Health

മലയാളികളെ നല്ല ഭക്ഷണശീലം പഠിപ്പിക്കാന്‍ ഷാജി അയ്യപ്പന്റെ ‘തപസ്’

ജൈവഉല്‍പന്നങ്ങളുടെ ഉപയോഗം മാത്രമാണ് മായത്തില്‍ നിന്ന്
രക്ഷനേടാനുള്ള ഏക പ്രതിവിധി. മലയാളികളെ മികച്ച ഭക്ഷ്യസംസ്‌കാരം പരിചയപ്പെടുത്തുകയാണ് പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന തപസ് നാച്യുറല്‍സും ഉടമ ഷാജി അയ്യപ്പനും

നമ്മുടെ ഭക്ഷണസാധനങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മായം ചേര്‍ക്കാത്തതായി എന്താണുള്ളത് ? അരിയും വെളിച്ചെണ്ണയും ഉള്‍പ്പെടെ സകല വസ്തുക്കളിലും പലവിധത്തിലുള്ള മായം ചേര്‍ന്നിരിക്കുന്നു. ഫലമോ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും. ജൈവഉല്‍പന്നങ്ങളുടെ ഉപയോഗം മാത്രമാണ് മായത്തില്‍ നിന്ന് ക്ഷനേടാനുള്ള ഏക പ്രതിവിധി. മലയാളികളെ മികച്ച ഭക്ഷ്യസംസ്‌കാരം പരിചയപ്പെടുത്തുകയാണ് പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന തപസ് നാച്യുറല്‍സും ഉടമ ഷാജി അയ്യപ്പനും.

Advertisement

ഷാജി അയ്യപ്പന്‍

ആരോഗ്യമുള്ള പൗരന്മാരിലൂടെയാണ് ആരോഗ്യമുള്ള ജനതയുടെ വളര്‍ച്ച. എന്നാല്‍ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മലയാളികള്‍ കാലിടറി വീഴുന്നു. ജങ്ക്ഫുഡ് സംസ്‌കാരം നമുക്ക് സമ്മാനിച്ചിരിക്കുന്നത് ഷുഗറും കൊളസ്‌ട്രോളും അമിതവണ്ണവും ഉള്‍പ്പെടെയുള്ള ഒരുപിടി ജീവിതശൈലി രോഗങ്ങളെയാണ്. കൃത്യമായ നിയന്ത്രണത്തിന്റെ അഭാവത്തില്‍ ഈ ഭക്ഷണശീലം കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ഇവിടെയാണ് കോട്ടയം സ്വദേശിയായ ഷാജി അയ്യപ്പന്‍ എന്ന സംരംഭകന്റെ പ്രാധാന്യം. മലയാളികളെ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തില്‍ കൊറോണക്കാലത്ത് ഷാജി അയ്യപ്പന്‍ തുടക്കമിട്ട തപസ് നാച്യുറല്‍സ് എന്ന സ്ഥാപനം പൂര്‍ണമായും ജൈവകൃഷിരീതിയില്‍ ഉല്‍പ്പാദിപ്പിച്ചെടുത്ത ഭക്ഷ്യ വിഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന കര്‍ക്കിടകമാസത്തില്‍ തപസ് നാച്യുറല്‍സ് പോലൊരു സ്ഥാപനം ഉപഭോക്തൃ തലത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

സര്‍വത്ര മായം

പണ്ടത്തെ മായം ധാന്യങ്ങളിലും പയറു വര്‍ഗങ്ങളിലും തൂക്കവും അളവും കൂട്ടാന്‍ ചീത്തയായ ധാന്യങ്ങളോ മണല്‍, ചരല്‍പ്പൊടി മുതലായ സാധാരണ വസ്തുക്കളോ ചേര്‍ക്കുക ആയിരുന്നു. പഴം, പച്ചക്കറി മുതലായവ അവയുടെ നിറം, മണം, രുചി മുതലായവയില്‍ നിന്നും മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. ഇന്നു സ്ഥിതി അതല്ല. മായം ചേര്‍ക്കലും മുന്തിയ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ കണ്ടുപിടിക്കുവാനും ഉന്നത സാങ്കേതിക വിദ്യ ആവശ്യമാണ്.

