Opinion

‘ഇറ്റ് ഈസ് നോട്ട് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ കേരള’ (ഒരു ജീവശാസ്ത്ര പഠനം)

ഒരു ദിവസം ഗേറ്റിന് മുന്നില്‍ കൊടി ഉയരുന്നു. സ്വപ്നം തകര്‍ന്ന സംരംഭകന്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നു.

രംഗം 1

Advertisement

നന്നായി നടന്നു കൊണ്ടിരിക്കുന്ന ഒരു സംരംഭത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കുന്നു. ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തുന്നു. ദ്രുതഗതിയില്‍ സ്ഥാപനം അടച്ചുപൂട്ടുന്നു.

രംഗം 2

സംരംഭത്തില്‍ സ്ഥാപിക്കാന്‍ ഒരു യന്ത്രം കൊണ്ടുവരുന്നു. യന്ത്രം വാഹനത്തില്‍ നിന്നും ഇറക്കുന്നതിനായി ചുമട്ടു തൊഴിലാളികള്‍ എത്തുന്നു. അന്യായമായ കൂലി നല്‍കാനാവില്ലെന്ന് സംരംഭകന്‍ നിലപാടെടുക്കുന്നു. തര്‍ക്കം രൂക്ഷമാകുന്നു. ലേബര്‍ ഓഫീസര്‍ ഇടപെടുന്നു. പരിഹരിക്കുന്നു. സമയവും പണവും നഷ്ടം.

രംഗം 3

സംരംഭകന്‍ സംരംഭം ആരംഭിക്കുന്നതിനായുള്ള അനുമതികള്‍ക്കായും വായ്പകള്‍ക്കായും ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങുകയാണ്. ചെരുപ്പ് തേയുന്നതോടുകൂടി മടുത്ത് അവന്‍ വേറെയേതെങ്കിലും സംസ്ഥാനത്തേക്ക് വെച്ച് പിടിക്കുന്നു.

രംഗം 4

ജീവിതത്തിന്റെ നല്ലകാലം വിദേശത്ത് കിടന്നു പണിയെടുത്ത് നുള്ളിപ്പെറുക്കി സമ്പാദിച്ചതും ഭാര്യയുടെ കെട്ടുതാലി വിറ്റതും വായ്പയെടുത്തതുമൊക്കെ ചിലവഴിച്ച് ഒരു സംരംഭം നാട്ടില്‍ തട്ടിക്കൂട്ടുകയാണ്. ഒരു ദിവസം ഗേറ്റിന് മുന്നില്‍ കൊടി ഉയരുന്നു. സ്വപ്നം തകര്‍ന്ന സംരംഭകന്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നു.

കേരളത്തില്‍ നാം സ്ഥിരമായി ഇത്തരം ഏതെങ്കിലുമൊക്കെ രംഗങ്ങളിലൂടെ കടന്നു പോകുന്നു. ഇപ്പോള്‍ നമുക്കിതൊരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് നമ്മുടെ നാടെന്നും സംരംഭങ്ങള്‍ ഇവിടെ പച്ചപിടിക്കാന്‍ സാധ്യത കുറവാണെന്നും സംരംഭകനാകുന്നത് ആത്മഹത്യക്ക് തുല്യമാണെന്നുമൊക്കെ പൊതുബോധം ഉടലെടുക്കുന്നു. സംരംഭകത്വത്തെ നിരാകരിക്കുന്ന വികലമായ മനസ്ഥിതി കാലക്രമേണ ഉടലെടുക്കുന്നു.

ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ മനസുകള്‍

ജന്മി കുടിയാന്‍ ബന്ധം അറ്റുപോയി എന്ന് നമുക്ക് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് തികഞ്ഞ തെറ്റിധാരണയാണ്. ഊര്‍ജ്ജം പോലെയാണ് ഈ വ്യവസ്ഥിതി. അതിനെ നശിപ്പിക്കുവാന്‍ കഴിയുകയില്ല. ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കും. നാം സ്വതന്ത്രരും ഇതൊരു ജനാധിപത്യ രാഷ്ട്രവുമാണ് എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. ഇന്നും സമൂഹത്തില്‍ വലിയൊരു വിഭാഗം അടിയാളരും ചെറിയ വിഭാഗം ജന്മികളുമാണ്.

