളായ ഈ സ്ത്രീകള്‍. ഒന്നിനും സമയമില്ലെന്ന് സ്ഥിരം പരാതി പറഞ്ഞിരുന്നവര്‍, ഒന്നും ചെയ്യാനില്ല എന്ന പോലെ സമയം ബാക്കിയായപ്പോള്‍ തങ്ങളുടെ മനസിലെ കലാമോഹങ്ങള്‍ക്ക് ചിറകു മുളപ്പിച്ചു.
അങ്ങനെ പലര്‍ക്കും മണ്ടല പെയിന്റിംഗ് മുതല്‍ എംബ്രോയ്ഡറി മാസ്‌ക് നിര്‍മാണം വരെയുള്ള ഹോബികള്‍ വരുമാനമാര്‍ഗമായി. എറണാകുളം സ്വദേശിനിയായ സഫീന രഘു, കൊടുങ്ങലൂര്‍ സ്വദേശിനിയായ സന്ധ്യാ രാധാകൃഷ്ണന്‍, തൃശ്ശൂര്‍കാരി ഉമ്മു ഹബീബ, മലപ്പുറംകാരി ഷംന കൊളക്കോടന്‍ എന്നിവരാണ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വീട്ടിലിരുന്നുകൊണ്ട് കൊറോണക്കാലത്തും വരുമാനമുണ്ടാക്കി മാതൃകയാകുന്നത്
കൗതുകത്തിന് തുടങ്ങി മണ്ടല സ്‌പെഷ്യലിസ്റ്റ് ആയി

എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ സഫീന രഘു ലോക്ക്ഡൗണ്‍ കാലത്ത് ഒരു കൗതുകത്തിന്റെ പേരിലാണ് സുഹൃത്ത് കാണിച്ചുതന്ന ഡോട്ട് മ?ല പെയിന്റിംഗ് ആരംഭിച്ചത്. വ്യത്യസ്ത വലുപ്പത്തിലുള്ള കുത്തുകളിലൂടെ ഒരു ചിത്രം രചിക്കുന്ന രീതിയാണ് ഡോട്ട് മണ്ടല. ആദ്യം വരച്ച ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചപ്പോള്‍ യുട്യൂബ് നോക്കി കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു. ഒപ്പം ഡോട്ട് മണ്ടല എന്ന ഒരു ആര്‍ട്ട് ഫോമിനെപ്പറ്റി സഫീന കൂടുതല്‍ പഠിച്ചു. ആമസോണില്‍ നിന്നും ഡോട്ട് മണ്ടല ടൂള്‍സ് കൂടി വാങ്ങിയതോടെ ചിത്രങ്ങള്‍ കൂടുതല്‍ മികവുറ്റതായി.
ലോക്ക്ഡൗണില്‍ ഒരു രസത്തിന് മകന്റെ കയ്യിലെ പെയിന്റ് എടുത്ത് വരച്ചു തുടങ്ങിയ സഫീനയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് രഘുവുമെത്തി. അദ്ദേഹം സമ്മാനമായി കൂടുതല്‍ പെയിന്റുകള്‍ വാങ്ങി നല്‍കുകയും നല്ല രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്തതോടെ സഫീനയ്ക്കും ഡോട്ട് മണ്ടല കൂടുതല്‍ പഠിക്കാന്‍ താല്പര്യമായി.
തുടക്കം ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ അനുകരിച്ചുകൊണ്ടാണ് എങ്കിലും ഇപ്പോള്‍ സ്വന്തം ഡിസൈനുകളിലും സഫീന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്
ഇതിനിടയ്ക്ക് തടിയിലും മറ്റും വരച്ച ചില ഡോട്ട് മണ്ടല ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്തിയതോടെ സഫീനയുടെ ഡോട്ട് മണ്ടല പെയിന്റിംഗുകള്‍ക്ക് ഒരു ബിസിനസ് മുഖം കൈവന്നു.
തുടക്കം ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ അനുകരിച്ചുകൊണ്ടാണ് എങ്കിലും ഇപ്പോള്‍ സ്വന്തം ഡിസൈനുകളിലും സഫീന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. മണ്‍ചട്ടികള്‍, കുപ്പികള്‍, കല്ലുകള്‍, മരത്തടികള്‍, കാന്‍വാസുകള്‍, സാരികള്‍ എന്നിവയില്‍ ഡോട്ട് മണ്ടല ചെയ്യാനുള്ള ഓര്‍ഡറുകള്‍ സഫീനയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ ഈ കലയെ വരുമാനമാര്‍ഗമാക്കി മാറ്റുകയാണ് സഫീന. 300 രൂപ മുതല്‍ക്കാണ് ഡോട്ട് മണ്ടല ആര്‍ട്ടുകളുടെ വില ആരംഭിക്കുന്നത്. ചെയ്യുന്ന പ്രതലം, വലുപ്പം എന്നിവ ആശ്രയിച്ച് വിലയും വര്‍ധിക്കും.