പാലില്‍ വെള്ളം ചേര്‍ക്കുന്നത് മനസ്സിലാക്കുവാന്‍ മെലാമിന്‍, യൂറിയ എന്നീ രാസവസ്തുക്കള്‍ ചേര്‍ത്ത് അതിലെ കൊഴുപ്പിന്റെ അളവ് കണക്കാക്കുന്നതിനെ തടയാന്‍ സാധിക്കും എന്നറിവുള്ള മായം ചേര്‍ക്കല്‍ വിദഗ്ദ്ധരും, എണ്ണ, അലക്കുപൊടി, യൂറിയ ഇവ ചേര്‍ത്ത്, യഥാര്‍ഥ പാലിനെ വെല്ലുന്ന കൃത്രിമ പാലുണ്ടാക്കുന്ന മായാജാലക്കാരും ഒക്കെ വാഴുന്ന നാടാണ് ഇത് എന്നത് ഏറെ ദുഖകരമായ സത്യമാണ്.

മനുഷ്യനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളില്‍ 60 ശതമാനത്തിനും കാരണം മോശം ഭക്ഷണശീലങ്ങളാണ്. അത് ജങ്ക്ഫുഡ്, ടിന്‍ ഫുഡ് എന്നിവയുടെ ഉപയോഗം മാത്രമല്ല. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഏതൊരു ഉല്‍പ്പന്നം പരിശോധിച്ചാലും അതില്‍ മായത്തിന്റെ അളവ് കണ്ടെത്താന്‍ കഴിയും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കളില്‍ ഇത്തരത്തില്‍ മായം കലര്‍ത്തുന്നതായാണ് തെളിഞ്ഞിരിക്കുന്നത്.

ലക്ഷ്യം അമിതലാഭം തന്നെ. ആട്ടയിലും മൈദയിലും ബെന്‍സോയിക് ആസിഡും ബല്‍ച്ചിങ് പൗഡറും, പാലില്‍ യൂറിയയും സോപ്പ് പൊടിയും, കുത്തരിയില്‍ റെഡ്ഓക്സൈഡ്, മല്‍സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും, കോഴിയിറച്ചിയില്‍ ഈസ്ട്രജനും ആന്റിബയോട്ടിക്കുകളും. കറുവപ്പട്ടയ്ക്ക് പകരം മാരക വിഷമടങ്ങിയ കാസിയ, മുളക് പൊടിയില്‍ സുഡാന്‍ റെഡ്, പപ്പായക്കുരു, ശര്‍ക്കരയില്‍ ടെട്രാസെന്‍, വെളിച്ചെണ്ണയില്‍ ലിക്വിഡ് പാരഫിനും റബര്‍കുരു എണ്ണയും നിറം മാറ്റിയ കരിഓയിലും വരെ ചേര്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.

പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ധാന്യങ്ങള്‍ക്കുമെല്ലാം നിറം നല്‍കുന്നതിനായി പലവിധ നിറക്കൂട്ടുകളും ഉപയോഗിക്കുന്നു. പലപ്പോഴും കാര്യമായ പരിശോധയൊന്നും കൂടാതെയാണ് ഇത്തരം മായം കലര്‍ന്ന വസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തുന്നത്.നല്ല ഭക്ഷണം, നല്ല ഉറക്കം ഇവ രണ്ടും നല്‍കുന്ന സന്തോഷത്തെ മറികടക്കാന്‍ മറ്റൊന്നില്ല എന്നാണു പഴമക്കാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ പുതുതലമുറയിലെ ആളുകള്‍ക്കും അഭിപ്രായ വ്യത്യസമില്ല. എന്നാല്‍ ഒരൊറ്റ ചോദ്യം, അത് ഇപ്പറയുന്ന ജനങ്ങളെ മുഴുവന്‍ ആശയക്കുഴപ്പത്തിലാക്കുക തന്നെ ചെയ്യും. ഈ ആശയക്കുഴപ്പം ഒഴിവാക്കുകയാണ് തപസ് നാച്യുറല്‍സ് എന്ന സ്ഥാപനം. പൂര്‍ണമായും ജൈവ കാര്‍ഷികാവല്‍പ്പന്നങ്ങള്‍ മാത്രമാണ് തപസ് വിതരണം ചെയ്യുന്നത്.

