Opinion

എന്തുകൊണ്ടാണ് നിങ്ങള്‍ ബീറ്റയിലാകേണ്ടത്, ഇതാ 10 കാരണങ്ങള്‍

മനുഷ്യന്‍ ഒരു ബീറ്റ ഉല്‍പ്പന്നമാണെന്നാണല്ലോ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞത്. ഇത്തവണ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മനുഷ്യന്‍ എന്തുകൊണ്ടാണ് ഒരു ‘ഇവോള്‍വിംഗ്’ പ്രതിഭാസമാണെന്ന് പറയുന്നത്. അതിനുള്ള 10 കാരണങ്ങള്‍ ഇതാ…

അപ്പോള്‍ സ്ഥിരമായി നമ്മള്‍ ബീറ്റയിലാണെന്ന് സാരം. ബീറ്റ എന്താണെന്നു വിശദമായി നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. നിരവധി കാരണങ്ങളുണ്ട് ബീറ്റ ഉല്‍പ്പന്നമാണെന്ന് മനുഷ്യനെന്ന് പറയാന്‍. അതില്‍ പത്തെണ്ണം ചുരുക്കി പറയാം.

Advertisement

  1. മുരടിപ്പിനേക്കാളും നല്ലത് വളര്‍ച്ചയല്ലേ?

ജീവിതത്തില്‍ വളര്‍ച്ചയും പുരോഗതിയും വേണമെന്നാണ് നമ്മള്‍ ആഗ്രഹിക്കേണ്ടത്. അതിന് എത്ര ബുദ്ധിമുട്ടിയാലും വേദന അനുഭവിക്കേണ്ടി വന്നാലും സാരമില്ല. കാരണം മുരടിച്ച് നില്‍ക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണല്ലോ, കഷ്ടപ്പെട്ടാണെങ്കിലും മുന്നേറുന്നത്. ബോറിങ്ങും ബോറടിക്കുന്ന അവസ്ഥയിലേക്കെത്തിക്കരുത്. ഇഷ്ടപ്പെടുന്ന കാര്യമാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ അത് മഹത്തരമാണ്. എന്നാല്‍ അതില്‍ ഇനിയും മെച്ചപ്പെടാനില്ലേ? ഉണ്ട്. ജോലിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ മികവ് പുലര്‍ത്തണ്ടേ? ബന്ധങ്ങളില്‍ കൂടുതല്‍ ഊഷ്മളത കൈവരിക്കേണ്ടേ? കംഫര്‍ട്ട് സോണിന് പുറത്തുകിടന്ന് വളര്‍ച്ച അടുത്ത തലത്തിലെത്തിക്കുന്നതിന് നിങ്ങളുടെ നൈപുണ്യം മികവുറ്റതാക്കേണ്ടേ? അടിസ്ഥാനപരമായ ഒരു കഴിവും ഇല്ലാത്തയാളുകളെ സംബന്ധിച്ചിടത്തോളം, പഠനം എന്നത് ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമാണ്. നിങ്ങള്‍ ചെയ്യുന്നത് എന്തുതന്നെയാണെങ്കിലും അതില്‍ വളര്‍ച്ച വേണമെങ്കില്‍ പഠനത്തോട് വേണ്ടത് തുറന്ന സമീപനമാണ്. പഠനമില്ലാതെ വളര്‍ച്ചയില്ല,
പുരോഗതിയുമില്ല. ആ തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. അതിനാല്‍ ബീറ്റ ഉല്‍പ്പന്നങ്ങളെ പോലെ കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്ന തോന്നല്‍ എപ്പോഴും ഉള്ളിലുണ്ടാകേണ്ടതുണ്ട്.

