Auto

മഹീന്ദ്ര ഥാര്‍: പുനര്‍ജന്മത്തില്‍ ഇരട്ടി ശൗര്യം

ഒരു കറതീര്‍ന്ന ഓഫ് റോഡ് വാഹനത്തില്‍ നിന്നും തികഞ്ഞ ലൈഫ് സ്‌റ്റൈല്‍ വെഹിക്കിളിലേക്കുള്ള ദൂരം മഹീന്ദ്ര ഥാര്‍ താണ്ടിയതെങ്ങനെ ? വായിക്കാം…

വാഹനപ്രേമികള്‍ കാലങ്ങളായി കാത്തിരുന്ന വാഹനങ്ങളില്‍ ഒന്നാണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍. വര്‍ഷങ്ങള്‍ നീണ്ട ടെസ്റ്റിങ്ങിനും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ഇക്കഴിഞ്ഞ ആഗസ്ത് 15ന് ആണ് പുതിയ ഥാര്‍ വെളിച്ചം കണ്ടത്. ഒക്ടോബര്‍ രണ്ടാം തിയതി ഔദ്യോഗികമായി വിപണിയിലെത്തിയ ഈ വാഹനത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്…

Advertisement

ചരിത്രം

ഥാറിന്റെ വേരുകളുള്ളത് രണ്ടാം ലോകമഹായുദ്ധകാലത്തെ വില്ലീസ് ജീപ്പിലാണ്. വില്ലീസില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് സിജെ 40യും മേജറും ഥാറുമൊക്കെ. 2010ല്‍ ആയിരുന്നു ഥാര്‍ എന്ന പേരില്‍ ആദ്യ മോഡല്‍ എത്തുന്നത്. തന്റെ പൂര്‍വ്വികരെ പോലെ തന്നെ ഒരു തികഞ്ഞ ഓഫ് റോഡ് യൂട്ടിലിറ്റി വാഹനമായിരുന്നു ആദ്യ തലമുറ ഥാര്‍. 2015ല്‍ ഈ വാഹനത്തിന് മോശമല്ലാത്ത ഒരു ഫേസ്ലിഫ്റ്റും ലഭിക്കുകയുണ്ടായി. എന്നാല്‍ ഇപ്പറഞ്ഞവയില്‍ നിന്നെല്ലാം എല്ലാ അര്‍ത്ഥത്തിലും കാതങ്ങള്‍ മുന്നിലാണ് ഏറ്റവും പുതിയ ഥാര്‍.

എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത ട്രിമ്മുകളിലാണ് പുത്തന്‍ ഥാര്‍ എത്തുക. എഎക്‌സ് എന്നത് അഡ്വെഞ്ചര്‍ പ്രേമികള്‍ക്കായുള്ളതാണ്. ഫിക്‌സഡ് സോഫ്റ്റ് ടോപ്പ്, ഹാര്‍ഡ് ടോപ്പ്, മാനുവല്‍ ഗിയര്‍ബോക്‌സ്, സ്റ്റീല്‍ വീലുകള്‍ എന്നിങ്ങനെ ഒരു തട്ടുപൊളിപ്പന്‍ ഓഫ് റോഡറിനു വേണ്ട എല്ലാ ചേരുവകകളും ഉണ്ട് ഇതില്‍. എല്‍എക്‌സ് ആവട്ടെ ഥാറിനെ ലൈഫ്സ്‌റ്റൈല്‍ വാഹനമായി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്മെന്റ് സിസ്റ്റവും കണ്‍വെര്‍ട്ടിബിള്‍ സോഫ്റ്റ് ടോപ്പും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും അടക്കം ഇന്നത്തെ യുവതലമുറയ്ക്കു വേണ്ടതെല്ലാം എല്‍ എക്‌സ് ശ്രേണിയില്‍ ഉണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, ഫാക്ടറി ഫിറ്റഡ് ആയ ഹാര്‍ഡ് ടോപ്പ്, പെട്രോള്‍ എന്‍ഞ്ഞിന്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഥാറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നു പറയാം.