എന്താണ് നല്ല ഭക്ഷണം ?

രുചികരമായ ഭക്ഷണമാണ് നല്ല ഭക്ഷണം എന്നും വിലയേറിയ ഭക്ഷണമാണ് നല്ല ഭക്ഷണമെന്നും പലവിധ അഭിപ്രായങ്ങള്‍ ഈ ചോദ്യത്തിന് ബദലായി ഉയരും. എന്നാല്‍ ഈ ചോദ്യം ഏറ്റുമാനൂര്‍ സ്വദേശിയായ ഷാജി അയ്യപ്പന്‍ എന്ന സംരംഭകനോടാണ് എങ്കില്‍ ഉത്തരം തീര്‍ത്തും വ്യത്യസ്തമായിരിക്കും. ആരോഗ്യകരമായ മൂലകങ്ങളാല്‍ സമ്പന്നമായ, ആരോഗ്യത്തിനു ഹാനികരമായ ചേരുവകള്‍ ഒന്നും തന്നെ ചേര്‍ക്കാത്ത, തീര്‍ത്തും പ്രകൃതിദത്തമായ ഭക്ഷണത്തെ മാത്രമേ നല്ല ഭക്ഷണം എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയുള്ളൂ. അത്തരം ഭക്ഷണം എങ്ങനെ ലഭിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ ഷാജി അയ്യപ്പന്‍ എന്ന സംരംഭകനെയും അദ്ദേഹത്തിന്റെ സംരംഭക യാത്രയും അടുത്തറിയണം.

തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രവര്‍ത്തനമേഖലയില്‍ നിന്നും നിയോഗം കൊണ്ടുമാത്രം ഭക്ഷ്യ വിപണന രംഗത്തേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ് ഷാജി അയ്യപ്പന്‍. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന ഷാജി അയ്യപ്പന്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലായിരുന്നു. പഠനത്തിന് ശേഷം ആ മേഖലയില്‍ തന്നെ ജോലിയും ലഭിച്ചു. ടാജ് ഹോട്ടല്‍ ശൃംഖലയുടെ ഭാഗമായി മാനേജ്മെന്റ് ട്രെയിനിയായി തന്റെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ച ഷാജി അയ്യപ്പന്‍ പിന്നീട് വിദേശത്തും ജോലി ചെയ്തു.

അങ്ങനെയിരിക്കെയാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേഖലയില്‍ താല്‍പര്യം തോന്നുന്നതും ആ രംഗത്തേക്ക് പ്രവേശിക്കുന്നതും. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനും വിജയം നേടാനും താല്‍പര്യപ്പെടുന്ന ഷാജി അയ്യപ്പന്‍ പിന്നീട് ബില്‍
ഡിംഗ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് കടന്നു. കേരളത്തിനും പുറത്തുമായി നിരവധി പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കി ഏകദേശം ഒരു പതിറ്റാണ്ടുകാലം ഒരു ബില്‍ഡര്‍ എന്ന നിലയില്‍ തന്റെ വിജയമാഘോഷിച്ചു.

കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ച പുസ്തകം

തന്റെ തൊഴില്‍മേഖലയില്‍ വ്യാപൃതനായിരിക്കുമ്പോള്‍ തന്നെ പുസ്തക വായന ഏറെ ആസ്വദിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ബിസിനസുമായി ബന്ധപ്പെട്ട പുസ്തകങ്ങളോടും സംരംഭകരുടെ വിജയകഥകളോടും അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമായിരുന്നു. ആ താല്‍പര്യമാണ് ആഗോള സംരംഭകനും വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകനും ഗ്രന്ഥകാരനുമായ റിച്ചാര്‍ഡ് ബ്രാന്‍ഡ്സന്റെ ടരൃലം ആൗശെില ൈഅ െഡൗെമഹ എന്ന പുസ്തകത്തിലേക്ക് അടുപ്പിക്കുന്നത്. തന്റെ ബിസിനസിന്റെ വളര്‍ച്ചയും മുന്നോട്ടുള്ള കുതിപ്പും സ്വപ്നം കണ്ടാണ് ഷാജി അയ്യപ്പന്‍ ആ പുസ്തകം വായിച്ചു തുടങ്ങിയതെങ്കിലും ആ പുസ്തകം അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറ്റിമറിക്കുകയായിരുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങള്‍കൊണ്ട് ലോകത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഷാജി അയ്യപ്പന്‍ ചിന്തിച്ചത്. മനുഷ്യന്റെ വിശനാശത്തിനു കാരണമാകുന്ന രീതിയിലുള്ള വൈറസ് ആക്രമണങ്ങള്‍, സുനാമി, ഭൂമികുലുക്കങ്ങള്‍ അങ്ങനെ പലവിധ അപകടങ്ങള്‍ക്കും മൂലകാരണം മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന അനീതിയാണ് എന്ന് അദ്ദേഹത്തിന് തോന്നി. ആയിടക്കാണ് ലോകത്തിന്റെ കാന്‍സര്‍ തലസ്ഥാനം എന്ന പേരിലേക്ക് കേരളം അടുക്കുന്നതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ മൂലകാരണം അന്വേഷിച്ച് ഷാജി അയ്യപ്പന്‍ നടത്തിയ യാത്രയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ഭക്ഷണശീലങ്ങളില്‍ വന്ന ഭീമമായ മാറ്റം, കെമിക്കലുകള്‍ ചേര്‍ത്ത കാര്‍ഷിക വിഭവങ്ങളുടെ ഉപയോഗം, വര്‍ധിച്ചു വരുന്ന ജങ്ക്ഫുഡ് സംസ്‌കാരം അങ്ങനെ ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ പലവിധ മാരകരോഗങ്ങള്‍ക്കും മനുഷ്യര്‍ ഇരകളാകുന്നതിനു പിന്നില്‍ വിഷമയമായ ഭക്ഷണത്തിനും ഒരു വലിയപങ്ക് ഉണ്ടെന്ന് അദ്ദേഹം മനസിലാക്കി.

വിപണിയില്‍ ലഭ്യമായ പച്ചക്കറികളുടെയും പഴങ്ങളുടെഉയും എന്തിനേറെ ധാന്യങ്ങളുടെ വരെ ഗുണമേന്മ പരീക്ഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അതില്‍ ചേര്‍ക്കുന്ന ഉയര്‍ന്ന അളവിലുള്ള രാസവസ്തുക്കളെയും മറ്റ് കെമിക്കലുകളേയുംകുറിച്ചാണ്. തവിട് നീക്കം ചെയ്ത അരി മുതല്‍ പഴുക്കുന്നതിനായി കാര്‍ബൈഡ് ചേര്‍ക്കുന്ന മാമ്പഴം വരെ പലതും ശരീരത്തിന് ഹാനികരമാണ് എന്ന വസ്തുത ഷാജി അയ്യപ്പന്‍ തിരിച്ചറിഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് തന്നെയാണല്ലോ ഭക്ഷിക്കുന്നതെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടി.തന്റെ ഇത്രയും നാളത്തെ സംരംഭക ജീവിതം കൊണ്ട് താന്‍ സമൂഹത്തിനും ആരോഗ്യമുള്ള ഒരു ജനതയുടെ വളര്‍ച്ചയ്ക്കുമായി എന്ത് നല്‍കി എന്ന ചോദ്യത്തില്‍ നിന്നുമാണ് ഷാജി അയ്യപ്പന്‍ ജൈവ ഉല്‍പന്നങ്ങളുടെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നത്.

