കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക ബിരിയാണിമണക്കുന്ന ഒരു കാറ്റിന്റെ ഓര്‍മയാണ്. സ്‌നേഹം സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ രൂപത്തില്‍ വിളമ്പുന്ന കോഴിക്കോടിന്റെ മണ്ണില്‍ അതേ നാണയത്തില്‍ സംരംഭകത്വത്തിന്റെയും സൗഹൃദത്തിന്റെയും വിത്ത് പാകിയിരിക്കുകയാണ് നാല് സുഹൃത്തുക്കളുടെ കന്നി സംരംഭമായ എന്‍എഫ് ഡി കഫേ.
കോഴിക്കോടുകാരുടെ ഖല്‍ബ് നിറച്ച് സ്നേഹമാണ്. ആ സ്‌നേഹം പങ്കുവയ്ക്കാന്‍ അവര്‍ ചെയ്യുന്നത് നല്ല ഭക്ഷണം വിളമ്പുക എന്നതാണ്. ഈ തിരിച്ചറിവാണ് ‘നതര്‍ ഫൈന്‍ ഡേ’ അഥവാ എന്‍എഫ്ഡി കഫേയുടെ പിറവിക്ക് കാരണം.
സംരംഭകത്വത്തെക്കുറിച്ച് യാതൊരു മുന്‍ ധാരണകളും ഇല്ലാതിരുന്നിട്ടും നാല് സുഹൃത്തുക്കള്‍ അവരുടെ ആത്മവിശ്വാസംകൊണ്ടുമാത്രം പ്രതിസന്ധികളെ അതിജീവിച്ചു വിജയിച്ച കഥ കൂടി പറയാനുണ്ട് എന്‍എഫ്ഡി കഫേയ്ക്ക്. എഞ്ചിനീയറിംഗ് കഴിഞ്ഞ് നല്ല ശമ്പളത്തില്‍ ജോലിക്ക് കയറിയിട്ടും സ്വന്തം നാടിനോടും ഭക്ഷണത്തോടുമുള്ള പ്രണയമാണ് ഇവരെ ഈ മേഖലയിലെത്തിച്ചത്.

എന്‍എഫ്ഡി അഥവാ സൗഹൃദങ്ങളുടെ ഇടം
കോഴിക്കോട് മെഡിക്കല്‍ കോളേജിനു തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന കഫേ അലക്സ് പ്രേം, അബിന്‍ എന്‍.വി., ബെന്നി എം.കെ., രാജേഷ് എന്‍.എസ്. എന്നിവരുടെ സൗഹൃദത്തില്‍ നിന്നാണ് ഉടലെടുത്തത്. തങ്ങളുടെ സൗഹൃദമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംരംഭം ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് സംരംഭകരിലൊരാളായ അലക്സ് പ്രേം. ‘ഞങ്ങള്‍ക്ക് പരസ്പരമുള്ള വിശ്വാസവും ധാരണയുമാണ് ഈ രംഗത്ത് ഒരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും വിജയിക്കാന്‍ കഴിഞ്ഞത്. പക്ഷേ സംരംഭവും സൗഹൃദവും രണ്ടായി കാണാന്‍ കഴിയണം.’ അലക്സ് പറയുന്നു.
ഭക്ഷണത്തോടുമുള്ള പ്രണയമാണ് ഇവരെ ഈ മേഖലയിലെത്തിച്ചത്
നാട്ടില്‍ റബ്ബര്‍ എസ്റ്റേറ്റ് നോക്കി നടത്തിയിരുന്ന രാജേഷ് ഒഴികെ മറ്റ് മൂന്ന്പേരും എഞ്ചിനീയറിംഗ് കഴിഞ്ഞ് പല സ്ഥലങ്ങളിലായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് തന്നെ നില്‍ക്കേണ്ട ആവശ്യങ്ങളുണ്ടായപ്പോള്‍ എല്ലാവരും തിരികെ നാട്ടില്‍വന്ന് സ്വന്തമായി എന്ത് ചെയ്യാം എന്നായിരുന്നു ആലോചിച്ചത്. ചക്ക കയറ്റുമതി മുതല്‍ സോളാര്‍ വരെ പലതും തലയിലുദിച്ചു. അതിനായി പല യാത്രകള്‍ നടത്തി. അവസാനം കസ്തൂരി തിരഞ്ഞു നടന്ന മാനിനെപോലെയാണ് തങ്ങള്‍ എന്നു മനസ്സിലാക്കി. നല്ല ഭക്ഷണത്തെ സ്നേഹിക്കുന്ന കോഴിക്കോടുകാര്‍ക്ക് അതിലും നല്ലതായി മറ്റെന്ത് നല്‍കാന്‍! നല്ല ഭക്ഷണം വിളമ്പിയാല്‍ വിജയം പിറകേ വരുമെന്ന് മനസ്സിലാക്കിയാണ് ഇവര്‍ മറ്റ് ജോലികളെല്ലാം ഉപേക്ഷിച്ച് മുഴുവന്‍ സമയവും സംരംഭത്തിനായി നീക്കിവച്ചത്. ബാങ്കുദ്യോഗസ്ഥനായ ബെന്നി മാത്രമാണ് സംരംഭത്തോടൊപ്പം ജോലിയും തുടരാന്‍ തീരുമാനിച്ചത്.

