Inspiration

ഈ കേരള സ്റ്റാര്‍ട്ടപ്പില്‍ മഹീന്ദ്ര നിക്ഷേപം നടത്താന്‍ കാരണമിതാണ്!

സാക്ഷാല്‍ മഹീന്ദ്രയെ വരെ ആകര്‍ഷിച്ച മലയാളി സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിന്റെ കഥ ഇതാ

സുരാജ് വെഞ്ഞാറമൂടിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന സിനിമയിലെ കുഞ്ഞപ്പന്‍ ഒരു റോബോട്ട് ആയിരുന്നു. ഭാസ്‌കരന്‍ പൊതുവാള്‍ എന്ന തന്റെ യജമാനന്റെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മിടുക്കന്‍ റോബോട്ട്. കുഞ്ഞപ്പനെ പോലുള്ള റോബോട്ടുകള്‍, മൊബീലുകളെ പോലെ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറുന്ന കാലം വിദൂരമല്ലെന്നാണ് തിരുവനന്തപുരം ആസ്ഥാനമായ ജെന്‍ റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനും സിഇഒ യുമായ വിമല്‍ ഗോവിന്ദ് പറയുന്നത്. മാന്‍ഹോളുകള്‍ ശുചിയാക്കുന്നതിനായി ലോകത്തില്‍ തന്നെ ആദ്യമായി ഒരു റോബോട്ടിന് രൂപം നല്‍കി പേരെടുത്ത സ്റ്റാര്‍ട്ടപ്പാണ് ജെന്‍ റോബോട്ടിക്സ്.

Advertisement

റോബോട്ടിക്സില്‍ താല്‍പ്പര്യമുള്ള നാല് സഹപാഠികള്‍ ചേര്‍ന്ന് 2017ല്‍ രൂപം നല്‍കിയ ഈ സ്റ്റാര്‍ട്ടപ്പ് ഇന്ന് പ്രവര്‍ത്തന വിപുലീകരണത്തിന്റെ പാതയിലാണ്. കഴിഞ്ഞിടെ നടന്ന നിക്ഷേപ സമാഹരണത്തില്‍ രണ്ടര കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി സ്വന്തമാക്കിയത്. പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപമാണ് ഇതില്‍ ശ്രദ്ധേയം. മുന്‍ നിക്ഷേപകരായ യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്സാണ് പ്രീ സിരീസ് എ നിക്ഷേപ സമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കിയത്. ആനന്ദ് മഹീന്ദ്രയെ കൂടാതെ സീ ഫണ്ട് എന്ന നിക്ഷേപക സ്ഥാപനവും ജെന്‍ റോബോറ്റിക്‌സില്‍ പുതിയതായി നിക്ഷേപം നടത്തിയിട്ടുണ്ട്.

വിമല്‍ ഗോവിന്ദ്

മഹീന്ദ്രയെ ആകര്‍ഷിച്ച റോബോട്ടിക് സ്‌കാവെന്‍ജിംഗ്

മനുഷ്യര്‍ക്ക് പകരം മാന്‍ഹോളുകളും മറ്റ് മാലിന്യക്കുഴികളും വൃത്തിയാക്കാന്‍ സാധിക്കുന്ന ബാന്‍ഡികൂട്ട് എന്ന റോബോട്ടിക് സൊലൂഷനാണ് ആനന്ദ് മഹീന്ദ്രയെ ജെന്‍ റോബോട്ടിക്സിലേക്ക് ആകര്‍ഷിച്ചത്. മാനുവല്‍ സ്‌കാവെന്‍ജിംഗില്‍ നിന്നും റോബോട്ടിക് സ്‌കാവെന്‍ജിംഗിലേക്കുള്ള മാറ്റത്തിന് വേഗം പകരുന്നതിനായി ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ബാന്‍ഡികൂട്ടുകളെ വിന്യസിക്കുന്നതിന് സര്‍വ്വപിന്തുണയും ആനന്ദ് മഹീന്ദ്ര ജെന്‍ റോബോട്ടിക്സിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസക്തമായ ഒരു പ്രോഡക്ട് വികസിപ്പിച്ച കമ്പനിയെന്ന നിലയ്ക്ക് അവരുടെ വികസന പദ്ധതികള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് യൂണികോണ്‍ ഇന്ത്യ വെന്‍ചേഴ്സിന്റെ മാനേജിംഗ് പാര്‍ട്ണറായ അനില്‍ ജോഷിയും വ്യക്തമാക്കിയിട്ടുണ്ട്.