ആധുനിക സമൂഹത്തിന് ജീവശ്വാസം തന്നെയാണ് സംരംഭങ്ങള്‍. അതിനെ തളര്‍ത്തുന്ന ഒരു സമൂഹവും ദീര്‍ഘകാലം നിലനില്‍ക്കുകയില്ല

പഴയകാല ജന്മിത്വത്തിന് രൂപപരിണാമം സംഭവിച്ചിരിക്കുന്നു എന്നേയുള്ളൂ. ഇന്നത്തെ ജന്മിമാര്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമാണിമാരും മത നേതാക്കളും നിറഞ്ഞ മടിശ്ശീലയുള്ളവരുമാണ്. മറ്റുള്ളവര്‍ ഇന്നും അടിമകള്‍ മാത്രമാണ്. അങ്ങനെയല്ല എന്ന തോന്നലുള്ളവര്‍ വെറും മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണ്. ഈ സമൂഹത്തെ അങ്ങനെ ബുദ്ധിപൂര്‍വ്വം ചിട്ടപ്പെടുത്തുവാന്‍ ഒരു ചെറിയ കൂട്ടത്തിന് സാധിച്ചിരിക്കുന്നു.

ജന്മിക്ക് കാഴ്ചക്കുല സമര്‍പ്പിക്കുന്നത് പോലെ പ്രമാണിമാര്‍ക്ക് വേണ്ടത് കിട്ടിയാലേ കടലാസ് സഞ്ചരിച്ച് തുടങ്ങുകയുള്ളൂ. ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരം സാധാരണക്കാരന്റെ മേല്‍ സ്വന്തം കാര്യസാധ്യത്തിനായി അടിച്ചേല്‍പ്പിക്കുന്നവന്‍ ക്രൂരനായ ജന്മിയേക്കാള്‍ നികൃഷ്ട്ടന്‍ തന്നെയാണ്. അവരെ സംരക്ഷിക്കുന്ന വ്യവസ്ഥിതി ഫ്യൂഡലിസ്റ്റിക് വ്യവസ്ഥിതി അല്ലാതെ മറ്റെന്താണ്?

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ 28 എന്ന സ്ഥാനത്തെത്തിയ ‘അതിമനോഹര’മായ വീഴ്ച നാം കണ്ടുകഴിഞ്ഞതേയുള്ളൂ

സ്വന്തം അവകാശങ്ങള്‍ക്കായി ഇന്നും ചെരുപ്പ് നക്കേണ്ട ഗതികേടുള്ളൊരു ജനത അടിമകളല്ലാതെ മറ്റാരാണ്? സംരംഭകന്‌ ഇന്നും ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടുണ്ടെങ്കില്‍ അത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയുടെ പരാജയമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സ് സംരംഭകര്‍ തന്നെയാണ്. സംരംഭകരുടെ പരാജയം രാജ്യത്തെ ക്ഷയിപ്പിക്കും.

Image:Pixabay

രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ചിലവുകള്‍ നടന്നുപോകുന്നത് സംരംഭകരുടെ വിയര്‍പ്പുകൊണ്ടാണ്. ഇരിക്കുന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്ന ഇത്തരം ഉദ്യോഗസ്ഥ സമൂഹത്തെ നമുക്ക് വേറെവിടെ കാണുവാന്‍ കഴിയും? ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മില്‍ വിടവ് നിലനില്ക്കുന്ന സമൂഹത്തില്‍ എന്ത് സമത്വം, എന്ത് പരസ്പര ബഹുമാനം.

