ബഡ്ജറ്റ് ഹോമുകള്‍ എന്ന് കേട്ടാല്‍ കുറഞ്ഞ ചെലവില്‍ സൗകര്യങ്ങള്‍ ചുരുക്കി നിര്‍മിക്കുന്ന വീടുകളാണെന്ന ധാരണയാണ് ബഹുഭൂരിപക്ഷം ആളുകള്‍ക്കും. എന്നാല്‍ മൂന്നു ബെഡ് റൂമുകളും പോര്‍ച്ചും മോഡുലാര്‍ ഫിറ്റ് ഔട്ടോട് കൂടിയ കിച്ചനും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കാന്‍ കഴിയും. ബഡ്ജറ്റ് ഹോമുകള്‍, കോമ്പാക്റ്റ് ഹോമുകള്‍ എന്നിവ തമ്മിലുള്ള വ്യത്യാസം മനസിലാക്കുക എന്നതാണ് ഇതില്‍ പ്രധാനം. എന്താണ് ബഡ്ജറ്റ് ഹോമുകള്‍, സാമ്പത്തിക രംഗത്ത് ഇവ ചെലുത്തുന്ന സ്വാധീനമെന്താണ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ് സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പി ദേവദത്തന്‍
സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയെ സംബന്ധിച്ചും തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. അതിനാല്‍ തന്നെ തന്റെ സമ്പാദ്യത്തിലെ ഓരോ രൂപയും അവര്‍ കൂട്ടി വയ്ക്കുന്നത് ഈ സ്വപ്നം മുന്നില്‍ക്കണ്ടായിരിക്കും. എന്നാല്‍, എല്ലാ കാര്യങ്ങളും ഒത്തുചേര്‍ന്ന ശേഷം, അല്ലെങ്കില്‍ വീട് നിര്‍മാണത്തിനാവശ്യമായ പണം മുഴുവന്‍ കയ്യില്‍ വന്ന ശേഷം മാത്രം വീടിനെക്കുറിച്ച് ചിന്തിക്കുന്നത് ആശാസ്യമല്ല. വീട് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചുവരുന്ന ഇക്കാലഘട്ടത്തില്‍ ബാങ്ക് ലോണുകളെ ആശ്രയിച്ചും സമ്പാദ്യത്തില്‍ നിന്നും പണം വിനിയോഗിച്ചും എത്രയും നേരത്തെ വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് കയ്യിലൊതുങ്ങിയ തുകയ്ക്ക് വീടുകള്‍ സ്വന്തമാക്കാന്‍ ബഡ്ജറ്റ് ഹോമുകള്‍ സഹായകമാകും.
എന്നാല്‍ ബഡ്ജറ്റ് ഹോമുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു വിഭാഗം ജനങ്ങള്‍ക്ക് വിയോജിപ്പാണ്. വളരെ ചുരുങ്ങിയ ചെലവില്‍, വീടിന്റെ സൗകര്യങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് യാതൊരുവിധ ആഡംബരങ്ങളും ഇല്ലാതെ നിര്‍മിക്കുന്ന വീടുകളാണ് ബഡ്ജറ്റ് ഹോമുകള്‍ എന്ന തെറ്റായ ധാരണയാണ് ഈ ചിന്തയ്ക്ക്
പിന്നില്‍.എന്നാല്‍ മേല്‍പ്പറഞ്ഞ രീതിയില്‍ നിര്‍മിക്കുന്ന വീടുകളെ കോമ്പാക്റ്റ് ഹോമുകള്‍ എന്നാണ് പറയുന്നത്. ഈ സങ്കല്‍പ്പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ബഡ്ജറ്റ് ഹോമുകള്‍. എക്കണോമിക്കലി ബഡ്ജറ്റ് ഹോമുകള്‍ എന്നാണ് യഥാര്‍ത്ഥത്തില്‍ ബഡ്ജറ്റ് ഹോമുകള്‍ അറിയപ്പെടുന്നത്. കാരണം ചെലവാക്കുന്ന പണത്തില്‍ മാത്രമേ കുറവ് ഉണ്ടാകുന്നുള്ളു. വീടിന്റെ സൗകര്യങ്ങളില്‍ യാതൊരു തരത്തിലുമുള്ള കുറവുണ്ടാകുന്നില്ല.
എന്താണ് ബഡ്ജറ്റ് ഹോമുകള്‍ ?