  1. വിജയമെന്ന അപ്രവചനീയ അവസ്ഥ

ഏറ്റവും വിജയിച്ച, വലിയ കമ്പനികള്‍ പെട്ടെന്ന് തകരുന്നതിന്റെ വാര്‍ത്തകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണത് സംഭവിക്കുന്നത്. തങ്ങളുടെ വിജയത്തിന്റെ കംഫര്‍ട്ടില്‍ അവരിരിക്കുന്നതുകൊണ്ടാണ്. മാറ്റം വരുന്നത് അവര്‍ കാണുന്നില്ല. ഇത് ഏത് വ്യക്തിക്കും സംഭവിക്കും, നിങ്ങള്‍ക്കും സംഭവിക്കും. പഠനമെന്നത് ഒരു ലൈഫ്‌ലോംഗ് പ്രക്രിയയാക്കണം, എന്നിട്ട് സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതവിജയവും കുമിള പോലെയാകും. മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുക, പുതിയ കാര്യങ്ങള്‍ പഠിച്ച്. അല്ലെങ്കില്‍ പുറകിലേക്ക് പോകുന്നത് പെട്ടെന്നായിരിക്കും.

  1. യഥാര്‍ത്ഥ സാധ്യതകളുടെ തിരിച്ചറിയല്‍

നിങ്ങളുടെ യഥാര്‍ത്ഥ ശേഷി, അല്ലെങ്കില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അവിടെ എത്തിപ്പെട്ടില്ലെങ്കില്‍ പിന്നെ എന്താണ് കാര്യം. ജീവിതത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്ന് അറിയുകയെന്നത് വളരെ കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന ആഡംബരമാണ്. ഇവിടെയാണ് പഠനത്തിന്റെ പ്രസക്തി. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയുമെങ്കിലും ഇല്ലെങ്കിലും സ്ഥിരതയോടെ പുതിയ കാര്യങ്ങള്‍ പഠിക്കണം. അപ്പോള്‍ മാത്രമേ നിങ്ങളുടെ ശേഷി തിരിച്ചറിയാന്‍ സാധിക്കൂ.

  1. മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാന്‍

വയസാകുന്തോറും നിങ്ങളുടെ തലച്ചോറിനും മനസിനും കൂടുതല്‍ വ്യായാമം നല്‍കുക. അതിനെ എന്തെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡ് ആക്കിയിരിക്കുക.
പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും. മാനസികമായും ശാരീരികമാ
യും അതനുഭവപ്പെടും. പുതിയ കാര്യങ്ങള്‍ പഠിക്കുക, പുതിയ ആളുകളെ പരിചയപ്പെടുക എന്നതെല്ലാം അതിന്റെ ഭാഗമാണ്.

പഠനത്തോടുള്ള വിമുഖത മാറ്റി നിര്‍ത്താനും പുതിയ ശീലങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരാനും അതിലൂടെ സാധിക്കും. നല്ല ശീലങ്ങളിലൂടെ നിങ്ങള്‍ക്കൊരു സൂപ്പര്‍ഹ്യൂമന്‍ വരെയാകാം. ഇന്നത്തെ കാലത്ത് ആരോഗ്യത്തോടെയിരിക്കുകയെന്നത് തന്നെ വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ അത് നിങ്ങളുടെ അസ്വസ്ഥകള്‍ കാരണം മാത്രമാണ്. ജോലി സമ്മര്‍ദം, ജങ്ക് ഫുഡ്, പ്രമേഹം തുടങ്ങിയവയെല്ലാം സാധാരണമായിത്തീര്‍ന്നിരിക്കുന്നു. വളര്‍ച്ചയുടെ ഒരു പുതിയ ചിന്താഗതിയിലൂടെ മാത്രമേ ഇതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ സാധിക്കൂ.

