നഖത്തില്‍ നേതാജിയും ഗാന്ധിജിയും വരെ. കോര്‍പ്പറേറ്റ് ജോലി വലിച്ചെറിഞ്ഞ് നെയില്‍ ആര്‍ട്ടിലൂടെ 2 ലക്ഷം വരുമാനം നേടുന്ന രാഖിയുടെ കഥ
നെയില്‍ ആര്‍ട്ട് വിഭാഗത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ഓഫ് ബുക്‌സില്‍ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് രാഖി ഗിരി ശങ്കര്‍ എന്ന നെയില്‍ ആര്‍ട്ടിസ്റ്റ്. എന്നാല്‍ ഈ നേട്ടം ഒരു സുപ്രഭാതത്തില്‍ രാഖിയെ തേടി എത്തിയതല്ല. അതിനു പിന്നില്‍ വര്‍ഷങ്ങളുടെ ശ്രമമുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് രാഖി.
വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന എഞ്ചിനീയറിംഗ് മേഖല ഉപേക്ഷിച്ച് നെയില്‍ ആര്‍ട്ടിസ്റ്റ് ആകുക, നെയില്‍ ആര്‍ട്ട് സംരംഭം നടത്തുക എന്നൊക്കെ പറഞ്ഞാല്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ പാഷന്‍ പിന്തുടര്‍ന്നു വിജയിക്കാന്‍ കഴിയണം എന്ന ആഗ്രഹമാണ് രാഖിയെ ഈ രംഗത്തെ പ്രശസ്ത സംരംഭകയാക്കി മാറ്റിയത്.
ഇന്ന് കേരളത്തിലെ നമ്പര്‍ വണ്‍ നെയില്‍ ആര്‍ട്ടിസ്റ്റ് ആണ് രാഖി. അടുത്ത സുഹൃത്ത് വിദേശത്ത് നിന്നും മടങ്ങി വന്നപ്പോള്‍ നെയില്‍ ആര്‍ട്ട് ഇട്ടിരിക്കുന്നത് കണ്ടിട്ടാണ് ആ മേഖലയോട് താല്പര്യം തോന്നിത്തുടങ്ങിയത്. അപ്പോഴാണ് നെയില്‍ ആര്‍ട്ട് എന്നത് ഏറെ സാധ്യതകള്‍ ഉള്ള ഒരു മേഖലയാണ് എന്ന് മനസിലാക്കിയത്. പിന്നീട് ഗൂഗിള്‍ നോക്കി, നെയില്‍ ആര്‍ട്ട് ഉപകരണങ്ങള്‍ എല്ലാം വാങ്ങി, സ്വന്തമായി പരീക്ഷണം ആരംഭിച്ചു. വിവിധ നിറത്തിലുള്ള നെയില്‍ പോളീഷുകള്‍ മിക്‌സ് ചെയ്ത സ്വന്തം പാറ്റേണില്‍ ആയിരുന്നു തുടക്കം.
2021 ആകുമ്പോഴേക്കും ഈ മേഖലയില്‍ സ്വന്തമായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനാണ് രാഖി പദ്ധതിയിടുന്നത്
രാഖി ചെയ്ത വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി നെയില്‍ ആര്‍ട്ട് റിവ്യൂ ആരംഭിച്ചു. തുടര്‍ന്ന് നിരവധി ബ്രാന്‍ഡുകളുമായി സഹകരിച്ചു. വിവാഹം കഴിഞ്ഞ ശേഷം മുന്‍നിര ബ്രാന്‍ഡുകളുമായി അസോസിയേറ്റ് ചെയ്ത് വര്‍ക്ക് ചെയ്യാനും സാധിച്ചു. പതിയെ ഒരു ഹോബി എന്ന നിലയില്‍ തുടങ്ങിയ സംരംഭം രാഖിയുടെ പ്രധാന വരുമാനമാര്‍ഗമായി മാറി.
പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട് രാഖി. ഇതിനിടയ്ക്ക് മുന്‍നിര കോസ്മെറ്റിക് ബ്രാന്‍ഡായ ലാക്‌മെ രാഖിയെ തങ്ങളുടെ സ്ഥാപനത്തില്‍ ആര്‍ട്ട് ഫാക്കല്‍റ്റി ആയി നിയമിച്ചു എന്നത് രാഖിയുടെ സംരംഭക ജീവിതത്തിലെ നാഴികക്കല്ലാണ്. ഇതിനിടയ്ക്ക് നെയില്‍ ആര്‍ട്ടിലെ പുത്തന്‍ ട്രെന്‍ഡുകള്‍ എല്ലാം തന്നെ പഠിച്ചെടുത്തു. സിനിമാ രംഗവുമായി ബന്ധപ്പെട്ടും നിരവധി വര്‍ക്കുകള്‍ രാഖി ചെയ്യുന്നുണ്ട്.
വീട്ടില്‍ തന്നെ ഒരുക്കിയ നെയില്‍ ആര്‍ട്ട് സ്റ്റുഡിയോ വഴിയാണ് പ്രവര്‍ത്തനങ്ങള്‍. ആവശ്യക്കാര്‍ക്ക് നെയില്‍ ആര്‍ട്ട് പഠിപ്പിച്ചുകൊണ്ടുക്കുന്നതിലും രാഖി മുന്നിലാണ്. കോര്‍പ്പറേറ്റ് ജോലി ചെയ്യുന്നതില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഏറെ വരുമാനം ഈ മേഖലയില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വിദേശത്ത് നിന്നും നിരവധി ക്ലൈന്റുകളാണുള്ളത്. അതിനാല്‍ തന്നെ 2 ലക്ഷം രൂപ വരെ വരുമാനം നേടാന്‍ രാഖിക്ക് കഴിഞ്ഞിട്ടുണ്ട്.
സ്ത്രീകള്‍ ഒരിക്കലും നിശ്ചിത ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാതെ, സ്വന്തം പാഷന്‍ പിന്തുടര്‍ന്ന് മുന്നോട് വരണം എന്നാണ് രാഖി ആഗ്രഹിക്കുന്നത്. അക്രിലിക് നെയില്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത്, ന്യൂസ് പേപ്പര്‍ കത്തിച്ച് യഥാര്‍ത്ഥ ഫ്ളവര്‍ ഡിസൈന്‍ ചെയ്യുന്ന സ്വന്തം രീതിയിലുള്ള നെയില്‍ ആര്‍ട്ടിനാണ് രാഖിയെ തേടി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് എത്തിയത്.
വ്യത്യസ്തമായ ഈ മേഖല സ്വീകരിച്ചതില്‍ ഇന്ന് രാഖി ഏറെ സന്തുഷ്ടയാണ്. ഇന്ത്യക്കകത്തും പുറത്തും ഏറെ ആരാധകരും ക്ലൈന്റ്സും ഉള്ള വ്യക്തിയാണ് രാഖി ഇപ്പോള്‍. 2021 ആകുമ്പോഴേക്കും ഈ മേഖലയില്‍ സ്വന്തമായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനാണ് രാഖി പദ്ധതിയിടുന്നത്. അതോടൊപ്പം തന്നാല്‍ കഴിയുന്ന രീതിയില്‍ പരമാവധി ആര്‍ട്ടിസ്റ്റുകളെ പിന്തുണയ്ക്കണം എന്നും രാഖി ആഗ്രഹിക്കുന്നു.