നാമെത്തി നില്‍ക്കുന്ന സ്ഥാനം

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ 28 എന്ന സ്ഥാനത്തെത്തിയ ‘അതിമനോഹര’മായ വീഴ്ച നാം കണ്ടുകഴിഞ്ഞതേയുള്ളൂ. സാക്ഷരതയില്‍ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം ബിസിനസുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് പിന്‍ നിരയിലേക്ക് ഒലിച്ചു പോകുന്നു. സാക്ഷര അടിമ എന്ന വിശേഷണം നമുക്ക് നന്നായി യോജിക്കും. കിട്ടിയ വിദ്യാഭ്യാസം സാമ്പത്തിക പുരോഗതിക്കായി ചിലവഴിക്കാന്‍ സാധിക്കാതെ മുടന്തുന്ന ഒരു ജനത. ഒത്തുപിടിച്ചാല്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംരംഭ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിവുള്ള ജനത. സ്വന്തം താല്പ്പര്യങ്ങള്‍ക്കായി അധികാരി വര്‍ഗ്ഗം സൃഷ്ടിക്കുന്ന കഥകളില്‍ ഉപഗ്രഹങ്ങള്‍ പോലെ നാം ചുറ്റിക്കൊണ്ടിരിക്കുന്നു. ഇതൊരു സര്‍ക്കസ് ആണ്. അത് നാം ആസ്വദിക്കാന്‍ ശീലിച്ചു കഴിഞ്ഞു.

സംരംഭകന്‍ ഒരു സര്‍ഗ്ഗാത്മക പ്രതിഭയാണ്. ഒന്നുമില്ലായ്മയില്‍ നിന്നും തന്റെ ഭാവനാശക്തി ഉപയോഗിച്ച് പുതിയ ഒരു സംരംഭത്തെ സൃഷ്ടിക്കുവാന്‍ ഈ പ്രതിഭയ്ക്ക് സാധിക്കും

സംരംഭകത്വം എന്ന കല

സംരംഭകത്വം എന്ന കലയെക്കുറിച്ച് സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തിയല്ല ചിന്തിക്കേണ്ടത്. സംരംഭകത്വത്തെ കല എന്ന് തന്നെ വിളിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്. കാരണം സംരംഭകന്‍ ഒരു സര്‍ഗ്ഗാത്മക പ്രതിഭയാണ്. ഒന്നുമില്ലായ്മയില്‍ നിന്നും തന്റെ ഭാവനാശക്തി ഉപയോഗിച്ച് പുതിയ ഒരു സംരംഭത്തെ സൃഷ്ടിക്കുവാന്‍ ഈ പ്രതിഭയ്ക്ക് സാധിക്കും. സംരംഭകത്വം ഈ സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ നേരത്തേ ചൂണ്ടിക്കാട്ടിയ ഫ്യൂഡല്‍ മനോനില സംരംഭങ്ങളെ വിനാശകരമായി ബാധിക്കുന്നതും.

ആവാസവ്യവസ്ഥ

സംരംഭത്തെ ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ ആവാസവ്യവസ്ഥയും ഓരോ ചെറിയ സമൂഹമാണ് അത് വലിയൊരു സമൂഹത്തിന്റെ ഭാഗവുമാണ്. ആവാസവ്യവസ്ഥയിലും അതിനെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ സംരംഭകത്വത്തെ ബാധിക്കുന്നുണ്ട്. പാരസ്പര്യത്തിലൂടെയും പങ്കു വെക്കലിലൂടെയും തമ്മിലുള്ള വ്യവഹാരങ്ങളിലൂടെയുമാണ് ഒരു ആവാസവ്യവസ്ഥ നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നത്.

Image:Pixabay

പ്രകൃതിയിലെ ഓരോ ആവാസവ്യവസ്ഥയേയും നമുക്കെടുത്തു നോക്കാം. അതിലെ ഓരോ ഘടകവും ഒന്നിനോടൊന്ന് പ്രാധാന്യമുള്ളതാണ്. ആരെയും നമുക്ക് മാറ്റിനിര്‍ത്തുവാന്‍ കഴിയുകയില്ല. അതില്‍ ചേതനവും അചേതനവുമായ ഘടകങ്ങളുണ്ട്. രണ്ടും ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. വ്യത്യസ്ത ജീവികളുടെ കൂട്ടങ്ങള്‍ അവക്കിടയില്‍ നടത്തുന്ന വ്യവഹാരങ്ങള്‍, മറ്റ് കൂട്ടങ്ങളുമായി നടത്തുന്ന വ്യവഹാരങ്ങള്‍, തങ്ങള്‍ക്ക് ചുറ്റുമുള്ള പരിതസ്ഥിതിയുമായി നടത്തുന്ന വ്യവഹാരങ്ങള്‍ എന്നിവയൊക്കെ ഓരോ ആവാസവ്യവസ്ഥയുടേയും ജീവനാഡിയാകുന്നു.