‘ഇപ്പോള്‍ അത്യാവശ്യത്തിനു വര്‍ക്കുണ്ട്. ഞാനായിട്ട് കണ്ടെത്തിയ ഒരു പ്രവര്‍ത്തനമേഖലയല്ല. സമയവും സാഹചര്യവും ഒത്തുവന്നപ്പോള്‍ സംഭവിച്ചതാണ്. മണിക്കൂറുകള്‍ ഇരുന്നു വരയ്ക്കാന്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. ഏറെ ഇഷ്ടമുള്ള കാര്യവുമാണ്. അതിനാല്‍ അതില്‍ നിന്നും ഒരു വരുമാനം കൂടി കിട്ടുന്നു എന്ന് പറയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്,’ സഫീന പറയുന്നു.
പഴയ കുപ്പി മുതല്‍ എന്തും സന്ധ്യക്ക് വരുമാനമാര്‍ഗം

കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ സന്ധ്യ രാധാകൃഷ്ണന്‍ ഒരു എച്ച് ആര്‍ പ്രൊഫെഷണല്‍ ആയിരുന്നു. കുഞ്ഞു ജനിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയായി ഒതുങ്ങിയ സന്ധ്യ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ തന്റെ ചിത്രരചനയിലുള്ള കഴിവുകള്‍ ഒരു ക്രാഫ്റ്റ്മാന്‍ മനസോടെ കുപ്പികളില്‍ സമന്വയിപ്പിച്ചു. തുടക്കം ഹോബി എന്ന നിലയ്ക്കായിരുന്നു. എന്നാല്‍ ക്ലേ ഉപയോഗിച്ച് ഉപയോഗ ശൂന്യമായ കുപ്പികളില്‍ ഗണപതിയേയും രാധയെയും കൃഷ്ണനയെയും എല്ലാം
നിര്‍മിച്ച് പെയിന്റ് ചെയ്തതോടെ ആ കലാസൃഷ്ടികള്‍ പണം കൊടുത്ത് വാങ്ങാന്‍ ആവശ്യക്കാരെത്തി. എങ്കില്‍ പിന്നെ വരുമാനത്തിനായി അരക്കൈ നോക്കിക്കളയാം എന്നായി സന്ധ്യ. 500 രൂപ മുതല്‍ 900 രൂപ വരെയാണ് ഒരു ബോട്ടില്‍ ആര്‍ട്ടിന് ഈടാക്കിയിരുന്നത്. ഇതില്‍ കൊറിയര്‍ ചാര്‍ജും ഉള്‍പ്പെടുമായിരുന്നു.
അങ്ങനെ ബോട്ടില്‍ ആര്‍ട്ടുകള്‍ ഹിറ്റായി വന്നപ്പോഴാണ് പണ്ടെങ്ങോ പാതി വഴിയില്‍ ഉപേക്ഷിച്ച എംബ്രോയ്ഡറി പൊടിതട്ടിയെടുക്കാന്‍ സന്ധ്യ തീരുമാനിച്ചത്. ഹൂപ്പും നൂലും വാങ്ങി ആദ്യം പൂക്കളും മറ്റും എംബ്രോയ്ഡറി ചെയ്തു. പിന്നീട് ട്രെന്‍ഡ് എന്ന പോലെ പോര്‍ട്രൈറ്റ് എംബ്രോയ്ഡറികള്‍ ചെയ്ത് തുടങ്ങി.വളരെ ചുരുങ്ങിയ ചെലവില്‍ ചെയ്യാന്‍ കഴിയുന്ന ഒരു കല എന്ന നിലയ്ക്കാണ് എംബ്രോയ്ഡറിയെ സന്ധ്യ സമീപിച്ചത്. പ്രധാന വിപണി ഫേസ്ബുക്ക് തന്നെയായിരുന്നു. എംബ്രോയ്ഡറി ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ ആവശ്യക്കാരെത്തി.
സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും ചിത്രം സന്ധ്യ പോര്‍ട്രൈറ്റ് എംബ്രോയ്ഡറി ചെയ്തതോടെ സംഭവം വൈറലായി. അതോടെ സാന്‍ഡിസ് ക്രാഫ്റ്റ് വേള്‍ഡ് എന്ന സന്ധ്യയുടെ സംരംഭത്തിലേക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ എത്തിത്തുടങ്ങി. ഹൂപ്പുകള്‍ പോര്‍ട്രൈറ്റ് ചെയ്ത ശേഷം ഫ്രെയിം ചെയ്ത് ടാഗ് പിടിപ്പിച്ചാണ് സന്ധ്യ നല്‍കുന്നത്. 1000 രൂപ മുതല്‍ വരുമാനം ഒരു പോര്‍ട്രൈറ്റ് എംബ്രോയ്ഡറിയില്‍ നിന്നും സന്ധ്യക്ക് ലഭിക്കുന്നുണ്ട്.
കുട്ടികള്‍ക്കായി ഉമ്മുവിന്റെ ഡിസൈനര്‍ മാസ്‌ക്

കൊറോണ വൈറസ് വ്യാപനം വന്നതോടെ വിപണി സാധ്യത വര്‍ധിച്ച ഒരു ഉല്‍പ്പന്നമാണ് മാസ്‌കുകള്‍. മാസ്‌കുകള്‍ ധരിക്കാതെ പുറത്തിറങ്ങുക എന്നത് കൊറോണയെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. എന്നാല്‍ മൂക്കും വായും ചുറ്റിക്കെട്ടി മാസ്‌ക് ധരിക്കാന്‍ പലപ്പോഴും കുട്ടികള്‍ വിമുഖത കാണിക്കുന്നു. അച്ഛനമ്മമാര്‍ക്ക് തലവേദനയാകുന്ന ഈ അവസ്ഥയെയാണ് ഉമ്മു ഹബീബ തന്റെ വരുമാനമാര്‍ഗമാക്കി മാറ്റിയത്. എംബ്രോയ്ഡറി ചെയ്യാന്‍ ഏറെ താല്പര്യമുള്ള ഉമ്മു കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ തുന്നിപ്പിടിപ്പിച്ച മാസ്‌കുകള്‍ വിപണിയില്‍ എത്തിച്ചു.
സോഫ്റ്റ് കോട്ടണില്‍ ഹാന്‍ഡ് എംബ്രോയ്ഡറി മാസ്‌കുകളാണ് ഉമ്മുസ് കുട്ടികള്‍ക്കായി നിര്‍മിച്ചത്.ചൂട് കുറയ്ക്കാനും നല്ലത് ഇത് തന്നെയാണ്. പല നിറത്തിലുള്ള സോഫ്റ്റ് കോട്ടണ്‍ മെറ്റിരിയലുകള്‍ ഇതിനായി തെരെഞ്ഞെടുത്തു. ഫേസ്ബുക്കിലൂടെ തുടങ്ങിയ സംഭവം ഹിറ്റായി.ഉമ്മു ഹബീബ ഉമ്മുസ് എന്ന ബ്രാന്‍ഡിലാണ് കുട്ടികള്‍ക്കായുള്ള മാസ്‌കുകള്‍ വിപണിയില്‍ എത്തിച്ചത്.കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ത്രീ ലെയര്‍ മാസ്‌കുകളാണ് ഉമ്മു ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കായുള്ള മാസ്‌കിനു 50 രൂപയും കൊറിയര്‍ ചാര്‍ജ് ആയി 30 രൂപയുമാണ് ഈടാക്കുന്നത്.
കുട്ടികളുടെ മാസ്‌കുകള്‍ വൈറലായതോടെ മുതിര്‍ന്നവരും എംബ്രോയ്ഡറി മാസ്‌കുകള്‍ തേടിയെത്തി. ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കായും പലതരത്തില്‍ എംബ്രോയ്ഡറി ചെയ്ത മാസ്‌കുകള്‍ ഉമ്മു ഹബീബ വിപണിയിലെത്തിക്കുന്നു.
കൊറോണയെ തുന്നി തോല്‍പ്പിക്കുന്ന ഷംന കൊളക്കോടന്‍ !