പ്രതീക്ഷയും പ്രതിസന്ധിയും
സംരംഭത്തെക്കുറിച്ച് അറിവില്ലാതിരുന്നിട്ടും തങ്ങളുടെ സൗഹൃദവും വീട്ടുകാരുടെ പിന്തുണയുമാണ് എപ്പോഴും കരുത്തായതെന്ന് നാല് പേരും ഒരേ സ്വരത്തില്‍ പറയുന്നു. കൈമുതലായുണ്ടായിരുന്ന കുറച്ച് സമ്പാദ്യവും ബാക്കി ബാങ്കില്‍ നിന്നെടുത്ത വായ്പയും വച്ച് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു. കഫേ വിജയിക്കണമെങ്കില്‍ തിരക്കുള്ള സ്ഥലം നിര്ണായകമാണെന്ന് മനസ്സിലാക്കിയാണ് മെഡിക്കല്‍ കോളേജിന്റെ അടുത്ത് തുടങ്ങാന്‍ തീരുമാനിച്ചത്.

”കെട്ടിടം കണ്ടെത്താനും മറ്റും കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു. അലക്സാണ് എക്ട്രാ ഇന്റീരിയര്‍ ജോലികള്‍ ചെയ്തത്. എന്നാല്‍ ഇന്റീരിയര്‍ ജോലികള്‍ കഴിഞ്ഞ് പിന്നെയും ഒന്‍പതു മാസത്തോളം കാത്തിരിക്കേണ്ടിവന്നു വെള്ളവും വൈദ്യുതിയും ലഭിക്കാന്‍. എങ്കിലും തീരുമാനത്തില്‍നിന്നു പിന്നോട്ടുപോയില്ല” ബെന്നി പറയുന്നു. എന്തെങ്കിലും വ്യത്യസ്തമയി വിളമ്പണം എന്ന് ആദ്യമേ ഉണ്ടായിരുന്നു. നല്ല ഭക്ഷണം കഴിച്ചുമാത്രം പരിചയമുള്ള ഞങ്ങള്‍ക്ക് മഹാരാഷ്ട്രക്കാരനായ ഷെഫിനെ കണ്ടുപിടിക്കല്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടു ദിവസമായപ്പോഴാണ് അടുക്കളയുടെ പോരായ്മ തിരിച്ചറിഞ്ഞത്. ഷെഫിനും ചെറിയ അടുക്കളയില്‍ പെരുമാറാന്‍ ബുദ്ധിമുട്ടായിരുന്നു.
അടുത്തഘട്ടം പരീക്ഷണങ്ങള്‍ അവിടെ തുടങ്ങി, അലക്സ് തുടര്‍ന്നു. 2018 സെപ്തംബറിലാണ് കഫേ പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കം മുതല്‍ നല്ല ഉപഭോക്താക്കളെ കിട്ടി. കഫേ തുടങ്ങി 10 ദിവസമായപ്പോള്‍ ഒരു ദിവസം രാവിലെ ഒന്നുംപറയാതെ ഷെഫ് ഇറങ്ങിപോയി. അപ്പോളും പകച്ചുനില്‍ക്കാനല്ല മുന്നോട്ട് എങ്ങനെപോകാം എന്നുമാത്രമാണ് ചിന്തിച്ചത്. അന്നുമുതല്‍ സംരംഭകരിലൊരാളായ രാജേഷാണ് പ്രധാന ഷെഫ്. കഫേയുടെ തുടക്കംമുതല്‍ പാചകവും നോക്കി പഠിച്ച രാജേഷ് പതിയെ മറ്റ് സുഹൃത്തുക്കളെയും എല്ലാ വിഭവങ്ങളും തയ്യാറാക്കാന്‍ പഠിപ്പിച്ചു.