  1. പുതിയ സാധ്യതകളുടെ പാസ്‌പോര്‍ട്ട്

പലതലങ്ങളിലുള്ള വിഭവശേഷിയും വിവരങ്ങളും നിങ്ങള്‍ക്കിന്ന് ലഭ്യമാണ്. മുന്‍കാലങ്ങളില്‍ ജീവിച്ചവര്‍ക്ക് അതുണ്ടായിരുന്നില്ല. ഇന്റര്‍നെറ്റിനോടും പുതിയ മറ്റ് സാങ്കേതികവിദ്യകളോടും നന്ദി പറയാം അതിന്. ഒരേ കാര്യം ചെയ്ത് ഒരേ സ്ഥലത്തു തന്നെ പതിറ്റാണ്ടുകളോളം ഇരിക്കേണ്ട യാതൊരുവിധ സാഹചര്യവും ഇന്നില്ല. നിങ്ങള്‍ക്ക് അഭിനിവേശം നല്‍കുന്ന കാര്യങ്ങളെ പിന്തുടരാന്‍ ഇന്ന് വളരെ എളുപ്പമാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച് സ്വതന്ത്രമായി തന്നെ ഇന്ന് നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. നിങ്ങളുടെ ഉല്‍പ്പന്നത്തിന് ഒരു വിപണി കണ്ടെത്തുകയെന്നത് മറ്റെന്നത്തേക്കാളും ഇപ്പോള്‍ എളുപ്പവുമാണ്. പുതിയതായി പഠിച്ചെടുത്ത നൈപുണ്യങ്ങളും അറിവും ഏത് തലത്തിലേക്ക് വേണമെങ്കിലും എത്താന്‍ നിങ്ങളെ സഹായിക്കും.

  1. ആഗോളതലത്തില്‍ ചിന്തിക്കുക, വേരുകള്‍ മറക്കാതിരിക്കുക

പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കയാണ് നമ്മളെല്ലാവരും. ലോകം മുവുവനും അങ്ങനെയാണ്, ഇന്റര്‍കണക്റ്റഡ് സംവിധാനത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതി
നാല്‍ തന്നെ ഒരു ആഗോള പൗരനായി മാറുക, അതേസമയം തദ്ദേശീയമായി ചിന്തിക്കുകയും ചെയ്യുക. വേരുകള്‍ എപ്പോഴും സ്വന്തം നാട്ടിലായിരിക്കണം. ചിന്തകള്‍ക്ക് പരിധിയുണ്ടാകാനും പാടില്ല. നിങ്ങളുടെ നഗരവും ഗ്രാമവുമെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലോകത്തെ ബാധിക്കുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ തിരിച്ചും.

  1. വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശേഷി

ലോകത്തെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനുള്ള ആളൊന്നുമല്ല നിങ്ങള്‍. അതിന് സാധ്യമല്ല താനും. എങ്കിലും അത്തരത്തിലുള്ള ചില പ്രശ്‌നങ്ങളും വെല്ലുവിളികളും നിങ്ങളെയും ബാധിക്കും, എന്നെയും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിന്റെ പ്രഭാവം നമ്മളില്‍ അനുഭവപ്പെടും. കാലാവസ്ഥ വ്യതിയാനവും കുടിവെള്ളക്ഷാമവും മുതല്‍ സാര്‍വത്രിക വിദ്യാഭ്യാസവും മഹാരോഗങ്ങളും വരെ അതില്‍ പെടും. ഇത് നമ്മുടെ ജീവിതത്തെ നിര്‍വചിക്കുന്നതിലും പങ്കുവഹിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. പ്രശ്‌നത്തിന്റെ ഭാഗമായി നില്‍ക്കാതിരിക്കാന്‍ നോക്കുക. മറിച്ച് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാകുക. അതിന് നിങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടി വരും. നിങ്ങള്‍ പഠിച്ചത് മറ്റുള്ളവര്‍ക്ക് പറഞ്ഞ് നല്‍കേണ്ടിയും വരും. അതിന് ശ്രമിക്കുക.

