ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‌പോര്‍ട്‌സ്, മൊബൈല്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ മൊബൈല്‍ പ്രീമിയര്‍ ലീഗ് (എംപിഎല്‍) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെയും കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെയും പ്രധാന സ്‌പോണ്‍സര്‍മാരാകും.
ഇ-സ്‌പോര്‍ട്‌സ്, ഗെയിമിംഗ് രംഗത്ത് പുതുമ തേടുന്ന യുവാക്കള്‍ നേതൃത്വം നല്കുന്നതും അതിവേഗം വളരാന്‍ ഏറെ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ് കമ്പനിയായ എംപിഎല്ലുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് നൈറ്റ് റൈഡേഴ്‌സ് സിഇഒയും എംഡിയുമായ വെങ്കി മൈസൂര്‍ പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സുമായും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സുമായും ഉള്ള പങ്കാളിത്തം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനും പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിനുമുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാകുന്നത് ഏറെ ആവേശം നല്കുന്നതാണെന്ന് എംപിഎല്‍ ഗ്രോത്ത് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അഭിഷേക് മാധവന്‍ പറഞ്ഞു. മികച്ച കളിക്കാരും വിജയിക്കാനായി മത്സരിക്കുന്ന ടീമുമാണ് അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ബ്രാന്‍ഡിനെ കൂടുതല്‍ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കാന്‍ സഹായിക്കുന്ന പങ്കാളിത്തമാണിത്. മൂന്നുതവണ കരീബിയന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പ് നേടിയ ഏറ്റവും ശക്തരായ ടീമുകളിലൊന്നായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സുമായുള്ള പങ്കാളിത്തം എംപിഎല്ലിനെ അന്താരാഷ്ട്ര കായികരംഗത്തേയ്ക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ട്രിനിഡാഡില്‍ ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 10-നാണ് അവസാനിക്കുന്നത്. മൂന്നു തവണ ചാംപ്യന്‍മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും മറ്റ് അഞ്ച് ടീമുകളും പങ്കെടുക്കും.
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8 വരെ യുഎഇയിലാണ് ഐപിഎല്‍ സംഘടിപ്പിക്കുന്നത്. രണ്ടുതവണ ചാംപ്യന്മാരായ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സും മറ്റ് ഏഴു ടീമുകളുമാണ് പങ്കെടുക്കുന്നത്.