എന്നാല്‍ തനിക്ക് ചുറ്റുമുള്ള കര്‍ഷകരില്‍ ഏറിയപങ്കും രാസവളപ്രയാഗത്തിലൂടെയും കീടനാശിനികളുടെ പ്രയോഗത്തിലൂടെയും ജൈവകൃഷിയില്‍ നിന്നും ഏറെ അകന്നിരിക്കുന്നതായി അദ്ദേഹം മനസിലാക്കി. എന്നാല്‍ വിപണിയില്‍ ജൈവോല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട് താനും. ഇത് മനസിലാക്കിയാണ് ഷാജി അയ്യപ്പന്‍ ജൈവ കൃഷിയുടെ സാധ്യതകളെപ്പറ്റി പഠിക്കാനായി ഇറങ്ങുന്നത്. എന്നാല്‍ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. കോടികളുടെ വരുമാനമുള്ള ബിസിനസ് വിട്ട് ജൈവകൃഷിക്ക് പിന്നാലെ പോകാന്‍ തീരുമാനമെടുത്തപ്പോള്‍ പലവിധ ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാല്‍ ഇച്ഛാശക്തികൊണ്ട് തനിക്ക് മുന്നിലുള്ള തടസ്സങ്ങളെ അദ്ദേഹം മറികടക്കുകയായിരുന്നു.

ജൈവകൃഷിക്കായി സഞ്ചരിച്ചത് പലനാടുകളില്‍

നമ്മുടെ നാട്ടില്‍ തന്നെ എല്ലാം ജൈവികമായ രീതിയില്‍ ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഷാജി അയ്യപ്പന്‍, ജൈവകൃഷി രീതി നിലവിലുള്ള സ്ഥലങ്ങള്‍ തേടി യാത്ര ചെയ്തു. വയനാട്, പാലക്കാട്, ആലപ്പുഴ, ഈറോഡ്, തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കാര്‍ഷിക ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയില്‍ നിന്നും നിരവധി ജൈവ കര്‍ഷകരെ അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞു. ഇവയില്‍ പലരും തങ്ങള്‍ ഉല്‍പാദിപ്പിച്ച ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നവരായിരുന്നു.

ഇവിടെ സംരംഭകന്‍ എന്ന നിലയില്‍ ഷാജി അയ്യപ്പന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുള്ള ജൈവ കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന ഗുണമേന്മയുള്ള കാര്‍ഷികോല്പന്നങ്ങള്‍ ശേഖരിച്ച് കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുക. ഈ പദ്ധതി അദ്ദേഹം താമസംവിനാ തപസ് നാച്യുറല്‍സ് എന്ന പേരില്‍ യാഥാര്‍ഥ്യമാക്കി. കൊച്ചിയില്‍ വൈറ്റില എന്ന സ്ഥലത്താണ് തപസ് നാച്യുറല്‍സ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള ജൈവകര്‍ഷകരുമായി കരാറുണ്ടാക്കുകയാണ് ഇതിനായി അദ്ദേഹം ആദ്യം ചെയ്തത്. വെറുതെ കരാറുണ്ടാക്കുകയല്ല, മറിച്ച് പ്രസ്തുത കര്‍ഷകരുടെ കൃഷിരീതികള്‍ നേരിട്ട് കണ്ടു മനസിലാക്കി, മണ്ണിലോ കാര്‍ഷിക വിഭവങ്ങളിലോ യാതൊരുവിധ കെമിക്കലുകളും ചേര്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു ബിസിനസ് ഉറപ്പിച്ചിരുന്നത്. തന്റെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ഓര്‍ഗാനിക് ഫാമിംഗിലേക്കും അദ്ദേഹം കടന്നു.”തപസ് നാച്യുറല്‍സ് എന്ന എന്റെ സംരംഭം കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് യാതൊരുവിധത്തിലും വിഷമയമാകാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തുക എന്നതാണ്. അതിനായാണ് ഞാനും എന്റെ ടീമും ശ്രമിക്കുന്നത്. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി വിഭാഗവുമായി ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് കരാറുണ്ട്.

ഞങ്ങളുടെ പഠനത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജൈവ കാര്‍ഷികോല്പന്നങ്ങള്‍ നിര്‍മിക്കുന്നത് അവരാണ്. എന്നാല്‍ നല്ല പാക്കിംഗ്, വിപണി എന്നിവയുടെ അഭാവം മൂലം മികച്ച വിപണി കണ്ടെത്തനാറും നല്ല വരുമാനം നേടാനും അവര്‍ക്ക് കഴിയുന്നില്ല. തപസ് നാച്യുറല്‍സ് ഇത്തരക്കാരില്‍ നിന്നുമാണ് ഗുണനിലവാര പരിശോധന നടത്തിയ ശേഷം ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്. ഇതിലൂടെ മികച്ച വരുമാനം നേടാന്‍ അവര്‍ക്കും കഴിയുന്നു. ചുരുക്കത്തില്‍ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു പ്രവര്‍ത്തനമാണ് ജൈവ കാര്‍ഷിക വിഭവങ്ങളുടെ വിപണനത്തിലൂടെ തപസ് നാച്യുറല്‍സ് കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെയാണ് പ്രതിരോധശേഷി ഏറെ ആവശ്യമുള്ള കൊറോണക്കാലത്ത് തന്നെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്”സിഇഒ ഷാജി അയ്യപ്പന്‍ പറയുന്നു.

