Agri

ചെടികളെ കുറിച്ച് പറഞ്ഞ് യുട്യൂബറായി, ഇതാ നമ്മുടെ ബൊട്ടാണിക്കല്‍ വുമണ്‍

കുട്ടിക്കാലം മുതല്‍ക്കേ ചെടികളുമായി ചങ്ങാത്തം കൂടിയിരുന്ന ഷിഫ ലോക്ക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാനാണ് പൂന്തോട്ട പരിപാലന വിശേഷങ്ങള്‍ പങ്കുവെക്കാനായി ബൊട്ടാണിക്കല്‍ വുമണെന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്

പുതിയ പല പാഠങ്ങളുമായാണ് കോവിഡ്-19 നമുക്കിടയിലേക്ക് എത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് പലരുടെയും വരുമാന മാര്‍ഗം വെള്ളത്തിലായപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ കുറേപ്പേര്‍ക്ക് മുമ്പില്‍ പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറന്നു. കാഴ്ചക്കാരെ പിടിച്ചിരുത്തിയ വ്‌ളോഗര്‍മാരും യുട്യൂബര്‍മാരും കീശ വീര്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്താടാ വിജയാ നമുക്കീ ബുദ്ധി നേരത്തേ തോന്നാതിരുന്നതെന്ന് പലരും ചോദിച്ചു തുടങ്ങിയത്. വെറുമൊരു തമാശയ്ക്കും നേരംപോക്കിനുമെല്ലാം ചാനല്‍ തുടങ്ങിയവരെ തേടി യുട്യൂബില്‍ നിന്ന് വരുമാനം എത്തിത്തുടങ്ങിയതോടെ ഇതൊരു ഫുള്‍ടൈം പ്രൊഫഷനാക്കിയവരും നിരവധിയാണ്. മലപ്പുറത്തുകാരി ഷിഫ മറിയത്തിന് പറയാനുള്ളതും യുട്യൂബിലൂടെ ഹോബി വരുമാനമാര്‍ഗമായി മാറിയ കഥയാണ്.

Advertisement

ഷിഫ മറിയം

പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ഉദ്യാന ഗവേഷണത്തിലേക്ക്

കുട്ടിക്കാലം മുതല്‍ക്കേ ചെടികളുമായി ചങ്ങാത്തം കൂടിയിരുന്ന ഷിഫ ലോക്ക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാനാണ് പൂന്തോട്ട പരിപാലന വിശേഷങ്ങള്‍ പങ്കുവെക്കാനായി ബൊട്ടാണിക്കല്‍ വുമണെന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്. പൂന്തോട്ടത്തിലെ പലവിധ ചെടികളെ കുറിച്ചും അവ പരിപാലിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം പറഞ്ഞാണ് ഷിഫ യുട്യൂബില്‍ അരങ്ങേറ്റം കുറിച്ചത്.

കൂട്ടുകാരും ബന്ധുക്കളുമെങ്കിലും കാണുമല്ലോ എന്ന ചിന്തയിലായിരുന്നു ആദ്യ വീഡിയോകള്‍ ഇറക്കിയത്. പക്ഷേ പുതിയ വീഡിയോകള്‍ക്കൊപ്പം കാഴ്ചക്കാരുടെ എണ്ണവും കൂടിവന്നു. പത്താമത്തെ വീഡിയോ വൈറലായി. ലോക്ക്ഡൗണിനിടയ്ക്ക് കിട്ടിയ ഒഴിവുസമയങ്ങള്‍ ഉമ്മറവും അകത്തളങ്ങളും പച്ച നിറയ്ക്കാനിറങ്ങിത്തിരിച്ച ‘ന്യൂ പ്ലാന്റ് പാരന്റ്‌സി’ന് ഷിഫ പകര്‍ന്ന കുഞ്ഞറിവുകള്‍ ഉപകാരമായി. അങ്ങനെ ബൊട്ടാണിക്കല്‍ വുമണെന്ന ഷിഫയുടെ ചാനലിന് കാഴ്ചക്കാരേറിത്തുടങ്ങി. വീഡിയോകളുടെ സ്വീകാര്യത കൂടിയതോടെ ഷിഫയും സീരിയസായി. അങ്ങനെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് കഴിഞ്ഞ് ഗവേഷണത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന ഷിഫ ഉദ്യാന പരിപാലനത്തെ കുറിച്ച് ഗവേഷണമാരംഭിച്ചു.