ബാന്‍ഡികൂട്ട് എന്ന മനുഷ്യസ്നേഹി റോബോട്ട്

റോബോട്ടിക്സിലുള്ള പൊതുവായ താല്‍പ്പര്യമാണ് കുറ്റിപ്പുറം എംഇഎസ് കോളെജ് ഓഫ് എന്‍ജിനീയറിംഗില്‍ സഹപാഠികളായിരുന്ന വിമല്‍ ഗോവിന്ദ്, കെ റാഷിദ്, എന്‍ പി നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവരെ തമ്മില്‍ അടുപ്പിച്ചത്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഇവര്‍ പഠനകാലത്ത് തന്നെ ജെന്‍ റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പിനുള്ള വിത്ത് പാകിയിരുന്നു. സമൂഹത്തിന് ഗുണം ചെയ്യുന്ന പല ആശയങ്ങളും അന്നേ അവരുടെ മനസില്‍ മുള പൊട്ടിയിരുന്നു. എന്നാല്‍ ആരംഭത്തില്‍ ഏതൊരു സ്റ്റാര്‍ട്ടപ്പും നേരിടുന്ന ഫണ്ടിംഗ് പ്രശ്നങ്ങള്‍ ഇവരെയും അലട്ടി. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നത് വരെ മറ്റ് ജോലികള്‍ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ആയിടയ്ക്കാണ് മാന്‍ഹോള്‍ ശുചീകരണത്തിനിടെ കോഴിക്കോട് രണ്ട് ശുചീകരണ തൊഴിലാളികളും രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറും മാന്‍ഹോളിലെ വിഷവാതകം ശ്വസിച്ച് മരണപ്പെടുന്നത്. ആ ദുരന്തം കൂട്ടുകാരെ ഇരുത്തി ചിന്തിപ്പിച്ചു. എന്‍ജിനീയര്‍ എന്ന നിലയില്‍ സമൂഹത്തിലെ ഇത്തരമൊരു വലിയൊരു പ്രശ്നത്തിന് പരിഹാരം കാണാന്‍ തങ്ങള്‍ക്ക് സാധിക്കില്ലേ എന്ന ചോദ്യത്തിന് ഉത്തരമാണ് പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയ ബാന്‍ഡികൂട്ട് എന്ന റോബോട്ട്. അന്നത്തെ ഐടി സെക്രട്ടറിയുടെ പ്രേരണയിലാണ് ജെന്‍ റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് ബാന്‍ഡികൂട്ട് എന്ന
പ്രോജക്ടുമായി മുന്നോട്ടുപോയത്. പിന്നീട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ഫിനാന്‍സ് കോര്‍പ്പറേഷന്റെയും സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ഇവര്‍ക്ക് ലഭിച്ചു. അങ്ങനെ മാന്‍ഹോളിനുള്ളില്‍ ഇറങ്ങി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ റോബോട്ടായി ബാന്‍ഡികൂട്ട് മാറി.