ദി കംപ്ലീറ്റ് ഓര്‍ഗാനിക് സ്റ്റോര്‍

പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു വിപണന കേന്ദ്രം എന്ന നിലയ്ക്കാണ് കൊച്ചി – വൈറ്റിലയില്‍ തപസ് നാച്യുറല്‍സ് പ്രവര്‍ത്തിക്കുന്നത്. വയനാട്, പാലക്കാട് മേഖലകളില്‍ നിന്നും എത്തിക്കുന്ന അപൂര്‍വമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഈറോഡില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന ധാന്യങ്ങള്‍, വിഷമയമില്ലാത്ത പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ തപസ് നാച്യുറല്‍സില്‍ ഒരുക്കിയിരിക്കുന്നു. നിലവില്‍ ഉല്‍പ്പാദനം വളരെ കുറവുള്ള ചെന്നെല്ല്, മുള്ളന്‍ കൈമ, രക്തശാലി തുടങ്ങിയ ഇനം അരികളും ഇവിടെ ലഭ്യമാണ്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മസാലകള്‍, തുടങ്ങിയവയും സ്ഥാപനത്തിലുണ്ട്. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

”നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍പ്പാപ്പ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് കിഡ്നി സംബന്ധമായ അസുഖത്തിനുള്ള ഒരു ഡയാലിസിസ് യൂണിറ്റ് അനിവാര്യമായി വന്നു. എന്നാല്‍ അന്ന് അത് ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു ഇവിടെ. കാരണം ഇവിടെ അതിനുമാത്രം കിഡ്നി രോഗികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ, ചുറ്റുപാടും ധാരാളം ഡയാലിസിസ് യൂണിറ്റുകള്‍ കാണാം. കാരണം അതിനുമാത്രം വൃക്ക രോഗികള്‍ ഇവിടെയുണ്ട്. ഇതെല്ലം തന്നെ മോശമായ ഒരു ഭക്ഷ്യ സംസ്‌കാരത്തിന്റെ കൂടി ഭാഗമായി ഉണ്ടാകുന്നതാണ്. അതിനാല്‍ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണം എന്ന തോന്നലില്‍ നിന്നുമാണ് തപസ് നാച്യുറല്‍സിന്റെ പ്രവര്‍ത്തനം” ഷാജി അയ്യപ്പന്‍ പറയുന്നു.

സാമൂഹിക പ്രതിബദ്ധതയാര്‍ന്ന സ്ഥാപനം

ബിസിനസ് എന്നതില്‍ ഉപരിയായി സാമൂഹിക പ്രതിബദ്ധതയര്‍ന്ന ബിസിനസ് എന്ന നിലക്ക് വേണം തപസ് നാച്യുറല്‍സിനെ അടയാളപ്പെടുത്താന്‍. വിപണി കണ്ടെത്താന്‍ വിഷമിക്കുന്ന ജൈവ കര്‍ഷകര്‍ക്ക് മികച്ച വിപണിയും വരുമാനവും നേടിക്കൊടുക്കുക, ആരോഗ്യകരമായ ഭക്ഷണത്തിലേക്കും ജീവിതചര്യയിലേക്കും ആളുകളെ നയിക്കുക തുടങ്ങിയ രണ്ടു ലക്ഷ്യങ്ങള്‍ ഉള്‍ച്ചേര്‍ത്താണ് തപസ് നാച്യുറല്‍സ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ നിരവധി ആദിവാസി കര്‍ഷകര്‍ക്ക് സ്ഥിരം വരുമാനവും മെച്ചപ്പെട്ട ജീവിതരീതിയും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കളെ കര്‍ഷകരോട് അടുപ്പിക്കുന്നതിനായി കാര്‍ഷികോത്സവങ്ങള്‍, കൊയ്തഘോഷങ്ങള്‍ എന്നിവ നേരിട്ട് കാണാനും തപസ് നാച്യുറല്‍സ് അവസരമൊരുക്കുന്നു. ഒരു ബിസിനെസ്സ് എന്നതിനും അപ്പുറം അന്നം ഉണ്ടാക്കുന്ന വരോടുള്ള ആത്മാര്‍ഥത ഷാജി അയ്യപ്പന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാണ്.