ഒരു ആഡംബര വീടിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടി കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന വീടുകളാണ് ബഡ്ജറ്റ് ഹോമുകള്‍. കേരളത്തില്‍ ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് 20 മുതല്‍ 30 ലക്ഷം വരെയാണ്. നിലവില്‍ കേരളത്തില്‍ നിര്‍മിക്കപ്പെടുന്ന വീടുകളുടെ സിംഹഭാഗവും ഈ ബഡ്ജറ്റില്‍ പെടുന്നവയാണ്. 30 ലക്ഷം നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ പത്തെണ്ണം നിര്‍മിക്കപ്പെടുമ്പോള്‍ 50 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന വീടുകള്‍ ഒരെണ്ണം എന്ന അനുപാതത്തിലാണ് നിര്‍മിക്കുന്നത്. എന്നിരുന്നാലും അത് ബഡ്ജറ്റ് ഹോം കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല. ഇവിടെയാണ് ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടുന്നത്.
ബഡ്ജറ്റ് ഹോം കാറ്റഗറിയില്‍ വീടുകള്‍ നിര്‍മിക്കുമ്പോള്‍ ആഡംബരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കേണ്ട കാര്യമില്ല. ഒരു കുടുംബത്തിന് കഴിയുന്നതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും അതില്‍ ഉള്‍പ്പെടുത്താം. രണ്ടു നിലകളിലായി മൂന്നു മുറികളോട് കൂടി ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള മെറ്റിരിയലുകള്‍ ഉപയോഗിച്ച് ബഡ്ജറ്റ് ഹോമുകള്‍ അനായാസം നിര്‍മിക്കാം. അങ്ങനെയെങ്കില്‍ എവിടെയാണ് ചെലവ് ചുരുക്കല്‍ നടക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും വരാം.ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുമ്പോള്‍ പ്രധാനമായും ചെലവ് ചുരുക്കുന്നത് രണ്ട് മേഖലകളിലാണ്.
- ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിന്‍
കുറയ്ക്കുക - സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക
ബില്‍ഡറുടെ പ്രോഫിറ്റ് മാര്‍ജിനില്‍ ഒരു 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ഒരു ബില്‍ഡര്‍ തയ്യാറാകുകയാണെങ്കില്‍ വീട് നിര്‍മാണ ചെലവ് 22 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഒരേ സമയം ഒന്നിലേറെ പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന പരിചയസമ്പന്നനായ ഒരു ബില്‍ഡര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. പ്രോഫിറ്റ് മാര്‍ജിന്‍ കുറച്ച് കൂടുതല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബില്‍ഡറുടെ വരുമാനത്തിലും ആ വര്‍ധനവ് കാണാനാകും. എന്നാല്‍ ഇത് പ്രാദേശികമായി മാത്രം കെട്ടിട നിര്‍മാണം നടത്തുന്ന ഒരു ബില്‍ഡറെ സംബന്ധിച്ച് പ്രവര്‍ത്തികമാകുന്ന കാര്യമല്ല. അതിനാലാണ് ബഡ്ജറ്റ് ഹോം നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ബില്‍ഡര്‍മാരുടെ സേവനം ഈ രംഗത്ത് അനിവാര്യമായി വരുന്നത്.
ചെലവ് കുറയ്ക്കലിന്റെ രണ്ടാം ഘട്ടം സ്ട്രക്ച്ചറല്‍ പ്ലാനിംഗില്‍ ശ്രദ്ധിക്കുക എന്നതാണ്. അതായത് വീടിന്റെ അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുക. എന്ന് കരുതി വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടം പണിയുക എന്നല്ല. അനാവശ്യമായ എലവേഷനുകള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനം. സ്റ്റോണ്‍ ക്ലാഡ്ഡിംഗുകള്‍, പര്‍ഗോളകള്‍ എന്നിവ ആവശ്യത്തിലേറെ ഉപയോഗിക്കുന്ന രീതി ഒഴിവാക്കി, വീടിനു വ്യത്യസ്തമായ ലുക്ക് നല്‍കുന്ന ചെലവ് കുറഞ്ഞ രീതിയിലുള്ള എലവേഷനുകള്‍ സ്വീകരിക്കുക. എലവേഷനുകളില്‍ അത്യാഡംബരങ്ങള്‍ കാണിക്കുന്നത്‌കൊണ്ട് വീടിനകത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. പകരം ഇതിന്റെ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ 30 ലക്ഷത്തിന്റെ ബഡ്ജറ്റ് നിശ്ചയിച്ചിരിക്കുന്ന വീടിന്റെ നിര്‍മാണ ചെലവില്‍ നിന്നും 6 ലക്ഷം രൂപയോളം കുറയ്ക്കാന്‍ കഴിയും.