വീഡിയോ ചിത്രീകരണത്തിന് മുമ്പ് പറയേണ്ട കാര്യങ്ങളെ കുറിച്ച് കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി. ചെടികളുടെ ശാസ്ത്രനാമങ്ങളും പരിപാലന രീതിയുമെല്ലാം വിശദമായി പഠിച്ചു. കാഴ്ചക്കാര്‍ക്ക് മനസിലാവും വിധം സമയം വലിച്ചുനീട്ടാതെ മികവോടെ അവ അവതരിപ്പിച്ചു. ദൃശ്യങ്ങളുടെ ക്വാളിറ്റിയും മികച്ച എഡിറ്റിംഗും ഉറപ്പുവരുത്താന്‍ സഹോദരനെയും കൂട്ടുപിടിച്ചു. അങ്ങനെ എല്ലാ ചേരുവകളും ഒത്തുവന്നപ്പോള്‍ രണ്ടുമാസം കൊണ്ട് ആയിരം സബ്‌സ്‌ക്രൈബേഴ്‌സ്, നാലായിരം മണിക്കൂറിലധികം കാഴ്ചസമയമെന്ന മാനദണ്ഡം പാലിച്ച ബൊട്ടാണിക്കല്‍ വുമണിന് യുട്യൂബ് വരുമാനവും നല്‍കിത്തുടങ്ങി.

ഉദ്യാന പരിപാലനം A-Z

ഉദ്യാന പരിപാലനത്തിന്റെ ഭാഗമായ സര്‍വ്വകാര്യങ്ങളും വിഷയമാക്കുന്ന ബൊട്ടാണിക്കല്‍ വുമണിന് ഇന്ന് രണ്ട് ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. കേവലം ഒരു വര്‍ഷം കൊണ്ട് നൂറിനടുത്ത് വീഡിയോകളാണ് ഷിഫ ചെയ്തിരിക്കുന്നത്.

കൃത്യമായ ഇടവേളകളില്‍ വീഡിയോ പുറത്തിറക്കുകയെന്നത് കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതില്‍ പ്രധാനമാണെന്ന് ഷിഫ പറയുന്നു. വീഡിയോകളുടെ ദൈര്‍ഘ്യമാണ് മറ്റൊരു പ്രധാനകാര്യം. പരമാവധി പത്ത് മിനിട്ടുള്ള വീഡിയോകളോടാണ് കാഴ്ചക്കാര്‍ക്ക് താല്‍പ്പര്യം. ആ സമയത്തിനുള്ളില്‍ കാര്യങ്ങള്‍ ആറ്റിക്കുറക്കി അവതരിപ്പിക്കുന്നതിലാണ് ഒരു യുട്യൂബറിന്റെ വിജയം. ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ മനോഹരവും ഹരിതാഭവുമായ പൂന്തോട്ടം നിര്‍മ്മിക്കുന്നതിനുള്ള ടിപ്‌സും ഉപദേശങ്ങളുമാണ് ബൊട്ടാണിക്കല്‍ വുമണിന്റെ വിജയമന്ത്രം.

വളരെ കുറച്ച് പരിചരണം മാത്രം ആവശ്യമുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍, വെളിച്ചം കുറഞ്ഞ സ്ഥലത്ത് വളര്‍ത്താവുന്ന ചെടികള്‍, വീടുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അഞ്ച് മരുന്ന് ചെടികള്‍, തൂക്കുചെടികള്‍, തന്നോടൊപ്പം വളര്‍ന്ന മരങ്ങള്‍ തുടങ്ങി ചെടികളെ കുറിച്ച് നാനാകാര്യങ്ങള്‍ക്കൊപ്പം കുറഞ്ഞ ചിലവിലുള്ള താമരക്കുളം, പൊട്ടിയ ചട്ടികള്‍ കൊണ്ട് ഉണ്ടാക്കാവുന്ന ഫെയറി ഗാര്‍ഡന്‍, പൂച്ചട്ടിക്കുള്ളില്‍ മറ്റൊരു ഗാര്‍ഡന്‍, ചായക്കോപ്പയിലെ താഴ്‌വാരം, മുള കൊണ്ട് വെള്ളച്ചാട്ടം, ജീവനുള്ള ഡ്രീംകാച്ചര്‍,സ്‌പൈറല്‍ ഹാന്‍ഗിംഗ് ഗാര്‍ഡന്‍, പൂച്ചെടികള്‍ നിറഞ്ഞ അക്വേറിയം, സ്ഥലപരിമിതിയുള്ളവര്‍ക്കായുള്ള ലാന്‍ഡ്‌സ്‌കേപ്പിംഗ് തുടങ്ങി ഷിഫയുടെ സ്വന്തം ഗാര്‍ഡനിംഗ് ഐഡിയകളും ബൊട്ടാണിക്കല്‍ വുമണ്‍ വിഷയമാക്കിയിട്ടുണ്ട്.