മാനുവന്‍ സ്‌കാവെന്‍ജിംഗ് അഥവാ തോട്ടിപ്പണി

ലോകത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ജോലികളില്‍ ഒന്നാണ് തോട്ടിപ്പണി. പൊതുനിരത്തുകളിലും കക്കൂസുകളിലുമുള്ള മനുഷ്യ വിസര്‍ജ്യം നീക്കം ചെയ്യല്‍, സെപ്റ്റിക് ടാങ്കുകള്‍, ഗട്ടറുകള്‍, ഓടകള്‍ എന്നിവയുടെ ശുചീകരണം തുടങ്ങിയ പ്രവൃത്തികളാണ് തോട്ടിപ്പണി അഥവാ മാനുവല്‍ സ്‌കാവന്‍ജിംഗ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ ഈ തൊഴില്‍ നിരോധിച്ചുകൊണ്ട് 2013ല്‍ ഇന്ത്യയില്‍ നിയമം വന്നുവെങ്കിലും ബദല്‍ സംവിധാനത്തിന്റെ അഭാവം മൂലം മനുഷ്യരെ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ഹീനപ്രവൃത്തികള്‍ നിര്‍ബാധം തുടര്‍ന്നു. പല സംസ്ഥാനങ്ങളിലും ഇത്തരം ജോലികള്‍ സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്കും ദളിതര്‍ക്കും മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നതാണ് സങ്കടകരമായ മറ്റൊരു വസ്തുത. രാജ്യത്താകമാനം അമ്പത് ലക്ഷത്തോളം ആളുകള്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുന്നുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വായു സഞ്ചാരം കുറഞ്ഞതും ഇടുങ്ങിയതുമായ മാന്‍ഹോളുകള്‍ക്കുള്ളില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏതാണ്ട് 370 ഓളം ശുചീകരണ തൊഴിലാളികളാണ് തോട്ടിപ്പണിക്കിടെ മരണമടഞ്ഞത്. കാനയിലും സെപ്റ്റിക് ടാങ്കുകള്‍ക്കും ഉള്ളിലുള്ള വിഷവാതകം ശ്വസിച്ചാണ് ഇത്തരത്തിലുള്ള മരണങ്ങളില്‍ ഏറെയും സംഭവിക്കാറ്. സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നതിന് പുറമേ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ആളുകളില്‍ എണ്‍പത് ശതമാനം പേരും 60 വയസ് എത്തുന്നതിന് മുന്‍പേ മരണപ്പെടുന്നുവെന്നും ശ്വാസകോശ രോഗങ്ങളോ ത്വക്രോഗങ്ങളോ വന്ന് അഞ്ച് ദിവസത്തിനിടെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ എന്ന കണക്കില്‍ ആളുകള്‍ മരിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മാന്‍ഹോളല്ല ഇനി വേണ്ടത് റോബോഹോള്‍

തോട്ടിപ്പണി രാജ്യത്ത് നിന്നും പൂര്‍ണമായി ഇല്ലാതാക്കുകയാണ് ജെന്‍ റോബോട്ടിക്സിന്റെ ലക്ഷ്യം. നിലവില്‍ പതിനൊന്നോളം സംസ്ഥാനങ്ങളില്‍ ജെന്‍ റോബോട്ടിക്സിന്റെ ബാന്‍ഡികൂട്ട് എന്ന മാന്‍ഹോള്‍ ശുചീകരണ റോബോട്ടിന്റെ സേവനം ലഭ്യമാണ്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ബാന്‍ഡികൂട്ടുകളെ രംഗത്ത് ഇറക്കി മനുഷ്യാധ്വാനം ലഘൂകരിക്കുകയും അപകടങ്ങള്‍ ഇല്ലാതാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ ശുചീകരണ ജോലി ഏറ്റെടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ ബാന്‍ഡികൂട്ടിന്റെ കടന്നുവരവോടെ ജോലി ഇല്ലാതാകുന്നവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരെ റോബോട്ടിന്റെ ഓപ്പറേറ്റര്‍ ആയി നിയമിക്കുകയെന്ന പരിഹാര നിര്‍ദ്ദേശവും ജെന്‍ റോബോട്ടിക്സ് മുന്നോട്ടുവെക്കുന്നു. അതിനുവേണ്ടി, ആര്‍ക്കും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലുള്ള ലളിതമായ ഡിസൈനിലാണ് ബാന്‍ഡികൂട്ടിന് രൂപം നല്‍കിയിരിക്കുന്നത്.

2018ല്‍ ബാന്‍ഡികൂട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയതിന് ശേഷം പതിനൊന്നോളം സംസ്ഥാന സര്‍ക്കാരുകളുമായും ഇരുപതോളം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമായും ജെന്‍ റോബോട്ടിക്സ് സഹകരിക്കുന്നുണ്ട്. കേവലം അമ്പത് കിലോഗ്രാം മാത്രം ഭാരമുള്ള ബാന്‍ഡികൂട്ടിന് മാന്‍ഹോളുകളുടെ അടപ്പ് തുറന്ന് അതിനകത്ത് ഇറങ്ങി യന്ത്രക്കൈ കൊണ്ട് മാലിന്യം എടുത്ത് ബക്കറ്റില്‍ നിക്ഷേപിക്കാന്‍ സാധിക്കും. ഒരു ബാന്‍ഡികൂട്ടിന് ഏതാണ്ട് 39 ലക്ഷത്തിനടുത്താണ് വില. ഓപ്പറേറ്റര്‍മാര്‍ക്കുള്ള പരിശീലനവും അറ്റക്കുറ്റപ്പണികളും, ടാക്സ് അടക്കമുള്ള മറ്റ് ചിലവുകളും ഇതില്‍ ഉള്‍പ്പെടും. ഒരു ദിവസം പത്ത് മാന്‍ഹോള്‍ വരെ ക്ലീന്‍ ചെയ്യാന്‍ ഒരു ബാന്‍ഡികൂട്ടിന് സാധിക്കും.