മണ്ണിന്റെ ഘടന നോക്കി തറ കെട്ടാം
വീട് നിര്‍മിക്കുമ്പോള്‍ അടിത്തറ ഉറപ്പുള്ളതായിരിക്കണം എന്നതിനാല്‍ തന്നെ നല്ലൊരു തുക അടിത്തറ കെട്ടാന്‍ ചെലവാകും. എന്നാല്‍ മണ്ണിന്റെ ഘടന നോക്കി അടിത്തറ കെട്ടുകയാണെങ്കില്‍ അനാവശ്യമായ ബീമുകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഇതിലൂടെ വീട് നിര്‍മാണ ചെലവ് 30 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും. കൂടുതല്‍ പ്രോജക്റ്റുകള്‍ ഒരേ സമയം നടത്തുന്ന ബില്‍ഡറാണ് എങ്കില്‍ വീട് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഹോള്‍സെയില്‍ വിലയില്‍ വാങ്ങാന്‍ സാധിക്കും. ഇതിലൂടെ വലിയ ഒരു തുക ലാഭിക്കാനും കഴിയും. ഭൂമിയുടെ സ്വഭാവം അനുസരിച്ച് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള ചെലവും വര്‍ധിക്കും. വയനാട്ടിലേക്ക് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്ന പോലെയല്ല, ആലപ്പുഴയിലേക്ക് എത്തിക്കുന്നത്. ഒന്ന് മലയാണ് എങ്കില്‍ മറ്റൊന്ന് തീരപ്രദേശമാണ്. ഓരോ പ്രദേശവും ഇത്തരത്തില്‍ വിഭിന്നമാണ്. കേരളമൊട്ടാകെ വീടുകള്‍ നിര്‍മിച്ചു പാരമ്പര്യമുള്ള ഒരു സ്ഥാപനത്തെസംബന്ധിച്ചിടത്തോളം ഇത് എളുപ്പമാണ്. അവര്‍ക്ക് ചെലവ് ചുരുക്കി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള മികവുണ്ടാകും.
ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും തിരിച്ചറിയുക
ചെലവ് കുറച്ചു നിര്‍മിക്കുന്ന വീടുകള്‍ പ്രധാനമായും എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയിലും കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയിലും പെടുന്നവയാണ്. ഇതില്‍ എക്കണോമിക് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയാണ് 20-30 ലക്ഷം ചെലവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. കോമ്പാക്റ്റ് ബഡ്ജറ്റ് കാറ്റഗറിയില്‍ പെടുന്നവയ്ക്ക് എക്കണോമിക് ബഡ്ജറ്റ് വിഭാഗത്തേക്കാള്‍ 30 ശതമാനത്തോളം ചെലവ് കുറവായിരിക്കാം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ രണ്ട് വീടുകളും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കും. ഭാവിയില്‍ കോമ്പാക്റ്റ് ഹോമുകള്‍ ഗുണകരമാവില്ലെന്ന് മാത്രമല്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യും.കോമ്പാക്റ്റ് ഹോം നിര്‍മിക്കുമ്പോള്‍ മുറികളുടെ വലുപ്പം പരമാവധി കുറച്ച്, വീടിന്റെ വിസ്തീര്‍ണം കുറക്കുന്നു. ഇതിലൂടെ നിര്‍മാണ ചെലവും കുറയും. എന്നാല്‍ ഇത്തരത്തില്‍ 900 ചതുരശ്ര അടിയില്‍ ഒരു മൂന്നു ബെഡ്റൂം വീട് നിര്‍മിക്കുന്നത് കൊണ്ട് വീട്ടുടമസ്ഥര്‍ക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. ഇനി രണ്ട് ബെഡ് റൂം വീടാണ് താല്‍ക്കാലിക ആവശ്യത്തെ മുന്‍നിര്‍ത്തി നിര്‍മിക്കുന്നത് എങ്കില്‍ ഭാവിയില്‍ അംഗസംഖ്യ കൂടുമ്പോള്‍ അത് പ്രശ്‌നമാകുകയും ചെയ്യും. ഏത് തരത്തില്‍പ്പെട്ട വീട് നിര്‍മിച്ചാലും ലേബര്‍ ചാര്‍ജ് കുറയ്ക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലാണ് കുറവ് വരുത്തുക.
ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും തമ്മിലുള്ള പ്രധാന വ്യത്യാസം ഇവയാണ്…
- ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുമ്പോള്‍ എലവേഷനുകള്‍ കുറച്ചും അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കിയുമാണ് വീട് നിര്‍മിക്കുന്നത്. എന്നാല്‍ കോമ്പാക്റ്റ് ബഡ്ജറ്റിലുള്ള വീടുകള്‍ക്ക് എലവേഷനുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അകത്ത് താമസിക്കുന്നവരെ സംബന്ധിച്ച് പ്രകടമായ വ്യത്യാസം ഒന്നും തോന്നില്ലെങ്കിലും വീടിന്റെ ഭംഗിയെ അത് കാര്യമായി ബാധിക്കും. എലവേഷനുകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ഒരു ഗ്ലോറിഫൈഡ് ഷെഡ് എന്ന ഗണത്തില്‍ മാത്രം പെടുത്താന്‍ കഴിയുന്നവയാണ് കോമ്പാക്റ്റ് ഹോമുകള്‍.
- മുറികളുടെ വലുപ്പം, ആകൃതി, അകത്ത് ഉപയോഗിച്ചിരിക്കുന്ന നിര്‍മാണ സാമഗ്രികള്‍ എന്നിവയിലാണ് പ്രധാന വ്യത്യാസം ഉണ്ടാകുക. എക്കൊണോമിക് ബഡ്ജറ്റ് ഹോമുകളിലും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കോമ്പാക്റ്റ് ബഡ്ജറ്റ് വീടുകളില്‍ സെക്കന്‍ഡ് ഗ്രേഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. ടൈലുകള്‍, ബാത്ത്‌റൂം ഫിറ്റിങ്ങുകള്‍ എന്നിവയെല്ലാം തന്നെ കുറഞ്ഞ നിരക്കില്‍ കിട്ടുന്നത് ഉപയോഗിക്കുന്നതിനാല്‍ അതുമൂലം ഭാവിയിലുണ്ടാകുന്ന അറ്റകുറ്റപ്പണികളും കൂടുതലായിരിക്കും. താമസം തുടങ്ങുമ്പോള്‍ ലഭിക്കുന്ന സന്തോഷം പിന്നീട് ചെലവ് കൂടുമ്പോള്‍ ഉണ്ടാകില്ലെന്ന് സാരം.
- എക്കോണമിക് ബഡ്ജറ്റ് വീടുകള്‍ ട്രഡീഷണല്‍ രീതിയിലാണ് നിര്‍മിക്കുന്നത്. മരത്തടി ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ അത് തന്നെ ഉപയോഗിക്കും. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി കോമ്പാക്റ്റ് ഹോമുകളില്‍ മള്‍ട്ടിവുഡുകള്‍, പാര്‍ട്ടീഷ്യനായി ജിപ്‌സം ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് ആകില്ല. ഉദാഹരണമായി പറഞ്ഞാല്‍ വെള്ളപ്പൊക്കമുണ്ടായാല്‍ സാധാരണ ഭിത്തികള്‍ അതിനെ അതിജീവിക്കും. എന്നാല്‍ ജിപ്‌സം ബോര്‍ഡ് ഭിത്തികള്‍ വെള്ളത്തില്‍ പൊടിഞ്ഞു പോകും.
- ഫ്‌ളോറിംഗ്, പ്ലംബിംഗ്, വയറിംഗ് എന്നിവയുടെ കാര്യത്തിലും ഇത്തരത്തിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ ഉണ്ടാകും. എന്നാല്‍ ഇവയെല്ലാം തന്നെ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
- താമസം തുടങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷം വീട് വില്‍ക്കണം എന്ന് തോന്നിയാല്‍ എക്കൊണോമിക് ബഡ്ജറ്റ് മാതൃകയില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഏത് അവസ്ഥയിലും മതിയായ വില ലഭിക്കും. എന്നാല്‍ കോമ്പാക്റ്റ് ബഡ്ജറ്റില്‍ നിര്‍മിച്ച വീടുകള്‍ അങ്ങനെയല്ല. ഭാവിയില്‍ ഡിപ്രീസിയേഷന്‍ ഉണ്ടാകുകയും വില ഗണ്യമായി കുറയുകയും ചെയ്യും. ഇക്കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും തമ്മിലെ യഥാര്‍ത്ഥ വ്യത്യസം മനസിലാക്കി വീട് നിര്‍മാണം ആരംഭിക്കുക. ബഡ്ജറ്റ് ഹോമുകള്‍ ഭാവിയിലേക്കുള്ള സമ്പാദ്യമാകുമ്പോള്‍ കോമ്പാക്റ്റ് ഹോമുകള്‍ തലവേദനയാകും എന്നോര്‍ക്കുക.