ആവാസവ്യവസ്ഥയില്‍ വരുന്ന മാറ്റം

സംഭവിക്കുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആവാസവ്യവസ്ഥയെ പിടിച്ചുലക്കും ചിലപ്പോള്‍ അതിനെ നാശത്തിലേക്ക് നയിക്കാന്‍ അത് മതിയാകും. അതിശക്തമായി മുന്നോട്ടു പോകുന്ന ആവാസവ്യവസ്ഥ പെട്ടെന്ന് ഇല്ലാതെയാവാന്‍ പുറത്തുനിന്നെത്തുന്ന ഒരു നുഴഞ്ഞുകയറ്റക്കാരന്‍ മതിയാകും. നിറയെ പച്ചപ്പുള്ള ഒരു പ്രദേശത്ത് വീഴുന്ന കള്ളിമുള്‍ച്ചെടിയുടെ ഒരു വിത്തിന് അവിടത്തെ ആവാസവ്യവസ്ഥയെ തച്ചുടയ്ക്കാന്‍ സാധിക്കും. കാലാവസ്ഥയില്‍ സംഭവിക്കുന്ന ചെറിയൊരു വ്യതിയാനവും ഇതിന് കാരണമാകാം. എന്തുമാത്രം ലോലമാണ് ആവാസവ്യവസ്ഥയുടെ ജീവന്‍ എന്നു പറയാനാണ് ഞാനിത് ചൂണ്ടിക്കാട്ടിയത്.

സംരംഭകത്വ ആവാസവ്യവസ്ഥ

സംരംഭകത്വ ആവാസവ്യവസ്ഥയും അതിലോലമാണ്. ചുറ്റും ഉടലെടുക്കുന്ന ചെറിയൊരു മാറ്റം മതി അതിനെ പിടിച്ചുലക്കുവാന്‍. ശ്രദ്ധാപൂര്‍വ്വം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ രൂപം കൊള്ളുന്ന ആവാസവ്യവസ്ഥ തകരാന്‍ ഒരു നിമിഷാര്‍ദ്ധം മതി. ഒരു ചെറിയ അശ്രദ്ധ. ചീട്ടുകൊട്ടാരം പോലെ അത് തകര്‍ന്നടിയും. നേരത്തെ നാം കണ്ടു. കടുകോളമുള്ള ചെറിയ വിത്ത്. അത് കണക്കിലെടുക്കേണ്ട എന്ന് തോന്നാം. പക്ഷെ അത് മുളയ്ക്കും. കൂടുതല്‍ ചെടികള്‍ക്ക് ജന്മം നല്‍കും. നിലനിന്ന ആവാസവ്യവസ്ഥയെ മെല്ലെയത്, കാലക്രമേണ ഉന്മൂലനം ചെയ്യും.

ഒറ്റപ്പെട്ട ആ വിത്തുപോലെ ഒറ്റപ്പെട്ട ഒരു സംഭവം മതി സംരംഭകത്വം എന്ന ആവാസവ്യവസ്ഥയെ തകിടംമറിക്കാന്‍. ഒറ്റപ്പെട്ട സംഭവം ക്രമേണ സംസ്‌ക്കാരമാകും. അത് ഇവിടെ സംഭവിച്ചു കഴിഞ്ഞു. ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ നിരന്തരമായ കഠിന പരിശ്രമം ആവശ്യമാകും. എന്നാല്‍ അത് തകര്‍ക്കാന്‍ ആവാസവ്യവസ്ഥയിലെ ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മതിയാകും. സമൂഹത്തിലെ ഏതെങ്കിലും ഒരു ഘടകത്തില്‍ സംഭവിക്കുന്ന മാറ്റം സംരംഭകത്വ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കും. അതാണിപ്പോള്‍ കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