വല്ലഭന് പുല്ലും ആയുധമെന്ന പോലെ ചിരട്ടയിലും ചാക്കിലും ഷിഫ പച്ചപ്പ് നിറച്ചു.വീട്ടില്‍ തന്നെ ലഭ്യമായ, ഉപയോഗശൂന്യമായ വസ്തുക്കളിലൂടെ പൂന്തോട്ടം കൂടുതല്‍ മനോഹരമാക്കുന്നതിനുള്ള ഷിഫ ടിപ്‌സ് കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഇടയ്‌ക്കൊക്കെ വീട്ടിലെ വിശേഷങ്ങളും, യാത്രാവിശേഷങ്ങളും, ഷിഫ കാഴ്ച്ചക്കാരുമായി പങ്കുവെക്കാറുണ്ട്. ഉദ്യാന വിശേഷങ്ങള്‍ക്ക് പുറമേ അടക്കളത്തോട്ടം ഒരുക്കുന്നതിനെ കുറിച്ചും, വിവിധ വിത്തുകള്‍ മുളപ്പിക്കേണ്ട രീതിയെ കുറിച്ചുമെല്ലാമുള്ള കാര്യങ്ങള്‍ ഷിഫ തന്റെ വീഡിയോകളില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്.

കാഴ്ചക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഷിഫ സമയം കണ്ടെത്താറുണ്ട്. തന്റെ ഗാര്‍ഡനിലെ ചെടികള്‍ക്ക് ആവശ്യക്കാരെത്തിയതോടെ ചെറിയൊരു നഴ്‌സറി ഒരുക്കാനും ഉദ്യാന പരിപാലനത്തെ കുറിച്ചുള്ള തന്റെ അറിവുകള്‍ പങ്കുവെക്കാന്‍ ബൊട്ടാണിക്കല്‍ വുമണെന്ന പേരില്‍ ഒരു ജേണല്‍ ഇറക്കാനും ഷിഫ ആലോചിക്കുന്നുണ്ട്.

സാധ്യതകള്‍ പ്രയോജനപ്പെടുത്തും

തങ്ങളുടെ അഭിരുചികള്‍ വരുമാനമാക്കി മാറ്റാന്‍ നിരവധി സാധ്യതകള്‍ ഉള്ള കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. പരമ്പരാഗത തൊഴിലുകള്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളില്‍ ഇന്ന് കാണുന്ന പല ജോലികളും റോബോട്ടുകള്‍ ഏറ്റെടുക്കും. അപ്പോഴും നമുക്കുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നില്ല. തൊഴിലിനെ കുറിച്ചും വരുമാനമാര്‍ഗത്തെ കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടാകണമെന്ന് മാത്രം. കൊച്ചുകുട്ടികള്‍ മുതല്‍ എണ്‍പതും തൊണ്ണൂറും വയസായ മുത്തശ്ശിമാര്‍ വരെ യുട്യൂബിലൂടെ പണമുണ്ടാക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്.

ഭക്ഷണപ്രിയര്‍ ഫുഡ് വ്‌ളോഗിംഗും യാത്രാപ്രേമികള്‍ ട്രാവല്‍ വ്‌ളോഗിംഗിലൂടെയും വണ്ടിക്കമ്പക്കാര്‍ വെഹിക്കിള്‍ റിവ്യൂസിലൂടെയും കാശുണ്ടാക്കുന്നു. ലോകത്തെ മുഴുവന്‍ ഒരു കുടക്കീഴിലാക്കിക്കൊണ്ട് ഇന്റെര്‍നെറ്റ് നമുക്ക് മീതെ നില്‍ക്കുമ്പോള്‍ സാധ്യതകളുടെ സാഗരമാണ് മുമ്പില്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന സര്‍ക്കാര്‍ ജോലികള്‍ക്കും മറ്റുമായി ജീവിതത്തിന്റെ വലിയൊരു ഭാഗം നീക്കിവെക്കുന്നവര്‍ക്ക് തങ്ങളുടെ ഹോബികളും അഭിരുചികളും പോക്കറ്റ്മണിയാക്കാനുള്ള അവസരങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കാം. ഒരുപക്ഷേ ലഭിക്കുന്ന വരുമാനത്തേക്കാളേറെ മനസിന് സന്തോഷം നല്‍കുന്ന കാര്യം ചെയ്യുന്നുവെന്ന ചാരിതാര്‍ത്ഥ്യം കൈമുതലാക്കാന്‍ അങ്ങനെ നിങ്ങള്‍ക്ക് സാധിച്ചേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top