ഡിസൈന്‍

ജീപ്പ് എന്ന അമേരിക്കന്‍ ബ്രാന്‍ഡിലുള്ള തന്റെ വേരുകള്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് പുത്തന്‍ ഥാറിന്റെ ഡിസൈനില്‍. ജീപ്പിന്റെ ഒരു പ്രമുഖ മോഡലിന്റെ അനുജന്‍ ആണെന്നു തോന്നും ഥാറിനെ കണ്ടാല്‍. എന്നാല്‍ ഈ ചായ്വ് ഒഴിച്ചു നിര്‍ത്തി പഴയ ഥാറുമായാണ് താരതമ്യമെങ്കില്‍ തകര്‍ക്കും. അളവുകളില്‍ അടക്കം മാറ്റങ്ങളാണ്.വീല്‍ബേസിലും ട്രാക്കിലും വര്‍ദ്ധനവുള്ളതിനാല്‍ നീളവും വീതിയും കൂടിയിട്ടുണ്ട്. എന്നാല്‍ ഉയരമാവട്ടെ പഴയ വാഹനത്തില്‍ നിന്നും അല്പം കുറയുകയാണുണ്ടായത്.

ആകെ രൂപത്തിലെ മാറ്റങ്ങള്‍ മൂലം രണ്ടാം തലമുറ ഥാറിന്റെ ഓഫ്റോഡ് ക്ഷമതകളും മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനു പ്രധാന കാരണങ്ങളായി പറയാവുന്നത് വര്‍ദ്ധിച്ച അപ്പ്രോച്ച്, ഡിപ്പാര്‍ച്ചര്‍, റാമ്പ് ഓവര്‍ ആംഗിളുകളാണ്. പുതിയ ഥാറില്‍ ഇവ യഥാക്രമം 42,37,27 ഡിഗ്രികളാണ്. മാത്രമല്ല 650 മില്ലിമീറ്ററോളം വാട്ടര്‍ വേഡിംഗ് ഡെപ്തുമുണ്ട് ഈ വാഹനത്തിന്. ആകെ രൂപം പുതു തലമുറ ജീപ്പ് റാംഗ്‌ളറിനെ ഓര്‍മ്മിപ്പിക്കും. 7 സ്ലോട്ട് ഗ്രില്ലും വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകളും ബോണറ്റ് ലാച്ചുകളുമൊക്കെ ജീപ്പിന്റെ ഡിസൈന്‍ ഭാഷയാണ്. 226 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സോടെ 18 ഇഞ്ച് അലോയ് വീലുകളില്‍ ഉയര്‍ന്നു നില്ക്കുന്ന വാഹനത്തിന്റെ വശക്കാച്ച മനോഹരമാണ്. സിയറ്റിന്റെ ഓള്‍ ടെറേയ്ന്‍ ടയറുകളാണ് പുത്തന്‍ ഥാറിനുള്ളത്. എല്‍ഇഡി എലമെന്റുകളോടു കൂടിയ ടെയില്‍ ലാമ്പും പുട്ടിനു പീര പോലെ വാഹനത്തില്‍ ഉടനീളമുള്ള ”ഥാര്‍” ബാഡ്ജിങ്ങുകളുമൊക്കെയാണ് മറ്റു ഡിസൈന്‍ സവിശേഷതകള്‍.

ക്യാബിന്‍

വളരെ പ്രസന്നമായ അനുഭവം സമ്മാനിക്കുന്നതാണ് പുത്തന്‍ ഥാറിന്റെ ക്യാബിന്‍. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുതലാണെന്നതും ഉപയോഗിച്ചിരിക്കുന്നതത്രയും മികച്ച നിലവാരമുള്ള പ്ലാസ്റ്റിക്കുകളാണെന്നതും സ്വാഗതാര്‍ഹമാണ്. കറുപ്പാണ് ഉള്ളിലെ നിറം. സെന്റര്‍ കണ്‍സോളിലെ വലിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റവും റൂഫില്‍ മൗണ്ട് ചെയ്തിരിക്കുന്ന സ്പീക്കറുകളും അടക്കം വാട്ടര്‍ പ്രൂഫ് ആണ്. അതുകൊണ്ട് തന്നെ ഓഫ് റോഡ് യാത്രകള്‍ക്കു ശേഷം വാഹനം വൃത്തിയാക്കുക തെല്ലും ക്ലേശകരമാവില്ല.