പാരസ്പര്യവും പങ്കുവെക്കലും

എല്ലാ ആവാസവ്യവസ്ഥയും പോലെ തന്നെ പാരസ്പര്യത്തിലും പങ്കുവെക്കലിലും തന്നെയാണ് സംരംഭകത്വ ആവാസവ്യവസ്ഥയും നിലനില്‍ക്കുന്നത്. സംരംഭകര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ ഒരു ഭരണകൂടത്തിനും സൃഷ്ടിക്കാന്‍ സാധിക്കുകയില്ല. സംരംഭങ്ങളുടെ സാമ്പത്തിക ഉപഭോഗവും സാമ്പത്തിക പരിക്രമണവുമാണ് സമൂഹത്തിന്റെ ചാലകശക്തി. ജൈവ വ്യവസ്ഥയിലെ വൃക്ഷങ്ങള്‍ ഓക്‌സിജന്‍ പുറപ്പെടുവിക്കുന്നില്ല എന്നു കരുതുക. എന്ത് സംഭവിക്കും? ഇത് തന്നെയാണ് സംരംഭങ്ങള്‍ ഇല്ലാതെയായാല്‍ സമൂഹത്തില്‍ സംഭവിക്കുക. പ്രകൃതി പഠിപ്പിച്ച പാരസ്പര്യവും പങ്കുവെക്കലും ഇല്ലാതെയാക്കിയാല്‍ ഈ സമൂഹം എന്ന ആവാസവ്യവസ്ഥ തന്നെ ഇല്ലാതെയാകും.

സംരംഭങ്ങളുടെ നിലനില്‍പ്പ് സമൂഹത്തിന് അത്യന്താപേക്ഷിതം

ആധുനിക സമൂഹത്തിന് ജീവശ്വാസം തന്നെയാണ് സംരംഭങ്ങള്‍. അതിനെ തളര്‍ത്തുന്ന ഒരു സമൂഹവും ദീര്‍ഘകാലം നിലനില്‍ക്കുകയില്ല. കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രാമാണിത്യവും ഫ്യൂഡലിസ്റ്റിക് മനോനിലയും മാറണം. സംരംഭങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സമൂഹമായി നാം മാറണം. ഈ ആവാസവ്യവസ്ഥയിലെ ഓരോ ഘടകവും അത് ഭരണകര്‍ത്താക്കളാകാം, ഉദ്യോഗസ്ഥരാകാം, സംരംഭകരാകാം, പൊതു ജനമാകാം ഓരോന്നും ആവാസവ്യവസ്ഥയുടെ കേട്ടിപ്പടുത്തലിനും ശാക്തീകരണത്തിനും വേണ്ടി നിലകൊള്ളണം. ഇല്ലാതെയായിപ്പോകുന്ന ഓരോ സംരംഭവും ഈ ആവാസവ്യവസ്ഥയെ തളര്‍ത്തും. അതിനു കാരണമാകുന്ന ഓരോന്നും കള്ളിമുള്‍ച്ചെടിയുടെ വിത്തുപോലെയാണ്. നശിപ്പിച്ചേ അതിന്റെ പ്രയാണം അവസാനിപ്പിക്കൂ.

നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്

സംരംഭകത്വ ആവാസവ്യവസ്ഥ അതിലോലമാണ്. അതിനേല്‍പ്പിക്കുന്ന ആഘാതം കുറച്ചാല്‍, ഇല്ലതെയാക്കിയാല്‍ പട്ടികയില്‍ നാം മുന്നിലെത്തും. വേണ്ടത് കള്ളിമുള്‍ച്ചെടിയുടെ വിത്തുകള്‍ കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുകയുമാണ്. ഊര്‍ജ്ജസ്വലരായ ജനത സംരംഭകത്വത്തെ വളര്‍ത്തിക്കൊള്ളും. കൃഷിക്കിടയില്‍ മുളച്ച കളകളെ പിഴുതുമാറ്റുകയാണ് നല്ല കര്‍ഷകന്‍ ചെയ്യുന്നത്. സംരംഭകത്വത്തിന് വിഘാതം സൃഷ്ട്ടിക്കുന്ന കളകള്‍ പിഴുതു മാറ്റപ്പെടട്ടെ. നല്ലൊരു സംരംഭകത്വ സംസ്‌ക്കാരം രൂപമെടുക്കട്ടെ. നിലമൊരുക്കാത്ത കൃഷിയിടത്തില്‍ നല്ല വിളവ് ലഭിക്കുകയില്ല. അതിന് നാം ആരെയും പഴിപറഞ്ഞിട്ട് കാര്യവുമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top