മറ്റൊരാളെ ആശ്രയിക്കുന്നതിനേക്കാള്‍ സ്വന്തമായി എല്ലാം അറിഞ്ഞിരിക്കണമെന്ന ദൃഢനിശ്ചയമായിരുന്നു ഇവരുടെ പ്രേരകശക്തി. എട്ടു സ്റ്റാഫുകള്‍ വേറെയുണ്ടെങ്കിലും പാചകം മുതല്‍ വൃത്തിയാക്കല്‍ വരെ എല്ലാം മടികൂടാതെ ചെയ്യാന്‍ ഈ നാല്വര്‍ സംഘം തയ്യാറാണ്. പണം മുടക്കുന്നതുകൊണ്ടു മാത്രം സംരംഭം വിജയിപ്പിക്കാന്‍ കഴിയില്ല, ഏതു ജോലിയും ചെയ്യാനുള്ള മനസ്സുകൂടി വേണമെന്ന് തങ്ങളുടെ അനുഭവം തന്നെ അവരെ പഠിപ്പിച്ചു. നമ്മുടെ സമയവും മനസ്സും പൂര്‍ണമായി സംരംഭത്തിനു കൊടുക്കാന്‍ തയ്യാറാകുക എന്നതാണ് സംരംഭത്തിലെ ആദ്യ പാഠമെന്നും ആരും പറയാതെ പഠിച്ചെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

പുതിയ പരീക്ഷണങ്ങള്‍ പുതിയ ആശയങ്ങള്‍
മെഡിക്കല്‍ കോളേജിന്റെ അടുത്തായതുകൊണ്ടുതന്നെ ഡോക്ടര്‍മാരും കോളേജ് വിദ്യാര്‍ത്ഥികളുമാണ് കഫേയിലെത്തുന്നവരില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ നിപയും കൊവിഡുമെല്ലാം ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെങ്കിലും ഓണ്‍ലൈന്‍ ഡെലിവറിയും മറ്റുമായി സംരംഭം മുന്നോട്ടുകൊണ്ടുപോവുകയാണ്. സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോടു നഗരത്തില്‍ തന്നെ മറ്റൊരു ഓണ്‍ലൈന്‍ കിച്ചണ്‍ സംവിധാനം കൂടി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഏത് പ്രതിസന്ധി വന്നാലും അതില്‍നിന്ന് ഇവര്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു.
കാലം മാറുന്നതിനനുസരിച്ച് രീതികളും മാറ്റി ക്ലൗഡ് കിച്ചണ്‍ തുടങ്ങിയ പുതിയ ആശയങ്ങളിലൂന്നി മുന്നോട്ട് പോകാനാണ് ഇവരുടെ പദ്ധതി. നിപയെയും മറ്റ് പ്രതിസന്ധികളെയും അതിജീവിച്ച പോലെ ഈ കൊവിഡ് മഹാമാരിയെയും അതിജീവിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് ഈ യുവസംരംഭകര്‍.
ഈ രംഗത്ത് ഒരു മുന്‍പരിചയവും ഇല്ലാത്ത ഇവരുടെ വിജയത്തിനു പിന്നിലെ രഹസ്യം കൃത്യമായ പ്ലാനിംഗും മാര്‍ക്കറ്റ് റിസേര്‍ച്ചുമാണ്. ഏതു സംരംഭവും ആരംഭിക്കുന്നതിനു മുന്‍പ് അതിനു യോജിക്കുന്ന സ്ഥലത്താണോ തുടങ്ങുന്നതെന്നും അവിടെയത് എത്രത്തോളം ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും മറ്റുമുള്ള സാധ്യതാ പഠനം നടത്തിയിരുന്നു.
അതോടൊപ്പം സംരംഭം എങ്ങനെ വേറിട്ടതാകാം, ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എങ്ങനെ എത്തിക്കാം എന്നതെല്ലാം പലകുറി ചര്‍ച്ച ചെയ്തുറപ്പിച്ചിരുന്നു. ഇതെല്ലം തന്നെ ഒരു സംരംഭം നടത്തുമ്പോള്‍ ഏറെ പ്രധാനമാണെന്ന് അലക്സ് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. തങ്ങളുടെ സമയവും അധ്വാനവും നല്‍കി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ ഏതൊരു സംരംഭവും വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് ഈ സുഹൃത്തുക്കള്‍ നല്‍കുന്ന സന്ദേശം.