മികച്ച ടച്ച് റെസ്‌പോന്‍സും ലളിതമായ ഇന്റര്‍ഫേസുമാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിനുള്ളത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. വലുതും മികച്ച സപ്പോര്‍ട്ടേകുന്നവയുമാണ് മുന്‍സീറ്റുകള്‍.ഥാര്‍ ഒരു 3 ഡോര്‍ വാഹനമാണെന്നത് നമുക്ക് അറിവുള്ളതാണ്. എന്നാല്‍ പുത്തന്‍ മോഡലില്‍ പിന്നിലെ ജമ്പ് സീറ്റുകള്‍ക്കു പകരം മുന്നോട്ട് ഫേസ് ചെയ്തിരിക്കുന്ന സീറ്റുകളാണുള്ളത്. അതുകൊണ്ട് തന്നെ മുന്‍ സീറ്റ് മടക്കി വേണം പിന്നിലേക്ക് പ്രവേശിക്കുവാന്‍. എന്നാല്‍ ഇത് പലരും പറയുന്നത്രയും ക്ലേശകരമല്ല എന്നതാണ് വാസ്തവം. മാത്രമല്ല, ഹാര്‍ഡ് ടോപ്പിനു വളരെ വലിയ ഒരു ഗ്ലാസ് ഏരിയ ഉള്ളതിനാല്‍ പിന്നിലെ യാത്രക്കാര്‍ക്ക് ഒട്ടും ഇടുക്കം അനുഭവപ്പെടില്ല. എന്നാല്‍ പിന്‍സീറ്റുകള്‍ക്ക് തൈ സപ്പോര്‍ട്ട് നന്നേ കുറവാണ്. ലഗേജ് സ്‌പേസിന്റെ കാര്യത്തിലാണ് പിന്നെ കുറ്റം പറയാവുന്നത്. എന്നാല്‍ പിന്‍സീറ്റുകള്‍ 50:50 അനുപാതത്തില്‍ മടക്കി ഇതിനു ഒരു പരിധി വരെ പരിഹാരം കണ്ടെത്താം.

ഡ്രൈവ്

രണ്ട് എന്‍ജിനുകളാണ് പുത്തന്‍ ഥാറിനുള്ളത്് – 2.2 ലിറ്റര്‍ എം ഹോക്ക് 132 ഡീസലും 2.0 ലിറ്റര്‍ എം സ്റ്റാലിയണ്‍ പെട്രോളും. ഇതില്‍ ഡിസല്‍ മോഡലില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉള്ളത്. കൂടാതെ ഒരു 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ബോക്‌സ് കൂടി മഹീന്ദ്ര നല്കുന്നുണ്ട്. 2.2 എം ഹോക്ക് എന്‍ജിന്‍ സ്‌കോര്‍പ്പിയോയില്‍ നിന്നും കടം കൊണ്ടതാണ്. നല്ല ടോര്‍ക്കി ആയ എന്‍ജിനാണിത്. 2000 ആര്‍ പി എമ്മിനുശേഷം ടോര്‍ക്കിന്റെ ശക്തമായ ഒരു പ്രവാഹം തന്നെയുണ്ട്. റിഫൈന്മെന്റ് ആണ് മറ്റൊരു പ്രധാന കാര്യം. കാര്യമായ ശബ്ദമോ വിറയലോ ഒന്നുമില്ല, തീര്‍ത്തും സ്മൂത്ത്! ളോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസോടുകൂടിയ 4 വീല്‍ ഡ്രൈവ് സിസ്റ്റം പുതിയ ഥാറിലും സ്റ്റാന്‍ഡേര്‍ഡാണ്.

യാത്രാസുഖം

രണ്ടാം തലമുറയില്‍ അടിമുടി മെച്ചപ്പെട്ടിരിക്കുന്ന മറ്റൊരു കാര്യം ഥാറിലെ യാത്രാസുഖമാണ്. ലീഫ് സ്പ്രിംഗ് സസ്‌പെന്‍ഷന്‍ ആയിരുന്നു പഴയ ഥാറിന്റെ പിന്‍ ആക്‌സിലിനുണ്ടായിരുന്നത്. എന്നാല്‍ പുത്തന്‍ വാഹനത്തില്‍ ഇതു മാറി കോയില്‍ സ്പ്രിങ്ങുകളോടുകൂടിയ മള്‍ട്ടി ലിങ്ക് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രാസുഖം വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

വില
ഥാറിന്റെ വില തുടങ്ങുന്നത് 9.85 ലക്ഷത്തിലാണ്. നമ്മല്‍ ഓടിച്ച എല്‍ എക്‌സ് 4 സീറ്റര്‍ ഡീസല്‍ മാനുവല്‍ ഹാര്‍ഡ് ടോപ്പ് മോഡലിനു 12.95 ലക്ഷമാണ് എക്‌സ് ഷോറൂം വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top