ഉടന്‍ തന്നെ വിദേശ വിപണികളിലേക്കും

നിക്ഷേപ സമാഹരണത്തിലൂടെ ലഭിച്ച തുകയുടെ ഭൂരിഭാഗവും മാലിന്യ നിര്‍മാര്‍ജന രംഗത്ത് റോബോട്ടുകള്‍ക്കുള്ള പങ്ക് വിപുലപ്പെടുത്തുന്നതിന് വേണ്ടി ഉപ
യോഗപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതിയെന്ന് വിമല്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ റോബോട്ടുകളെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇതെക്കുറിച്ച് വേണ്ടത്ര അറിവില്ല. അതിനാല്‍ തന്നെ അത്തരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ക്കറ്റിംഗ് ക്യാംപെയിനുകള്‍ക്കും വേണ്ടി നിശ്ചിത തുക മാറ്റിവെക്കും. പുതിയ പ്രോഡക്ടുകളുടെ വികസനം, ആരോഗ്യമടക്കമുള്ള മേഖലകളില്‍ റോബോട്ടിക് സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനെ കുറിച്ചുള്ള ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍, വിദേശ വിപണികളിലേക്കുള്ള ഉല്‍പ്പന്ന കയറ്റുമതി എന്നിവയും നിക്ഷേപസമാഹരണത്തിലൂടെ ജെന്‍ റോബോട്ടിക്സ് ലക്ഷ്യമിടുന്നുണ്ട്.

സമൂഹത്തിന് പ്രയോജനമാകുന്ന റോബോട്ടുകള്‍ നിര്‍മിക്കുക ലക്ഷ്യം

മാന്‍ഹോള്‍ ശുചീകരണ റോബോട്ടിന് പുറമേ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കസ്റ്റമൈസ്ഡ് റോബോട്ടുകളും ജെന്‍ റോബോട്ടിക്സ് നിര്‍മിച്ച് നല്‍കുന്നുണ്ട്. പ്രധാനമായും സുരക്ഷ, ആരോഗ്യം, ശുചീകരണം എന്നീ മേഖലകളില്‍ മനുഷ്യാധ്വാനം കുറയ്ക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള റോബോട്ടിക് സൊലൂഷനുകളിലാണ് കമ്പനിയുടെ ശ്രദ്ധ. സമൂഹത്തിന് വെല്ലുവിളിയാകുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് റോബോട്ടിക്സിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് വിമല്‍ പറയുന്നു. ആരോഗ്യ പരിപാലന മേഖലയ്ക്കായുള്ള മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ റോബോട്ടുകള്‍, എണ്ണ,വാതക വ്യവസായങ്ങള്‍ക്ക് ആവശ്യമായ റോബോട്ടുകള്‍ തുടങ്ങിയവയിലും ജെന്‍ റോബോട്ടിക്സ് പ്രവര്‍ത്തിക്കുന്നുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിപൂര്‍ണ പിന്തുണ

തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരങ്ങള്‍ നേടാന്‍ സാധിച്ചത് ജെന്‍ റോബോട്ടിക്സിന്റെ നേട്ടമാണ്. കേന്ദ്രസര്‍ക്കാരിന്റെ ബെസ്റ്റ് ക്യാംപെസ് ഇനീഷ്യേറ്റീവ് പുരസ്‌കാരം, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അവാര്‍ഡ് അടക്കം പല അംഗീകാരങ്ങളും കമ്പനിയെ തേടിയെത്തിയിട്ടുണ്ട്. മാനുവല്‍ സ്‌കാവന്‍ജിംഗിന് ബദലായുള്ള നിലവിലെ ഏറ്റവും മികച്ച സംവിധാനമെന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അംഗീകാരവും ജെന്‍ റോബോട്ടിക്സിന്റെ ബാന്‍ഡികൂട്ട് കരസ്ഥമാക്കിയിട്ടുണ്ട്. സ്ഥാപകരായ നാലുപേര്‍ക്ക് പുറമേ ജലീഷ്, എം അഫ്സല്‍, സുജോദ് അടക്കം എട്ടുപേരാണ് നിലവില്‍ ജെന്‍ റോബോട്ടിക്സിന്റെ കോര്‍ടീം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top