ഇ സ്റ്റോര്‍, ഫ്രാഞ്ചൈസികള്‍ എന്നിവ ലക്ഷ്യം

തപസ് നാച്യുറല്‍സ് പ്രവര്‍ത്തനമാരംഭിച്ച് വളരെ ചുരുക്കം സമയത്തിനുള്ളില്‍ തന്നെ വളരെ വിശാലമായ ഒരു ഉപഭോക്തൃ നിരയെ സ്വന്തമാക്കി കഴിഞ്ഞു. ഒപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞു നിരവധി ജൈവകര്‍ഷകര്‍ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. നിലവില്‍ എറണാകുളത്ത് മാത്രമാണ് ജൈവ ഉല്‍പ്പന്നങ്ങളുടെ വിതരണം നടക്കുന്നത്. കേരളത്തിലൊട്ടാകെ തപസ് നാച്യുറല്‍സ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യണം എന്നാണ് ഷാജി അയ്യപ്പന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ഇ സ്റ്റോര്‍ തുടങ്ങി ഇ കൊമേഴ്സ് വിപണിയിലേക്ക് കടക്കാനിരിക്കുകയാണ് അദ്ദേഹം. മാത്രമല്ല, സ്ഥാപനത്തിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഫ്രാഞ്ചൈസികള്‍ നല്‍കാനും അദ്ദേഹം തയ്യാറെടുത്ത് കഴിഞ്ഞു.

ഇത് പ്രകാരം ജൈവ കാര്‍ഷിക രംഗത്ത് താല്‍പര്യമുള്ള ഏതൊരു വ്യക്തിക്കും ഫ്രാഞ്ചൈസിക്കായി അപേക്ഷിക്കാം. താലൂക്ക് അടിസ്ഥാനത്തില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.”ഓര്‍ഗാനിക് ഭക്ഷണം തെരഞ്ഞെടുക്കണം എന്ന് പറയുമ്പോള്‍ ചെലവ് കൂടുതലാണ് എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഒരു മാസത്തേക്കുള്ള എല്ലാ വസ്തുക്കളും വാങ്ങുമ്പോള്‍ തന്നെ 1000 രൂപയുടെ മാത്രം വ്യത്യാസമാണ് ടോട്ടല്‍ ബജറ്റില്‍ വരുന്നത്” ഷാജി അയ്യപ്പന്‍ പറയുന്നു.

ആരോഗ്യ സംരക്ഷണത്തിന്റെ കര്‍ക്കിടകം

പൊതുവെ അസ്വസ്ഥതയും അലസതയും നിറഞ്ഞ മാസമാണ് കര്‍ക്കിടകം. ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളപ്പെടുന്നത് ഈ മാസത്തിലാണ് എന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ കര്‍ക്കിടകത്തില്‍ ആരോഗ്യസംബന്ധമായ ചികിത്സകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, ജീവിതചര്യകള്‍ എന്നിവ പിന്തുടരുവാന്‍ പറ്റിയ സമയം കൂടിയാണ് കര്‍ക്കിടകം. ജൈവ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗത്തിനും അതിലൂടെയുള്ള ആരോഗ്യസംരക്ഷണത്തിനും പറ്റിയ സമയം കൂടിയാണ് ഇത്. അതിനാല്‍ തന്നെ കര്‍ക്കിടകത്തിലെ ആരോഗ്യസംരക്ഷണത്തില്‍ തപസ് നാച്യുറല്‍സും ഷാജി അയ്യപ്പന്‍ എന്ന സംരംഭകനും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top