  1. മറ്റുള്ളവരെ പഠിപ്പിക്കുക

സ്‌കൂളില്‍ പഠിപ്പിക്കുന്നതിനായി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ടീച്ചറാകണമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോളെജിലോ യൂണിവേഴ്‌സിറ്റിയിലോ ലക്ച്ചറാകണമെന്നുമല്ല. ടീച്ചിംഗ് അല്ലെങ്കില്‍ അധ്യാപനം എന്നത് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ പരിമിതപ്പെടുന്ന കര്‍മമല്ല. വിദ്യാഭ്യാസ യോഗ്യതകള്‍ നേടി ഔപചാരിക ടീച്ചറായവരുടെ മാത്രം കടമയുമല്ല അധ്യാപനം എന്നത്. നമുക്കെല്ലാവര്‍ക്കും തന്ന ടീച്ചര്‍മാരാകാവുന്നതാണ്. നേതൃത്വഗുണത്തിന്റെ ഭാഗം കൂടിയാണ് ടീച്ചിംഗ്. നമുക്കെല്ലാവര്‍ക്കും നല്ല ലീഡര്‍മാരുമാകാം. മറ്റുള്ളവര്‍ക്ക് സഹായകമാകുന്ന പല തരത്തിലുള്ള അറിവും അനുഭവങ്ങളും നിങ്ങളുടെയുള്ളിലുണ്ട്. പാചകമോ, കണക്കോ, കായികമോ, സംഗീതമോ എല്ലാമാകാം അത്. മറ്റുള്ളവരിലേക്കും അത് പകരുക.

  1. വേണം പൗരബോധം, സാമൂഹ്യ പങ്കാളിത്തവും

നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ജനാധിപത്യ സംവിധാനത്തില്‍ ജീവിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഗുണങ്ങള്‍ നിലനിര്‍ത്താന്‍ നമ്മള്‍ സ്ഥിരതയോടെ ആ പ്രക്രിയയുടെ ഭാഗമാകേണ്ടതുമുണ്ട്. മുന്നില്‍ കാണുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നതിലൂടെയാകാം അത്. എന്നാല്‍ അതിന് നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കേണ്ടത് അനിവാര്യമാണ്. എപ്പോഴും പരാതി മാത്രം പറഞ്ഞിരിക്കുന്നതില്‍ കാര്യമില്ല.

  1. സ്വയം ആര്‍ജിക്കുന്ന അറിവ് അമൂല്യം

ആന്തരികമായി, നിങ്ങള്‍ സ്വയം ആര്‍ജിക്കുന്ന അറിവാണ് ഏറ്റവും പ്രധാനം. നിങ്ങള്‍ നിങ്ങളെ തന്നെ അറിയുക. അതിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല. സ്വയം തിരിച്ചറിയുകയെന്നത് ഒരു ദീര്‍ഘകാല, ജീവിതാവസാനം വരെ നീളുന്ന, മുഴുനീള പ്രക്രിയയാണ്. ബാക്കിയെല്ലാം ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ ജ്ഞാനത്തെ, അല്ലെങ്കില്‍ നിപുണതയെയാണ്. സ്വയം അറിവാര്‍ജിക്കുകയെന്ന പ്രക്രിയ പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങള്‍ ആരാണെന്നുള്ള സ്വയം തിരിച്ചറിവ്, നിങ്ങളുടെ ചിന്തകള്‍, സ്വയം വിമര്‍ശനങ്ങള്‍ തുടങ്ങി അനേകം കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരും. നിങ്ങളില്‍ തന്നെ ധ്യാനനിമഗ്നാകുക, അതിനപ്പുറമുള്ള മറ്റൊന്നുമില്ല. നിങ്ങളാണ് ജീവിക്കേണ്ടതും, മാറ്റങ്ങള്‍ വരുത്തേണ്ടതും, ആ തെരഞ്ഞെടുപ്പാണ് ഓരോരുത്തരും നടത്തേണ്ടത്.

(പ്രമുഖ സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോയുടെ സ്ഥാപകനും സിഇഒയുമാണ് ലേഖകന്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top