തുന്നി തോല്‍പ്പിക്കാം കൊറോണയെ എന്ന പേരില്‍ ഒരു ഹാഷ്ടാഗ് ഫേസ്ബുക്കില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എന്നതാണ് സംഭവം എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് മലപ്പുറംകാരി ഷംന കൊളക്കോടന്റെ Knots_and_needles__എന്ന സംരംഭം കണ്ണിലുടക്കുന്നത്. തുന്നി തോല്‍പ്പിക്കാം കൊറോണയെ എന്ന ഹാഷ്ടാഗോടെ ഷംന ആരംഭിച്ച സംരംഭമാണ് Knots_and_needls__.
സൈക്കോ സോഷ്യല്‍ കൗണ്‍സിലറായ ഷംന കൊളക്കോടന്‍ കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗണില്‍ വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണ് വിനോദം എന്ന നിലയ്ക്ക് എംബ്രോയ്ഡറി വര്‍ക്കുകളെ കൂട്ട് പിടിച്ചത്. വീട്ടില്‍ ലഭ്യമായ തുണികളില്‍ പലതരം നൂലുകള്‍ വാങ്ങി വ്യത്യസ്തമായ സ്റ്റിച്ചുകള്‍ തുന്നിപ്പിടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഷംനയുടെ എംബ്രോയ്ഡറികള്‍ ശ്രദ്ധിക്കപ്പെട്ടു. സംഗതി വൈറല്‍ ആയതോടെ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി.
എംബ്രോയ്ഡറി പഠിക്കാന്‍ താല്‍പര്യപ്പെട്ട് ഷംനയെ സമീപിക്കുന്നവര്‍ക്ക് ബിഗിനേഴ്സ് എംബ്രോയ്ഡറി കിറ്റായി തുന്നല്‍ ഉപകരണങ്ങള്‍ ലഭിക്കും. 399 രൂപയാണ് ഒരു പാക്കിന് ഈടാക്കുന്നത്
അപ്പോള്‍ പിന്നെ രണ്ടും കല്‍പ്പിച്ച് ഒരു ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങി. ഫേസ്ബുക്കിനേക്കാള്‍ വേഗത്തിലായിരുന്നു Knots_and_needles__എന്ന ഇന്‍സ്റ്റാഗ്രാം പേജിന്റെ വളര്‍ച്ച. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഷംന പോര്‍ട്രെയ്റ്റുകള്‍ ചെയ്യാന്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ പോര്‍ട്രൈറ്റ് ഷംന ചെയ്തത് ഇത്തരത്തില്‍ വൈറലായി മാറിയിരുന്നു. ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ ‘തുന്നി തോല്‍പ്പിക്കാം കൊറോണയെ’ എന്ന ടാഗില്‍ ഷംന തന്റെ സംരംഭത്തെ ബ്രാന്‍ഡ് ചെയ്യാന്‍ തുടങ്ങി. അതായത് കൊറോണ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ തുന്നി തോല്‍പ്പിക്കാം എന്ന്.
ഹാഷ്ടാഗ് കൂടി വന്നതോടെ സംഗതി കൂടുതല്‍ ക്ലിക്കായി. ആവശ്യക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് ചെയ്യുന്ന പോര്‍ട്രെയ്റ്റുകള്‍ കൂടുതല്‍ പ്രൊഫഷണല്‍ ടച്ചിലേക്ക് മാറ്റി. 700 രൂപ മുതല്‍ 1000 രൂപക്ക് മുകളില്‍ വരെയുള്ള പോര്‍ട്രൈറ്റുകള്‍ സാധാരണയായി ചെയ്യാറുണ്ട്. മാസ്‌കിലും പേഴ്‌സിലും മരത്തടിയിലും വരെ ഞാനിപ്പോള്‍ എംബ്രോയ്ഡറി പരീക്ഷിക്കുന്നുണ്ട്. എപ്പോഴും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തിയാലേ ട്രെന്‍ഡുകള്‍ സൃഷ്ടിച്ച് നിലനില്‍ക്കാനാകൂ എന്ന് ഷംന പറയുന്നു.
എംബ്രോയ്ഡറി പഠിക്കാന്‍ താല്‍പര്യപ്പെട്ട് ഷംനയെ സമീപിക്കുന്നവര്‍ക്ക് ബിഗിനേഴ്സ് എംബ്രോയ്ഡറി കിറ്റായി തുന്നല്‍ ഉപകരണങ്ങള്‍ ലഭിക്കും. 399 രൂപയാണ് ഒരു പാക്കിന് ഈടാക്കുന്നത്.
ഈ വാര്‍ത്ത ഇഷ്ടമായോ, എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ബിസിനസ് ഡേ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ. പോസിറ്റിവായ കാര്യങ്ങള്‍ അറിയൂ.
About The Author
