ഉപഭോക്താക്കള്‍ക്ക് ഓരോ ബ്രാന്‍ഡിനോടും അവയുടെ ഉല്‍പ്പന്നങ്ങളോടും സേവനങ്ങളോടും ഇഷ്ടം തോന്നാന്‍ ഓരോ കാരണമുണ്ടാകും. തുടര്‍ച്ചയായി ബ്രാന്‍ഡുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍, മറ്റുള്ളവര്‍ക്കു ബ്രാന്‍ഡ് ശുപാര്‍ശ ചെയ്യുന്നവര്‍, മാത്രമല്ല അതേ ബ്രാന്‍ഡിന്റെ ഇതര ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ ആവേശപൂര്‍വ്വം ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതിന് പ്രത്യേക കാരണങ്ങളുണ്ടാകും. ബ്രാന്‍ഡുകള്‍ അവ വലുതായാലും ചെറുതായാലും ഉപഭോക്താക്കളുമായി നല്ല ബന്ധം സൃഷ്ടിക്കാറുണ്ട്. ഇതില്‍ചെറുബ്രന്‍ഡുകള്‍ക്ക് കൂടുല്‍ അടുപ്പം പുലര്‍ത്താനാവും. എന്നാലും വന്‍കിട ബ്രാന്‍ഡുകളും ഉപഭോക്താക്കളും തമ്മിലുള്ള അകലം കൂടുതലായിരുക്കുമെങ്കിലും ഉപഭോക്തൃ ബന്ധം സൃഷ്ടിക്കുന്നതില്‍ നിന്നും അവരും പിന്നോട്ടു പോവാറില്ല.
ഇഷ്ട ബ്രാന്‍ഡുകള്‍ അവര്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് സ്വാഭാവികമാണ്. എങ്ങിനെയായാലും അവയില്‍ നിന്ന് ആഹ്ലാദകരമായ അനുഭവം ഉണ്ടാകണമെന്നാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. നല്ല അനുഭവങ്ങള്‍ ബ്രാന്‍ഡിനു നല്‍കാന്‍ കഴിയുമ്പോഴാണ് ഉപഭോക്താവിന് വിശ്വാസമുണ്ടാകുന്നതും അവ വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്നതും. ഉപഭോക്താവിന് ബ്രാന്‍ഡിനോട് വിധേയത്വമുണ്ടാകുന്നതും ഇതുകൊണ്ടുതന്നെയാണ്.
ഒരു ബ്രാന്‍ഡിനോട് വിധേയത്വമുള്ളവര്‍ അത് ലഭ്യമല്ലെങ്കില്‍ പകരം മറ്റൊരു ബ്രാന്‍ഡ് വാങ്ങാന്‍ പലപ്പോഴും തയ്യാറാവില്ല. അവര്‍ അത് ലഭിക്കുന്നതിനുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കും. പക്ഷേ, ഉപഭോക്താക്കള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ഇഷ്ട ബ്രാന്‍ഡ് ഇല്ലാതാവുമ്പോഴോ ലഭ്യമല്ലാതാവുമ്പോഴോ മറ്റൊരു ബ്രാന്‍ഡിനെക്കുറിച്ച് ചിന്തിക്കേണ്ടതായി വരും. അങ്ങനെയും സംഭവിക്കാറുണ്ട്. ചില കാലങ്ങളില്‍ ചില ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ സുഗമമായി ലഭ്യമാകണമെന്നില്ല. ഉപഭോക്താക്കള്‍ അവരുടെ ഇഷ്ട ബ്രാന്‍ഡുകള്‍ക്കായി സാധ്യതയുള്ള ഇടങ്ങളില്‍ തിരയുന്നത് സ്വാഭാവികമാണ്.
പക്ഷേ, അവ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ഉപഭോക്താവ് ഉല്‍പ്പന്നം വേണ്ടെന്നു വയ്ക്കുകയോ അല്ലെങ്കില്‍ പകരം മറ്റൊരു ബ്രാന്‍ഡ് വാങ്ങുകയോ ചെയ്യും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ദീര്‍ഘകാലമായി വിപണിയില്‍ അംഗീകാരം നേടിയ ബ്രാന്‍ഡുകളില്‍ നിന്നുപോലും മാറാനുള്ള മാനസികാവസ്ഥ ഉപഭോക്താക്കളിലുണ്ടായേക്കാം. ഒരു ബ്രാന്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റൊന്ന് തിരഞ്ഞെടുക്കപ്പെടാം. ഇഷ്ട ബ്രാന്‍ഡുകളുടെ പ്രയോജനം മറ്റ് ബ്രാന്‍ഡുകളിലൂടെ സാധ്യമാകുന്നുണ്ടോയെന്നാണ് ഉപഭോക്താക്കള്‍ നോക്കുന്നത്. ഉദാഹരണത്തിന് ഇഷ്ട ബാന്‍ഡിലുള്ള സോപ്പ് ലഭ്യമല്ലെന്ന കാരണത്താല്‍ മറ്റൊരു ബ്രാന്‍ഡ് ഉപയോഗിക്കാനുള്ള പുതിയ മാനസികാവസ്ഥ ഉപഭോക്താക്കള്‍ക്കിടയില്‍ രൂപപ്പെടുന്നു. കാരണം ഏതു സോപ്പ് ഉപയോഗിച്ചും കുളിക്കാം എന്ന ചിന്തയാണ് അവരില്‍ വളരുന്നത്. മാത്രമല്ല, മാറ്റിവയ്ക്കാനാവാത്ത ആവശ്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ പ്രായോഗികതയ്ക്കാണ് പ്രാധാന്യം നല്‍കപ്പെടുന്നത്.
