നമ്മള്‍ മനുഷ്യരെ പോലെ വാഹനങ്ങള്‍ക്ക് ജീവനുണ്ടായിരുന്നു എങ്കിലോ? അതിലുപരിയായി അവര്‍ക്ക് മനുഷ്യരെ പോലെ വികാര വിചാരങ്ങളും ആശയവിനിമയ ശേഷിയും ഉണ്ടായിരുന്നെങ്കിലോ ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ചിന്തിച്ചു നോക്കണം. നമ്മുടെ പോര്‍ച്ചില്‍ കിടക്കുന്ന കാറിനും ബൈക്കിനും ഒക്കെ ചിന്തിക്കാനും വര്‍ത്തമാനം പറയാനുമെല്ലാം കഴിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ വേറെ ലെവല്‍ ആയേനെ അല്ലെ ?
ഇത്തരത്തില്‍ രസകരമായി വാഹനങ്ങളുടെ പ്രണയകഥ ഭാവനയില്‍ കാണുകയും അത് അടിസ്ഥാനപ്പെടുത്തി ഒരു ഹ്രസ്വ ചിത്രം നിര്‍മിക്കുകയും ചെയ്തിരിക്കുകയാണ് അമേരിക്കന്‍ മലയാളിയായ സിജിത്തും കൂട്ടരും. ഇത്തരത്തില്‍ വേറിട്ട ഒരു ആശയം മനസ്സില്‍ വന്നപ്പോള്‍ സിജിത്ത് അത് അമേരിക്കയില്‍ തന്നെയുള്ള തന്റെ സുഹൃത്തുക്കളുമായി പങ്കുവച്ചു. കേട്ടപ്പോള്‍ എല്ലാവര്‍ക്കും സമ്മതം.
സസ്പെന്‍സും ത്രില്ലറും പ്രണയവും എല്ലാം സാമാസമം ചേര്‍ത്ത സിനിമയെ വെല്ലുന്ന ഒരു കിടിലന്‍ ലവ് സ്റ്റോറി തന്നെയാണ് ഇത്
അഭിനേതാക്കള്‍ എല്ലാവരും തന്നെ നല്ല ഒന്നാന്തരം കളിപ്പാട്ട വാഹനങ്ങള്‍. എന്നാല്‍ അവയിലൂടെ പറയുന്നതോ നമ്മള്‍ മനുഷ്യരുടെ ജീവിതത്തോട് കിടപിടിച്ചേക്കാവുന്ന കഥയും. സാങ്കേതിക സഹായം, കാമറ, ഡബ്ബിംഗ് അങ്ങനെ എല്ലാവിധ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി സുഹൃത്തുക്കള്‍ എത്തിയതോടെ ആ യമണ്ടന്‍ ‘ഓട്ടോമൊബീല്‍’ പ്രണയകഥ പിറന്നു, പേര് -ഒരു പ്രേമ കഥ!
ഒരു പ്രേമ കഥയുടെ ആശയവും കഥയുമെല്ലാം തന്നെ സിജിത്ത് സിജിത് വള്ളിയാങ്കലിന്റേതാണ്. എഡിറ്റിങ്, സംവിധാനം എന്നിവയും സിജിത്ത് തന്നെ നിര്‍വഹിച്ചു. സംഭാഷണം ഒഴികെയുള്ള കാര്യങ്ങള്‍ എല്ലാം നിര്‍വഹിച്ചിരിക്കുന്നത് അമേരിക്കന്‍ മലയാളികള്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള സുഹൃത്തുക്കളാണ്. സസ്പെന്‍സും ത്രില്ലറും പ്രണയവും എല്ലാം സാമാസമം ചേര്‍ത്ത സിനിമയെ വെല്ലുന്ന ഒരു കിടിലന്‍ ലവ് സ്റ്റോറി തന്നെയാണ് ഇത്.
നായകനും നായികയും വില്ലനും എല്ലാം വാഹനങ്ങള്‍ തന്നെ. ഐടി എന്‍ജിനീയര്‍ ആയ സിജിത്ത് തന്നെയാണ് ചിത്രലേക്കുള്ള ഗാനവും രചിച്ചിരിക്കുന്നത്. ആര്‍ഷ അഭിലാഷ് ആണ് കഥ പ്രേക്ഷകര്‍ക്കായി വ്യാഖ്യാനിക്കുന്നത്. ലോക്ക് ഡൗണില്‍ പിറന്ന ഈ കുഞ്ഞു സിനിമയെ വാഹനപ്രേമികളും ഏറെ കൗതുകത്തോടെയാണ് നോക്കികാണുന്നത്. കലാസ്‌നേഹിയായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്രിയാത്മകതയ്ക്ക് അതിര്‍വരമ്പുകള്‍ ഇല്ലെന്നാണ് സിജിത്ത് തെളിയിക്കുന്നത്.