കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ പോഡ്കാസ്റ്റ് സ്റ്റാര്‍ട്ടപ്പായ സ്റ്റോറിയോ കൂടുതല്‍ വിപുലീകരണ പദ്ധതികള്‍ക്ക് തയാറെടുക്കുന്നു. നിലവില്‍ ഓഡിയോ കണ്ടന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റോറിയോ ഭാവിയില്‍ വിഡിയോ കണ്ടന്റ് മേഖലയിലേക്കും പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്.
യുവസംരംഭകന്‍ രാഹുല്‍ നായരാണ് ലോകത്തെ ആദ്യ മ്യൂസിക് ഇതര പോഡ്കാസ്റ്റ് മാര്‍ക്കറ്റ് പ്ലേസായ സ്റ്റോറിയോയ്ക്ക് തുടക്കമിട്ടത്. ഓഡിയോ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും വില്‍ക്കാനും കേള്‍ക്കാനുമെല്ലാം സാധിക്കുന്ന സമഗ്ര പ്ലാറ്റ്ഫോം എന്ന നിലയിലാണ് അദ്ദേഹം സ്റ്റോറിയോയെ വളര്‍ത്തിക്കൊണ്ടുവരുന്നത്.
ഡിജിറ്റല്‍ മാധ്യമരംത്തെ ആലിബാബയാകാന്‍ തയാറെടുക്കുകയാണ് തങ്ങളെന്നാണ് രാഹുല്‍ നായര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ നിക്ഷേപം സമാഹരിക്കാനും വിപുലീകരണ പദ്ധതികള്‍ നടപ്പാക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
സ്റ്റോറിയോ സ്റ്റുഡിയോസ് വിഭാഗത്തിന് കീഴിലാണ് ഇപ്പോള്‍ ഉന്നത നിലവാരമുള്ള പോഡ്കാസ്റ്റ് കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. വിഡിയോ കണ്ടന്റിലേക്കും ടെക്സ്റ്റിലേക്കുമെല്ലാം പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് രാഹുല്‍ നായര്‍ വ്യക്തമാക്കി.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് പോഡ്കാസ്റ്റ് ആപ്പായ സ്റ്റോറിയോ ലക്ഷക്കണക്കിന് ഉപയോക്താക്കളെ സ്വന്തമാക്കിയത്. നിലവില്‍ മലയാളം ഭാഷയിലാണ് എക്സ്‌ക്ലുസിവ് കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. വൈകാതെ ഇത് മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കും. അറബിക് ഭാഷയില്‍ പോഡ്കാസ്റ്റ് തുടങ്ങി ഗള്‍ഫ് വിപണിയിലേക്ക് ചുവട് വയ്ക്കാനും സ്റ്റോറിയോ തയാറെടുക്കുകയാണ്.