ഈ കോവിഡ് കാലത്ത് എത്ര വേഗമാണ് ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളെ ആശ്രയിക്കാനും അവ ഉപയോഗിക്കാനും തുടങ്ങിയത്. സാധാരണ കടകളില്‍ പോയി വാങ്ങിയിരുന്ന നിത്യോപയോഗ സാധനങ്ങള്‍ പോലും ഹോം ഡെലിവറിയായി സ്വീകരിച്ചു. അപ്രതീക്ഷിതമായ ആവശ്യകത മാറ്റങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത്തരം മാറ്റം ബ്രാന്‍ഡുകളുടെ കാര്യത്തിലും ഉണ്ടാവുന്നു. ഒന്ന് ലഭ്യമല്ലെങ്കില്‍ മറ്റൊന്നിലേക്ക് മാറാനും ഉപഭോക്താക്കള്‍ മടി കാണിക്കുന്നില്ല. ഇവിടെ ആവശ്യത്തിനാണ് പ്രാധാന്യം നല്‍കപ്പെടുന്നത്.
ഇഷ്ട ബ്രാന്‍ഡില്‍നിന്ന് മറ്റൊന്നിലേക്ക് ഉപഭോക്താക്കള്‍ മാറുന്നതിന് പിന്നെയും കാരണങ്ങളുണ്ടാകാം. ഉല്‍പ്പന്നം മെച്ചപ്പെട്ട ഗുണനിലവാരം പുലര്‍ത്താതിരുന്നാല്‍ ഉപഭോക്താക്കള്‍ക്കുണ്ടാകാവുന്ന നിരാശ, യഥാവിധി ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ബ്രാന്‍ഡിനു കഴിയാതിരിക്കുക, മികച്ച ഉപഭോക്തൃ സേവനം നല്‍കാതിരിക്കുക തുടങ്ങിയവയും ഉപഭോക്താക്കളില്‍ താല്‍പ്പര്യക്കുറവുണ്ടാക്കും. വില കൂടുന്നതുകൊണ്ട് ഇഷ്ട ബ്രാന്‍ഡ് വേണ്ടെന്നു വയക്കുന്നവര്‍ കുറവായിരിക്കും. ഉപഭോക്താവിനെ കൂടുതലായും സ്വാധീനിക്കുന്നത് ബ്രന്‍ഡിന്റെ മൂല്യം തന്നെയാണ്. ബ്രാന്‍ഡിനെക്കുറിച്ച് പ്രതികൂല വാര്‍ത്തകള്‍ ഉണ്ടാകുന്നതും ഉപഭോക്താക്കളുടെ ഇഷ്ടങ്ങളില്‍ മാറ്റങ്ങളുണ്ടാക്കും.
ബ്രാന്‍ഡിനോട് വിധേയത്വമുണ്ടാവാനുള്ള അടിസ്ഥാനകാരണങ്ങളിലൊന്നാണ് ബ്രാന്‍ഡിനും ഉപഭോക്താവിനുമുടയില്‍ സൃഷ്ടിക്കപ്പെടുന്ന വൈകാരിക അടുപ്പം. ഉല്‍പ്പന്നമോ സേവനമോ മുന്നിലെത്തുമ്പോള്‍ അതിന്റെ പ്രയോജനം മനസ്സിലാക്കി അനുയോജ്യമെന്ന് തിരിച്ചറിഞ്ഞ് വാങ്ങുന്നവരും അല്ലാതെ ആകര്‍ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വാങ്ങുന്നവരുമുണ്ട്. പ്രയോജനം തിരിച്ചറിഞ്ഞു വാങ്ങുന്നവര്‍ ബ്രാന്‍ഡിനെ മനസ്സിലാക്കുമെന്നുള്ളതിനാല്‍ അവര്‍ അത് വീണ്ടും ഉപയോഗിക്കാനും ഇഷ്ടപ്പെടും.
ആദ്യമായി വാങ്ങുന്നവരും പ്രയോജനം തിരിച്ചറിയുകയും താല്‍പ്പര്യം ഉണ്ടാവുകയാണെങ്കില്‍ അവരും വീണ്ടും വാങ്ങാന്‍ തയ്യാറാകും. ഭക്ഷ്യവിഭവങ്ങള്‍, സോപ്പ്, അലക്കുപൊടി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ പോലുള്ള സേവനങ്ങള്‍ തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നവയാണ്. അനുഭവങ്ങള്‍ യഥാവിധി ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാവുമ്പോഴാണ് കൂടുതല്‍ ആസ്വാദ്യകരമാകുകയും ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിനോട് താല്‍പ്പര്യം വര്‍ധിക്കുകയും ചെയ്യുന്നത്. സംതൃപ്തി നല്‍കുന്നതായതിനാല്‍ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നം സ്വന്തമാക്കുക എന്നതാവും ഉപഭോക്താവിന്റെ ലക്ഷ്യം.
പക്ഷേ ഇക്കാലത്ത് വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപഭോക്താക്കള്‍ വേഗത്തില്‍ മാറ്റങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ തയ്യാറാകുന്നു. എതിര്‍ ബ്രാന്‍ഡുകളിലേക്ക് വളരെ വേഗം ഉപഭോക്താക്കള്‍ പോയേക്കാം. ഈ അവസരത്തില്‍ ഉപഭോക്താവിന്റെ മനസ്സ് വായിച്ചെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് അവരെ ആകര്‍ഷിക്കുന്നതിന് സഹായകമാണ്. ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക, ആവശ്യമായ പ്രചാരണങ്ങള്‍ അവതരിപ്പിക്കുക എന്നതു തന്നെയാണ് മുഖ്യം.